ഇന്ത്യയുടെ ശ്രീലങ്കക്കെതിരായ ട്വന്റി20 പരമ്പര നാളെ വാങ്കഡേയിൽ ആരംഭിക്കുകയാണ്. 3 ട്വന്റി20കൾ അടങ്ങുന്ന പരമ്പരയിൽ ഹർദിക്ക് പാണ്ട്യയാണ് ഇന്ത്യയെ നയിക്കുന്നത്. മലയാളി താരം സഞ്ജു സാംസനും യുവനിരയിൽ അണിനിരക്കുന്നുണ്ട്. ഇന്ത്യൻ ടീമിലെ സഞ്ജു സാംസന്റെ പ്രതീക്ഷകളെ പറ്റി മുൻ ശ്രീലങ്കൻ താരം കുമാർ സംഗക്കാരെ സംസാരിക്കുകയുണ്ടായി. നാലാം നമ്പറിൽ ഏറ്റവും മികച്ച രീതിയിൽ കളിക്കാൻ സാധിക്കുന്ന ക്രിക്കറ്ററാണ് സഞ്ജു സാംസൺ എന്നാണ് സംഗക്കാരെ വിശ്വസിക്കുന്നത്. എന്നിരുന്നാലും ഏതു പൊസിഷനിലും സഞ്ജു മികവുകാട്ടുമെന്നും സംഗക്കാരെ പറയുകയുണ്ടായി.
“ട്വന്റി20 ക്രിക്കറ്റിൽ സഞ്ജുവിന് ഏറ്റവും അനുയോജ്യമായ ബാറ്റിംഗ് പൊസിഷൻ നാലാം നമ്പർ ആണെന്നാണ് എനിക്ക് തോന്നുന്നത്. ആദ്യ ഏഴ് ഓവറുകൾ അവസാനിച്ചശേഷം സഞ്ജു ക്രീസിലെത്തണം. എന്നിരുന്നാലും ഏതു പൊസിഷനിലും സഞ്ജുവിന് ബാറ്റ് ചെയ്യാൻ സാധിക്കും. ഇന്ത്യൻ ടീമിൽ കളിക്കുമ്പോൾ സഞ്ജുവിന് പൊസിഷൻ മാറി ബാറ്റ് ചെയ്യേണ്ടി വന്നേക്കാം. എന്തെന്നാൽ ഒരുപാട് കളിക്കാർ പൊസിഷനുകൾക്കായി നിൽക്കുന്നുണ്ട്.”- സംഗക്കാര പറയുന്നു.
“ഇക്കാരണങ്ങൾ കൊണ്ടുതന്നെ ഏതു പൊസിഷനിൽ ബാറ്റ് ചെയ്യാനും സഞ്ജു തയ്യാറായിരിക്കണം. അത് അയാൾക്ക് സാധിക്കും. അയാൾക്ക് പവറുണ്ട്, അയാൾ മികച്ച ടച്ചുണ്ട്, നല്ല ബാറ്റിംഗ് ശൈലിയുമാണ്. ഒപ്പം തന്റെ ബാറ്റിംഗിൽ സമ്മർദ്ദങ്ങൾ ഇല്ലാതാക്കാനും സാധിക്കും. അതുകൊണ്ട് പ്രയാസമേറിയ സാഹചര്യങ്ങൾ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് സഞ്ജുവിനറിയാം. അതിനാൽ നമുക്ക് എവിടെ വേണമെങ്കിലും അയാളെ ഇറക്കാം.”- സംഗക്കാര കൂട്ടിച്ചേർക്കുന്നു.
ഇതുവരെ 15 ട്വന്റി20കൾ കളിച്ചിട്ടുള്ള സഞ്ജു 7 പ്രാവശ്യമാണ് നാലാം നമ്പറിൽ ബാറ്റ് ചെയ്തിട്ടുള്ളത്. ഇതിൽനിന്ന് 15 റൺസ് ശരാശരിയിൽ 109 റൺസ് മാത്രമാണ് സഞ്ജു നേടിയിട്ടുള്ളത്. നാളെ ഇന്ത്യ സഞ്ജുവിനെ ഏത് പൊസിഷനിൽ ബാറ്റുചെയ്യിക്കും എന്ന് കണ്ടറിയേണ്ടതാണ്.