ഓസ്ട്രേലിയക്കെതിരായ ആദ്യ മത്സരത്തിൽ ഇന്ത്യൻ ബോളിംഗ് നിരയുടെ ഒരു തിരിച്ചുവരവ് തന്നെയായിരുന്നു കണ്ടത്. കഴിഞ്ഞ മത്സരങ്ങളിലൊക്കെയും മോശം പ്രകടനങ്ങൾ പുറത്തെടുത്ത ഇന്ത്യൻ ബോളിങ്ങിനെ എഴുതിത്തള്ളിയവർക്കുള്ള മറുപടി കൂടിയാണ് മത്സരത്തിൽ ലഭിച്ചത്. ഈ വിജയത്തിൽ പ്രധാന പങ്കു വഹിച്ചത് അവസാന ഓവറെറിഞ്ഞ മുഹമ്മദ് ഷാമി തന്നെയായിരുന്നു. ഈ പ്രകടനത്തിൽ മുഹമ്മദ് ഷാമിക്ക് പ്രശംസ അറിയിക്കുകയാണ് മുൻ ഇന്ത്യൻ തരം സാബാ കരീം. ഒപ്പം ഇന്ത്യ തങ്ങളുടെ ബോളിംഗ് കുറച്ചുകൂടി ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയെപ്പറ്റിയും കരീം പറയുന്നു.
ന്യൂസിലാൻഡിനെതിരായ ഇന്ത്യയുടെ രണ്ടാം സന്നാഹമത്സരത്തിൽ മുഹമ്മദ് ഷാമി കുറഞ്ഞത് മൂന്ന് ഓവറുകളെങ്കിലും എറിയണം എന്ന കാഴ്ചപ്പാടാണ് കരീമിനുള്ളത്. “ന്യൂസിലാൻഡിനെതിരെ വരാനിരിക്കുന്ന സന്നഹമത്സരത്തിൽ നമ്മൾ ബോളിങ്ങിൽ കുറച്ചുകൂടി ശ്രദ്ധിക്കേണ്ടതുണ്ട്. എനിക്ക് തോന്നുന്നു മത്സരത്തിൽ കുറഞ്ഞത് മൂന്ന് ഓവറകളെങ്കിലും ഷാമി ബോൾ ചെയ്യണമെന്ന്. ന്യൂ ബോളിൽ അയാൾക്ക് ഒരു രണ്ട് ഓവറുകൾ നൽകിയാൽ ഇന്ത്യയ്ക്ക് അത് ഒരുപാട് ഗുണം ചെയ്യും.”- കരീം പറയുന്നു.
ഇതോടൊപ്പം അവസാന ഓവറുകളിൽ യോർക്കർ എറിയാനുള്ള ഷാമിയുടെ കഴിവിനെപ്പറ്റിയും കരീം സംസാരിക്കുകയുണ്ടായി. “മുഹമ്മദ് ഷാമി തന്റെ യോർക്കറുകളിൽ വളരെയധികം വിശ്വാസമർപ്പിക്കുന്നുണ്ട്. എനിക്ക് തോന്നുന്നത് അവസാന ഓവറുകളിൽ ഷാമി യോർക്കറുകൾ തന്നെ എറിയാൻ ശ്രമിക്കുമെന്നാണ്. മറ്റു ബോളുകൾക്കൊന്നും അയാൾ ശ്രമിക്കില്ല. അത് തന്നെയാണ് നാം ചെയ്യേണ്ടത്. നമ്മൾ നമ്മുടെ ശക്തിയിൽ തന്നെ ഉറച്ചുനിൽക്കണം.”- കരീം കൂട്ടിച്ചേർക്കുന്നു.
ഏഷ്യാകപ്പിൽ വളരെ മോശം ബോളിംഗ് പ്രകടനങ്ങൾ തന്നെയായിരുന്നു ഇന്ത്യൻ ടീം കാഴ്ചവച്ചിരുന്നത്. ശേഷവും ഇന്ത്യയുടെ ബോളിംഗ് മികച്ചതായിരുന്നില്ല. എന്നാൽ ഷാമി വന്നതോടെ ഇന്ത്യ ബോളിങ്ങിൽ കുറച്ചധികം സ്ഥിരത കൈവരിക്കാൻ സാധ്യതയുണ്ട്.