സേവാഗിനെതിരെ ലീയുടെ തന്ത്രം!! ബോൾ കിട്ടിയത് അടുത്തുള്ള കണ്ടത്തിൽ നിന്ന്!! വീരു പവർ

   

ഒരുകാലത്ത് ലോകക്രിക്കറ്റിലെ ടീമുകളുടെ ഏറ്റവും വലിയ പേടിസ്വപ്നമായിരുന്നു ഇന്ത്യയുടെ വെടിക്കെട്ട് വീരനായ വീരേന്ദർ സേവാഗ്. ഓസ്ട്രേലിയൻ ടീം തങ്ങളുടെ പ്രതാപകാലത്തുപോലും സേവാഗിനെ പിടിച്ചുകെട്ടുന്നതിൽ പരാജയപ്പെട്ടിരുന്നു. ഏത് തരം ബോളാണെങ്കിലും പ്രതിരോധത്തിനുപോലും മുതിരാതെ ആക്രമണപരമായിതന്നെ നേരിടുന്നത് സേവാഗിന്റെ ഒരു ബാറ്റിങ് ശൈലിയായിരുന്നു. സേവാഗിനെ കുടുക്കാൻ തങ്ങൾ ഉപയോഗിച്ച തന്ത്രങ്ങളും അതിലുണ്ടായ പരിണിതഫലവും വിവരിച്ച്‌ രംഗത്തുവന്നിരിക്കുന്നത് ഓസ്ട്രേലിയയുടെ സ്റ്റാർ പേസ് ബോളർ ബ്രറ്റ് ലീയാണ്.

   

“ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീം എപ്പോഴും സേവാഗിനെ വീഴ്ത്താൻ കെണിയൊരുക്കാറുണ്ട്. ഒരു ടെസ്റ്റ് മത്സരത്തിന്റെ ആരംഭംമുതൽ തേർഡ് മാനിൽ ആളെ നിർത്തി വൈഡ് ഷോർട് ബോളുകളെറിയും. സേവാഗ് അത് അടിച്ചകറ്റാൻ ശ്രമിക്കുകയും തേർഡ്മാനിൽ ക്യാച്ച് നൽകുകയും ചെയ്യും എന്ന പ്രതീക്ഷയിലാണത്. ഒരിക്കൽ ഈ തന്ത്രം ഞങ്ങൾ ഏകദിനത്തിൽ ഉപയോഗിച്ചു. പെർഫെക്റ്റ് ആയിരുന്നു ആ ബോൾ.

   

പക്ഷേ സേവാഗ് തൂക്കിയടിച്ചു. പന്ത് സ്റ്റേഡിയത്തിനു പുറത്തേയ്ക്ക് സിക്സർ പാഞ്ഞു. അന്ന് ഞാൻ കരുതി, സേവാഗ് എത്ര നല്ല കളിക്കാരനാണെന്ന്.”- ബ്രറ്റ് ലീ പറയുന്നു. സേവാഗ് ഒരു പ്രത്യേക ക്രിക്കറ്ററായിരുന്നു എന്ന് ലീ സമ്മതിക്കുന്നു. സേവാഗ് ക്രിക്കറ്റിനെ അത്രമാത്രം സ്നേഹിക്കുകയും മൈതാനത്ത് ഇത്തരം മത്സരങ്ങൾ ഇഷ്ടപ്പെടുന്ന ആളുമായിരുന്നു. അതിനാൽ തന്നെയാണ് സേവാഗ് എക്കാലത്തെയും മികച്ച ഓപ്പണറായി മാറിയതെന്നും ബ്രറ്റ് ലീ പറയുന്നു.

   

എന്നിരുന്നാലും സേവാഗിനെ ഒരുപാട് തവണ പുറത്താക്കിയ ചരിത്രം ബ്രറ്റ് ലീയ്ക്കുണ്ട്. അന്താരാഷ്ട്ര ക്രിക്കറ്റിൽ 11 തവണയാണ് ലീ സേവാഗിനെ പുറത്താക്കിയിട്ടുള്ളത്. പക്ഷേ ഓസ്ട്രേലിയൻ ബോളർമാരൊക്കെ പലപ്പോഴും വീരുവിന്റെ ബാറ്റിന്റെ ചൂടും അറിഞ്ഞിട്ടുണ്ട്. ഓസീസിനെതിരെ 23 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 1821 റൺസാണ് സേവാഗ് തന്റെ കരിയറിൽ നേടിയത്.

Leave a Reply

Your email address will not be published. Required fields are marked *