പാകിസ്ഥാൻ ടീമിന്റെ കുറച്ചധികം കാലങ്ങളിലെ പ്രധാന ബോളറാണ് ഷാഹിൻ അഫ്രീദി. മികച്ച പേസിൽ ബോളറിയുന്ന അഫ്രീദി ലോകക്രിക്കറ്റിലെ ബാറ്റർമാർക്ക് ഭീഷണി തന്നെയാണ്. എന്നാൽ പരിക്കുമൂലം ഷാഹിൻ അഫ്രീദിയ്ക്ക് പാകിസ്ഥാന്റെ ഏഷ്യാകപ്പ് സ്‌ക്വാഡിൽ നിന്ന് വിട്ടുനിൽക്കേണ്ടി വന്നിരുന്നു. ശേഷം നിലവിൽ പരിക്കിൽ നിന്ന് പുറത്തുകടക്കാനുള്ള ശ്രമത്തിലാണ് അഫ്രീദി. അതിനായുള്ള പുനരധിവാസ ചികിത്സയിൽ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ഷാഹീൻ അഫ്രിദിക്ക് വേണ്ടവിധമുള്ള പിന്തുണ നൽകുന്നില്ലെന്നാണ് മുൻ പാക് താരം ഷാഹിദ് അഫ്രീദി ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്.
ഇംഗ്ലണ്ടിൽ ചികിത്സയിലുള്ള ഷാഹിന് യാതൊരു തരത്തിലും സാമ്പത്തികപരമായ സഹായങ്ങൾ പാകിസ്താൻ ക്രിക്കറ്റ് ബോർഡ് നൽകുന്നില്ല എന്ന് ഷാഹിദ് അഫ്രീദി പറയുന്നു. “ഇംഗ്ലണ്ടിൽ തന്റെ പുനരധിവാസ ചികിത്സയ്ക്കുള്ള പണം ഷാഹിദ് അഫ്രീദി തന്നെയാണ് ഇപ്പോൾ മുടക്കുന്നത്. പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് അയാൾക്ക് വേണ്ട യാതൊരു പിന്തുണയും നൽകുന്നില്ല. അയാൾക്ക് ഡോക്ടറെ പോലും നൽകിയിരുന്നില്ല.
ഞാനാണ് ഷാഹിന് ഡോക്ടറെ നൽകിയത്. ശേഷമാണ് ഷാഹിൻ അവിടെയെത്തിയത്”- ഷാഹിദ് അഫ്രീദി പറയുന്നു. “അദ്ദേഹം പരിക്കിൽ നിന്ന് തിരിച്ചെത്തേണ്ടത് പാകിസ്ഥാന്റെ ആവശ്യമാണ്. ഇപ്പോൾ അയാൾ എല്ലാം സ്വയം ചെയ്യുകയാണ്. പിസിബി സെക്രട്ടറി സക്കീർ ഖാൻ ഒന്നോ രണ്ടോ തവണ ഷാഹിനെ വിളിക്കുക മാത്രമാണ് ചെയ്തത്.”-ഷാഹിദ് അഫ്രീദി കൂട്ടിച്ചേർക്കുന്നു.
ജൂലൈയിൽ ശ്രീലങ്കക്കെതിരെ നടന്ന ടെസ്റ്റ് മത്സരത്തിനിടെയായിരുന്നു ഷാഹിൻ അഫ്രിദിയ്ക്ക് പരിക്ക് പറ്റിയത്. നിലവിൽ പാകിസ്ഥാന്റെ ട്വന്റി20 ലോകകപ്പ് സ്ക്വാഡിലെ അംഗമാണ് അഫ്രീദി. ഇന്ത്യക്കെതിരെ ഒക്ടോബർ 23ന് നടക്കുന്ന പാക്കിസ്ഥാന്റെ ആദ്യ ലോകകപ്പ് മത്സരത്തിൽ പൂർണഫോമിൽ ഷാഹിദ് അഫ്രിദി തിരിച്ചുവരുമെന്ന വിശ്വാസത്തിലാണ് പാകിസ്ഥാൻ ആരാധകർ.