വിൻഡീസിന് മേൽ സ്കോട്ട്ലാൻഡിന്റെ അശ്വിനിപാദം!! വമ്പന്മാരെ മുട്ടുകുത്തിച്ച വിജയഗാഥ!

   

ലോകകപ്പിൽ അട്ടിമറികൾ തുടർക്കഥയാകുന്നു. കഴിഞ്ഞ ദിവസം നമിബിയ ശ്രീലങ്കയെ പരാജയപ്പെടുത്തിയ ഞെട്ടലിൽ നിന്ന് ക്രിക്കറ്റ് ലോകം കരകയറുന്നതിന് മുമ്പേ മറ്റൊരു അട്ടിമറികൂടി. ലോകകപ്പിലെ വമ്പൻ ടീമായ വിൻഡീസിനെതിരെ ഒരു തകർപ്പൻ വിജയമാണ് സ്കോട്ട്ലാൻഡ് ടീം ഇപ്പോൾ നേടിയിരിക്കുന്നത്. മത്സരത്തിലുടനീളം വിൻഡീസിനെ എല്ലാ അർത്ഥത്തിലും തുരത്തിയോടിച്ചാണ് സ്കോട്ട്ലാൻഡ് ചരിത്രം സൃഷ്ടിച്ചിരിക്കുന്നത്.

   

മത്സരത്തിലേക്ക് കടന്നുചെന്നാൽ ടോസ് നേടിയ വിൻഡീസ് ടീം ബോളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഇന്നിംഗ്സിന്റെ ആദ്യപകുതിയിൽ സ്കോട്ട്ലാൻഡ് മിന്നിനിന്നെങ്കിലും രണ്ടാം പകുതിയിൽ കൃത്യതയുള്ള ബോളിംഗ് പ്രകടനത്തോടെ വിൻഡീസ് കളംനിറയുകയായിരുന്നു. സ്കോട്ട്‌ലൻഡിനായി ഓപ്പണർ മൻസി 53 പന്തുകളിൽ 66 റൺസ് നേടി. 14 പന്തുകളിൽ 23 റൺസ് നേടിയ മക്ലിയോടും 11 പന്തുകളിൽ 16 നേടിയ ഗ്രീവ്സും മൻസിക്ക് പിന്തുണ നൽകി. അങ്ങനെ നിശ്ചിത 20 ഓവറുകളിൽ 160 റൺസാണ് സ്കോട്ട്ലാൻഡ് നേടിയത്.

   

മറുപടി ബാറ്റിംഗിൽ സ്കോട്ട്‌ലൻഡിനെ നിസ്സാരമായി പരാജയപ്പെടുത്താനാണ് വിൻഡീസ് ഓപ്പണർമാർ ശ്രമിച്ചത്. അതിനാൽതന്നെ വമ്പനടികൾക്ക് മുതിരുന്നതിനിടെ പലരും കൂടാരം കയറി. മുൻനിര ബാറ്റർമാർ നൽകിയ ഭേദപ്പെട്ട തുടക്കം വേണ്ടവിധത്തിൽ ഉപയോഗിക്കാൻ മധ്യനിരക്ക് കഴിയാതെ വന്നു. പൂറനും(4) ബ്രുക്സു(4)മൊക്കെ ധൃതിയിൽ ക്രീസ് വിട്ടു. ജേസൺ ഹോർഡർ അല്പസമയം പിടിച്ചുനിൽക്കാൻ ശ്രമിച്ചു. പക്ഷേ വിജയം ഒരുപാട് അകലെയായിരുന്നു.

   

മത്സരത്തിൽ 42 റൺസിനാണ് സ്കോട്ട്ലാൻഡ് വിജയം കണ്ടത്. മത്സരത്തിൽ എടുത്തുപറയേണ്ട ബോളിംഗ് പ്രകടനങ്ങൾ തന്നെയായിരുന്നു സ്കോട്ട്ലാൻഡ് ടീം കാഴ്ചവച്ചത്. എന്തായാലും കുഞ്ഞൻ ടീമുകളുടെ ഈ വമ്പൻ പ്രകടനം മുൻനിരയിലുള്ള പല ടീമുകളെയും അലട്ടുന്നുണ്ട്. ഇത്തവണ ഒരു ഉഗ്രൻ തുടക്കം തന്നെയാണ് ട്വന്റി20 ലോകകപ്പിന് ലഭിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *