ആദ്യ ഏകദിനത്തിൽ സഞ്ജു ഇറങ്ങേണ്ടത് ഈ പൊസിഷനിൽ!! ദിനേശ് കാർത്തിക് പറയുന്നു

   

ഇന്ത്യയുടെ ന്യൂസിലാൻഡിനെതിരായ മൂന്ന് ഏകദിനങ്ങളടങ്ങുന്ന പരമ്പരയ്ക്ക് നാളെ തുടക്കമാവുകയാണ്. നാളെ ഇന്ത്യൻ സമയം രാവിലെ ഏഴുമണിക്കാണ് പരമ്പരയിലെ ആദ്യ മത്സരം ആരംഭിക്കുന്നത്. ഒരുപാട് യുവതാരങ്ങൾ അണിനിരക്കുന്ന ഇന്ത്യൻ ടീമിനെ നയിക്കുന്നത് ശിഖർ ധവാനാണ്. പരമ്പരയിലെ ഇന്ത്യയുടെ ബാറ്റിംഗ് ഓർഡർ സംബന്ധിച്ച് നിലവിൽ ഒരുപാട് അവ്യക്തതകൾ നിലനിൽക്കുന്നുണ്ട്. ഇന്ത്യക്കായി ആദ്യ മത്സരത്തിൽ സഞ്ജു സാംസൺ ആറാം നമ്പരിൽ ബാറ്റിംഗിനിറങ്ങണം എന്നാണ് ഇന്ത്യയുടെ ബാറ്റർ ദിനേശ് കാർത്തിക് പറയുന്നത്.

   

ഇന്ത്യയുടെ ഇലവനെകുറിച്ചും ബാറ്റിംഗ് ഓർഡറിനെകുറിച്ചുള്ള തന്റെ അഭിപ്രായങ്ങളാണ് ദിനേശ് കാർത്തിക്ക് പങ്കുവയ്ക്കുന്നത്. “എന്നെ സംബന്ധിച്ച് ശിഖർ ധവാനും ഗില്ലുമാവും ഇന്ത്യക്കായി ഇന്നിങ്സ് ഓപ്പൺ ചെയ്യുന്നത്. മൂന്നാം നമ്പറിൽ ശ്രേയസ് അയ്യർ ഇറങ്ങും. എനിക്ക് തോന്നുന്നു നാലും അഞ്ചും നമ്പരുകളിൽ യഥാക്രമം സൂര്യകുമാർ യാദവും റിഷാഭ് പന്തും ഇറങ്ങുമെന്ന്. മാത്രമല്ല ആറാം നമ്പറിൽ താൻ ഉത്തമമാണെന്ന് സഞ്ജു സാംസൺ മുമ്പ് തെളിയിച്ചിട്ടുമുണ്ട്. അതിനാൽ സഞ്ജു ആറാമനായി ഇറങ്ങും. പിന്നീട് ഇന്ത്യക്കായി അഞ്ച് ബോളർമാർ അണിനിരക്കും.”- കാർത്തിക്ക് പറയുന്നു.

   

ഇതോടൊപ്പം മത്സരത്തിൽ മറ്റ് രണ്ട് യുവതാരങ്ങൾ കൂടി അണിനിരക്കുമെന്ന് കാർത്തിക് പ്രവചിക്കുന്നു. “വാഷിംഗ്ടൺ സുന്ദറിനും ശർദുൽ താക്കൂറിനും മത്സരത്തിൽ തീർച്ചയായും അവസരം ലഭിക്കുമെന്നാണ് ഞാൻ കരുതുന്നത്. ശേഷം മൂന്നു പേസ് ബോളർമാരും ഇന്ത്യൻ നിരയിൽ ഉണ്ടാകും.”- കാർത്തിക് കൂട്ടിച്ചേർക്കുന്നു.

   

ഇന്ത്യയുടെ ദക്ഷിണാഫ്രിക്കെതിരായ അവസാന ഏകദിന പരമ്പരയിൽ മികച്ച ബാറ്റിംഗ് പ്രകടനമായിരുന്നു സഞ്ജു സാംസൺ കാഴ്ചവെച്ചിരുന്നത്. പരമ്പരയിൽ മൂന്നു മത്സരങ്ങളിൽ നിന്നും 116 റൺസ് സഞ്ജു നേടുകയുണ്ടായി. പരമ്പരയിൽ ഒരു തവണ പോലും സഞ്ജുവിന്റെ വിക്കറ്റ് നേടാൻ ദക്ഷിണാഫ്രിക്കയ്ക്ക് സാധിച്ചില്ല.

Leave a Reply

Your email address will not be published. Required fields are marked *