ക്രിക്കറ്റ് ആരാധകരെ ഞെട്ടിക്കുന്ന തരത്തിലുള്ള സ്ക്വാഡ് സെലക്ഷനാണ് ലോകകപ്പിന് മുമ്പ് ഉണ്ടായിരിക്കുന്നത്. ഇന്ത്യയ്ക്കായി സ്ഥിരതയോടെ മികച്ച രീതിയിൽ കളിച്ച സഞ്ജു സാംസണ് ട്വന്റി20 ലോകകപ്പ് കളിക്കാനുള്ള അവസരം ലഭിച്ചിട്ടില്ല. മാത്രമല്ല ഓസ്ട്രേലിയയ്ക്കും ദക്ഷിണാഫ്രിക്കക്കുമെതിരായ ട്വന്റി20 പരമ്പരകളിലും സഞ്ജുവിനെ ഉൾപ്പെടുത്തിയിട്ടില്ല. എന്നാൽ സഞ്ജുവിന് ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പരയിൽ കളിക്കാൻ അവസരം നൽകുമെന്നാണ് ഒരു ബിസിസിഐ ഒഫീഷ്യൽ പിടിഐയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരിക്കുന്നത്.
ദക്ഷിണാഫ്രിക്കയ്ക്കും ഓസ്ട്രേലിയയ്ക്കുമെതിരായ ട്വന്റി20 പരമ്പരകൾക്കുള്ള സ്ക്വാഡാണ് നിലവിൽ ഇന്ത്യ പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ ഇതിനു പുറമെ മൂന്ന് ഏകദിന മത്സരങ്ങളും ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യ കളിക്കുന്നുണ്ട്. ഒക്ടോബർ 6, 9, 11 തീയതികളിലാണ് ഈ മത്സരങ്ങൾ നടക്കുക. ബിസിസിഐയിൽ നിന്ന് ലഭിച്ച വിവരമനുസരിച്ച് ഈ പരമ്പരയിൽ സഞ്ജു ഇന്ത്യക്കായി കളിക്കും.
“ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയിൽ സഞ്ജു കളിക്കും. കാരണം സിംബാബ്വെ ടൂറിന് ശേഷം നടക്കുന്ന ഏകദിനപരമ്പരയാണിത്. അതിനാൽ ആ ടൂറിലെ കളിക്കാർ ദക്ഷിണാഫ്രിക്കക്കെതിരെയും കളിക്കും. പന്തിനെ ടീമിൽനിന്ന് ഒഴിവാക്കുന്ന കാര്യം ചർച്ചയിൽ വന്നിട്ടില്ല. നിലവിൽ ഇന്ത്യൻ മുൻനിരയിലുള്ള ഒരേയൊരു ഇടങ്കയ്യൻ ബാറ്ററാണ് റിഷാഭ് പന്ത്.”- ഒരു ബിസിസിഐ ഓഫീഷ്യൽ പറഞ്ഞു.
ഇതോടൊപ്പം ഏഷ്യാകപ്പിൽ ഇന്ത്യയ്ക്കേറ്റ പരാജയത്തെകുറിച്ചും പിടിഐക്ക് നൽകിയ അഭിമുഖത്തിൽ സൂചിപ്പിക്കുകയുണ്ടായി. “ഏഷ്യാകപ്പിൽ ഇന്ത്യയുടെ പ്രകടനങ്ങൾ ബിസിസിഐ വിലയിരുത്തിയിട്ടുണ്ട്. എന്നിരുന്നാലും പ്രശ്നങ്ങളേക്കാൾ അധികം പരിഹാരമാർഗ്ഗങ്ങൾ തന്നെയാണ് സംസാരിച്ചത്. ട്വന്റി20 ലോകകപ്പിനു മുൻപ് നമ്മൾ എടുക്കേണ്ട മുൻകരുതലുകളും ചർച്ചവിഷയം ആയിരുന്നു.”- ബിസിസിഐ ഓഫീഷ്യൽ കൂട്ടിച്ചേർക്കുന്നു. എന്തായാലും സഞ്ജു ടീമിൽ ഇല്ലെങ്കിൽ കൂടി ലോകകപ്പിൽ ഇന്ത്യ മികച്ച പ്രകടനങ്ങളോടെ ജേതാക്കളാവുമെന്നാണ് എല്ലാവരുടെയും വിശ്വാസം.