ന്യൂസിലാൻഡിനെതിരായ ആദ്യ ട്വന്റി20 മത്സരത്തിനു മുൻപ് പരിശീലനത്തിനിറങ്ങി ഇന്ത്യൻ യുവനിര. ടീമിന്റെ നിലവിലെ ക്യാപ്റ്റനായ ഹർദിക് പാണ്ഡ്യ, വിക്കറ്റ് കീപ്പർ ബാറ്റർമാരായ റിഷഭ് പന്ത്, ഇഷാൻ കിഷൻ, സഞ്ജു സാംസൺ, ബാറ്റർമാരായ ശ്രേയസ് അയ്യർ, ദീപക് ഹൂഡ തുടങ്ങിയവരാണ് വ്യാഴാഴ്ച പരിശീലനത്തിനിറങ്ങിയത്. ബിസിസിഐ തങ്ങളുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ഇന്ത്യയുടെ പരിശീലന വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. ഇന്ത്യയുടെ നെറ്റ് സെക്ഷൻ ചിത്രങ്ങളും വീഡിയോയിൽ നമുക്ക് കാണാം.
സഞ്ജു സാംസന്റെ നോക്കാതെയുള്ള വമ്പൻ ഷോട്ടുകളാണ് വീഡിയോയുടെ ഹൈലൈറ്റ്. സഞ്ജുവും ശ്രേയസും നെറ്റ്സിന് പുറത്ത് വമ്പൻഷൊട്ടുകൾ പരിശീലിച്ചു. പലപ്പോഴും ബോൾ വലിയ ദൂരത്തിൽ അടിച്ചകറ്റാനാണ് ഇരുവരും ശ്രമിച്ചത്. കഴിഞ്ഞ ട്വന്റി20 ലോകകപ്പിൽ സഞ്ജു സാംസണെയും ശ്രേയസ് അയ്യരെയും ഇന്ത്യ സ്‌ക്വാഡിൽ ഉൾപ്പെടുത്തിയിരുന്നില്ല. അതിനാൽതന്നെ ഇരുവർക്കും ടീമിലേക്ക് തിരികെ വരാനുള്ള അവസരം കൂടിയാണ് ന്യൂസിലാൻഡിനെതിരായ പരമ്പര.
മൈതാനത്ത് വമ്പൻ ഷോട്ടുകൾ അടിച്ച് തകർക്കുന്ന സഞ്ജു സാംസണെ കോച്ചിംഗ് സ്റ്റാഫുകൾ അഭിനന്ദിക്കുന്നതും വീഡിയോയിൽ കാണാം. എന്തായാലും ഈ ഷോട്ടുകളിൽ നിന്ന് വ്യക്തമാകുന്നത് ഇന്ത്യ പരമ്പരയിൽ പുറത്തെടുക്കാൻ പോകുന്ന ആക്രമണോൽസുക മനോഭാവമാണ്. മുൻപ് ലോകകപ്പ് ടീമിലെ ബാറ്റർമാരുടെ പതിഞ്ഞ ബാറ്റിംഗ് സമീപനത്തിന് ഒരുപാട് വിമർശനങ്ങൾ വന്നിരുന്നു.
നാളെയാണ് ഇന്ത്യയുടെ ന്യൂസിലാൻഡിനെതിരായ ട്വന്റി20 പരമ്പര ആരംഭിക്കുന്നത്. വെല്ലിങ്ടണിലാണ് മത്സരം നടക്കുന്നത്. 3 ട്വന്റി20കളുള്ള പരമ്പര സ്വന്തമാക്കി പ്രൗഡി കാട്ടാനാവും ഇന്ത്യൻ യുവനിര പരമ്പരയിൽ ശ്രമിക്കുന്നത്.
TICK..TICK..BOOM 💥💥
All charged up for the #NZvIND T20I series opener#TeamIndia 🇮🇳 pic.twitter.com/AsNSTeMqq8
— BCCI (@BCCI) November 17, 2022