2024 ലോകകപ്പിൽ സഞ്ജു സാംസൺ ഇന്ത്യയുടെ ഫിനിഷറാവണം!! ഉത്തപ്പയുടെ കണക്കുകൂട്ടലുകൾ ഇങ്ങനെ!!

   

ഈ വർഷം ഓസ്ട്രേലിയയിൽ നടന്ന ട്വന്റി20 ലോകകപ്പിൽ മികച്ച പ്രകടനമായിരുന്നില്ല ഇന്ത്യൻ ടീം കാഴ്ചവച്ചിരുന്നത്. സെമി ഫൈനലിൽ ഇംഗ്ലണ്ട് ടീമിനോട് ദയനീയ പരാജയം ഏറ്റുവാങ്ങി ഇന്ത്യ ലോകകപ്പിന് പുറത്തായിരുന്നു. അതിനാൽതന്നെ 2024ലെ അടുത്ത ട്വന്റി ട്വന്റി ലോകകപ്പിന് മുന്നോടിയായി ടീമിൽ കുറച്ചധികം അഴിച്ചുപണികൾ ഇന്ത്യയ്ക്ക് നടത്താനുണ്ട്. അതേ സംബന്ധിച്ച് സംസാരിക്കുകയാണ് മുൻ ഇന്ത്യൻ താരം റോബിൻ ഉത്തപ്പ. 2024ലെ ലോകകപ്പിലേക്ക് ശ്രദ്ധിക്കുമ്പോൾ ഇന്ത്യ നടപ്പിലാക്കേണ്ട മാറ്റങ്ങളെ പറ്റിയാണ് ഉത്തപ്പ ഇപ്പോൾ പറയുന്നത്.

   

റിഷാഭ് പന്തിനെ മുൻനിരയിൽ ഇറക്കി ഇന്ത്യ പരീക്ഷിക്കണമെന്ന നിലപാടാണ് ഉത്തപ്പ വെളിപ്പെടുത്തുന്നത്. “അടുത്ത ട്വന്റി20 ലോകകപ്പിന് രണ്ടുവർഷത്തെ സമയമുണ്ട്. അതിനാൽതന്നെ കാര്യങ്ങൾ മനസ്സിലാക്കി പന്തിനെ ആദ്യ മൂന്നിൽ തന്നെ കളിപ്പിക്കുന്നതാവും ഉത്തമം. പന്തിന്റെ ഐപിഎൽ റെക്കോർഡ് പരിശോധിച്ചാൽ മനസ്സിലാകുന്ന ഒരു കാര്യമുണ്ട്.

   

ഓപ്പണറായും മൂന്നാം നമ്പരിലും കളിച്ചപ്പോഴാണ് പന്ത് കൂടുതൽ മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ചിട്ടുള്ളത്. അയാൾക്ക് മാച്ച് വിന്നറാവാനുള്ള പൊസിഷനാണ് അത്.”- ഉത്തപ്പ പറയുന്നു. “ഇതോടൊപ്പം ദിനേശ് കാർത്തിക്കിന്റെ അഭാവത്തിൽ സഞ്ജു സാംസണെപോലെയുള്ള കളിക്കാരെ ഇന്ത്യ ഫിനിഷറായി ഉയർത്തിക്കൊണ്ടു വരണമെന്നും ഉത്തപ്പ പറയുന്നു. “ദിനേശ് കാർത്തിക്ക് അടുത്ത ലോകകപ്പിൽ കളിക്കുമെന്ന് എനിക്ക് തോന്നുന്നില്ല.

   

അതിനാൽതന്നെ സഞ്ജു സാംസൺ, രാഹുൽ ത്രിപാതി, ദീപക് ഹൂഡ എന്നിവരെ ഫിനിഷറുടെ റോളിലേക്ക് കൊണ്ടുവരണം. ഉമ്രാൻ മാലിക്കിനെയും നിശ്ചയമായും കളിപ്പിക്കണം.”- ഉത്തപ്പ പറയുന്നു. നവംബർ 18നാണ് ഇന്ത്യയുടെ ന്യൂസിലാൻഡിനെതിരായ ട്വന്റി20 പരമ്പര ആരംഭിക്കുന്നത്. പരമ്പരയിൽ സീനിയർ താരങ്ങൾക്ക് ഇന്ത്യ വിശ്രമം അനുവദിച്ചിട്ടുണ്ട്. അതിനാൽതന്നെ യുവ താരങ്ങൾക്ക് ഇത് മികച്ച അവസരവുമാണ്.

Leave a Reply

Your email address will not be published. Required fields are marked *