സിംബാബ്‌വെയ്ക്കെതിരെ ഞെട്ടിക്കുന്ന പരാജയം തന്നെയാണ് പാക്കിസ്ഥാന് നേരിടേണ്ടിവന്നത്. മത്സരത്തിൽ ഒരു റണ്ണിനായിരുന്നു പാകിസ്ഥാൻ പരാജയമറിഞ്ഞത്. ഈ പരാജയത്തോടെ പാകിസ്ഥാന്റെ സെമിഫൈനൽ സാധ്യതകൾക്കും മങ്ങലേറ്റിട്ടുണ്ട്. ഇതിന് പിന്നാലെ പാക്കിസ്ഥാൻ ടീമിനെതിരെയും ക്യാപ്റ്റൻ ബാബർ ആസാമിനെതിരെയും രൂക്ഷ വിമർശനങ്ങളുമായി എത്തിയിരിക്കുകയാണ് മുൻ പാക്ക് ക്രിക്കറ്റർ ശുഐബ് അക്തർ.
ബാബറിന്റെ ക്യാപ്റ്റൻസി വലിയ രീതിയിൽ പരാജയമാണെന്നാണ് ശുഐബ് അക്തർ പറയുന്നത്. ഷഹീൻ അഫ്രീദിയുടെ ഫിറ്റ്നസിന്റെ കാര്യത്തിലും അക്തർ തന്റെ ആശങ്ക അറിയിച്ചു. “എന്തുകൊണ്ടാണ് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് കാര്യങ്ങൾ മനസ്സിലാക്കാത്തത് എന്നെനിക്കറിയില്ല. ഞാൻ ഇക്കാര്യം മുൻപും പറഞ്ഞിട്ടുണ്ട്. പാക്കിസ്ഥാന്റെ മുൻനിരക്കും മധ്യനിരയ്ക്കും മത്സരങ്ങൾ വിജയിപ്പിക്കാനാവും. പക്ഷേ സ്ഥിരതയോടെ വിജയിപ്പിക്കാൻ സാധിക്കില്ല. പാക്കിസ്ഥാനുള്ളത് ഒരു മോശം ക്യാപ്റ്റനാണ്. അവർ ലോകകപ്പിൽ നിന്ന് ഉടൻ പുറത്താവും. നവാസ് അവസാന ഓവർ ബോളറിഞ്ഞ മൂന്നു മത്സരങ്ങളിലും പാകിസ്ഥാൻ പരാജയപ്പെട്ടു.”- അക്തർ പറയുന്നു.
“ബാബർ മൂന്നാമനായി ഇറങ്ങണം. ഷാഹിൻ അഫ്രീദിയുടെ ഫിറ്റ്നസ് വലിയ പ്രശ്നമാണ്. ക്യാപ്റ്റൻസിയും പ്രശ്നമാണ്. മാനേജ്മെന്റും പ്രശ്നമാണ്. ഞങ്ങൾ നിങ്ങൾക്ക് പിന്തുണ നൽകാം. പക്ഷേ നിങ്ങൾ ഏതുതരം ക്രിക്കറ്റാണ് കളിക്കുന്നത്? വെറുതെ ഒരു ടൂർണമെന്റിലേക്ക് വന്ന് എതിർ ടീം നിങ്ങളെ വിജയിക്കാൻ സമ്മതിക്കുമെന്ന് കരുതരുത്.”- അക്തർ കൂട്ടിച്ചേർക്കുന്നു.
അക്തർ പറഞ്ഞ പല കാര്യങ്ങളും സത്യം തന്നെയായിരുന്നു. ഇന്ത്യക്കെതിരെ കണ്ടതും പാകിസ്ഥാൻ ബാറ്റിംഗ് നിരയുടെ സ്ഥിരതയില്ലായ്മ തന്നെയാണ്. ഒപ്പം അവസാന ഓവർ സ്പിന്നർ നവാസിനെ ഏൽപ്പിക്കാനുള്ള ക്യാപ്റ്റൻ ബാബര്‍ ആസാമിന്റെ മോശം തീരുമാനവും. എന്തായാലും വരും മത്സരങ്ങളിൽ പാകിസ്ഥാൻ മികച്ച പ്രകടനം നടത്തുമെന്ന് പ്രതീക്ഷിക്കാം.