ലോകകപ്പിലെ ഇന്ത്യയുടെ പരാജയത്തിനുശേഷം സെലക്ടർമാർക്കെതിരെ വിമർശനവുമായി മുൻ ഇന്ത്യൻ താരം വീരേന്ദർ സേവാഗ്. 2022 ട്വന്റി20 ലോകകപ്പിൽ മറ്റു മാനദണ്ഡങ്ങൾ നോക്കാതെ സീനിയർ കളിക്കാരെ ഉൾപ്പെടുത്തിയതിനെയാണ് സേവാഗ് വിമർശിക്കുന്നത്. ഇതോടൊപ്പം 2007ലെ രീതി ഇന്ത്യൻ ടീം ഇനിയും ആവർത്തിക്കണമെന്നും വിരൂ പറയുകയുണ്ടായി. 2007ൽ സച്ചിനും ദ്രാവിഡും ഗാഗുലിയുമടക്കമുള്ള കളിക്കാർ ട്വന്റി20 ലോകകപ്പിൽ നിന്ന് വിട്ടുനിന്നതിനെയും സേവാഗ് എടുത്ത് കാട്ടി.
“മാനസികാവസ്ഥകളെ പറ്റി ഞാൻ അധികം സംസാരിക്കുന്നില്ല. എന്നാൽ ഇന്ത്യൻ ടീമിൽ കുറച്ചധികം മാറ്റങ്ങൾ ഉണ്ടാവണം. ഈ ലോകകപ്പിൽ കണ്ട പല മുഖങ്ങളും അടുത്ത ലോകകപ്പിൽ കാണാൻ ഞാൻ ആഗ്രഹിക്കുന്നില്ല.”- സേവാഗ് പറഞ്ഞു. ഇതോടൊപ്പം 2007ലെ പ്രാഥമിക ട്വന്റി20 ലോകകപ്പിലെ സാഹചര്യങ്ങളെപ്പറ്റിയും സേവാഗ് സംസാരിക്കുകയുണ്ടായി. “2007ലെ ട്വന്റി20 ലോകകപ്പിൽ ഇന്ത്യയുടെ എക്കാലത്തെയും മികച്ച കുറച്ചധികം താരങ്ങൾ മാറിനിൽക്കുകയുണ്ടായി. പകരം ഒരു കൂട്ടം യുവ കളിക്കാരെയാണ് ട്വന്റി20യ്ക്കായി വിട്ടത്. ആർക്കും ആരിലും പ്രതീക്ഷയുണ്ടായിരുന്നില്ല. അങ്ങനെ ഒരു സാഹചര്യം തന്നെയാണ് അടുത്ത ട്വന്റി20 ലോകകപ്പിൽ ഉണ്ടാവേണ്ടതും.”- സേവാഗ് പറയുന്നു.
ഇതോടൊപ്പം സെലക്ടർമാർ സീനിയർ കളിക്കാരുടെ കാര്യത്തിൽ വ്യക്തമായ തീരുമാനങ്ങൾ എടുക്കണമെന്നും സേവാഗ് പറഞ്ഞു. “ഇപ്പോൾ നമ്മൾ ഭാവിയെക്കുറിച്ച് ചിന്തിച്ചാൽ മാത്രമേ രണ്ടു വർഷത്തിനുള്ളിൽ ഒരു മികച്ച ടീം കെട്ടിപ്പടുക്കാൻ നമുക്ക് സാധിക്കൂ. എന്തായാലും അടുത്ത ലോകകപ്പിൽ ഇങ്ങനെ പ്രകടനം കാഴ്ചവയ്ക്കാത്ത സീനിയർ കളിക്കാരെ കാണാൻ ഞാൻ ആഗ്രഹിക്കുന്നില്ല.”- സെവാഗ് കൂട്ടിച്ചേർക്കുന്നു.
2007 ലാണ് ഇന്ത്യ അവസാനമായി ട്വന്റി20 ലോകകപ്പ് നേടിയത്. ഐപിഎൽ പോലെ ഒരുപാട് ഫ്രാഞ്ചൈസി ക്രിക്കറ്റുകൾ ഉണ്ടായിരുന്നിട്ടും ശക്തമായ ഒരു ടീമിനെ വാർത്തെടുക്കാൻ ഇന്ത്യക്ക് സാധിച്ചില്ല. അതിനാൽ തന്നെ സേവാഗിന്റെ ഈ പ്രസ്താവനകൾ പ്രാധാന്യമർഹിക്കുന്നു.