ഇന്ത്യയുടെ ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയിൽ മോശം ബാറ്റിംഗ് പ്രകടനം തന്നെയായിരുന്നു ശിഖർ ധവാൻ കാഴ്ചവെച്ചത്. മൂന്ന് മത്സരങ്ങൾ ഇന്ത്യക്കായി കളിച്ച ധവാൻ 18 റൺസാണ് പരമ്പരയിൽ നേടിയത്. ഇതിനുശേഷം ധവാന്റെ ഏകദിന ടീമിലെ സ്ഥാനം സംബന്ധിച്ച് ഒരുപാട് ചർച്ചകളും ഉയർന്നിട്ടുണ്ട്. ഇനിയും ഇന്ത്യ ധവാനേ തങ്ങളുടെ ടീമിൽ ഉൾപ്പെടുത്തേണ്ടതുണ്ടോ എന്ന കാര്യത്തിൽ സംസാരിക്കുകയാണ് മുൻ ഇന്ത്യൻ താരം സാബാകരീം. ഇന്ത്യയ്ക്ക് 275-300 റൺസാണ് മത്സരത്തിൽ വേണ്ടതെങ്കിൽ മാത്രം ശിഖർ ധവാനെ ടീമിൽ ഉൾപ്പെടുത്തുന്നത് ഉത്തമമെന്നാണ് സാബാ കരീം പറയുന്നത്.
“ടീം മാനേജ്മെന്റിന്റെ തീരുമാനമാണ് പ്രധാനം. ധവാൻ ഏത് രീതിയിൽ കളിക്കണമെന്ന് അവർ തന്നെ തീരുമാനിക്കേണ്ടതുണ്ട്. ഒരു 275-300 റൺസാണ് തങ്ങളുടെ ടീമിന് ആവശ്യമെന്ന് ടീം മാനേജ്മെന്റിന് തോന്നുകയാണെങ്കിൽ ടീമിൽ ധവാനെ ഉൾപ്പെടുത്താൻ സാധിക്കും. എന്തെന്നാൽ അത്തരം സാഹചര്യങ്ങൾക്ക് പറ്റിയ കളിക്കാരനാണ് ശിഖർ ധവാൻ.”- കരീം പറയുന്നു.
ഒപ്പം ഇന്ത്യ 325 നു മുകളിലുള്ള സ്കോറാണ് ലക്ഷ്യം വയ്ക്കുന്നതെങ്കിൽ ശിഖർ ധവാനെ ടീമിൽ ഉൾപ്പെടുത്തിയിട്ട് കാര്യമില്ലയെന്നും കരീം പറയുന്നു. “ബംഗ്ലാദേശിനെതിരായ പരമ്പരയിൽ റൺസ് കണ്ടെത്താൻ ധവാന് സാധിച്ചിട്ടില്ല. എന്നിരുന്നാലും വീണ്ടും ധവാന് അവസരം നൽകി, 275- 300 റൺസാണ് നമ്മുടെ ലക്ഷ്യമെന്ന് പറഞ്ഞാൽ 2023 ലോകകപ്പ് വരെ ധവാൻ കളിക്കും. പക്ഷേ 325-350 റൺസാണ് നമുക്ക് ഏകദിനങ്ങളിൽ ആവശ്യമെങ്കിൽ ധവാന് ടീമിൽ സ്ഥാനമില്ല.”- സാബാ കരീം കൂട്ടിച്ചേർക്കുന്നു.
തന്റെ കരിയറിന്റെ തുടക്കത്തിൽ മികച്ച സ്ട്രൈക്ക് റേറ്റിൽ കളിച്ചിരുന്ന ക്രിക്കറ്ററായിരുന്നു ധവാൻ. എന്നാൽ പതിയെ ധവാന്റെ സ്ട്രൈക്ക് റേറ്റ് താഴോട്ട് പോകുന്നതാണ് കാണാൻ സാധിച്ചത്. 2023 ലോകകപ്പ് ഇന്ത്യയിൽ നടക്കുന്നതിനാൽ തന്നെ ബാറ്റിംഗ് വലിയ പ്രാധാന്യമുണ്ടാകും. ഈ സാഹചര്യത്തിൽ ധവാന്റെ ഈ മെല്ലെപോക്ക് ടീമിന് ഗുണം ചെയ്യില്ല.