നിലവിൽ ഇന്ത്യൻ ടീമിൽ ഫിനിഷറർ റോളിലാണ് സഞ്ജു സാംസൺ കളിക്കുന്നത്. മുൻപ് മുൻനിരയിൽ ബാറ്റ് ചെയ്തിരുന്ന സഞ്ജുവിന് ഇന്ത്യ കൃത്യമായ ഒരു റോൾ മധ്യനിരയിൽ നൽകുകയായിരുന്നു. ഇതിനോട് നല്ല പ്രതികരണം തന്നെയാണ് സഞ്ജു നടത്തിയിട്ടുള്ളതും. ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയിലൂടനീളം മധ്യനിരയിൽ മികച്ച പ്രകടനം തന്നെ സഞ്ജു കാഴ്ചവച്ചു. ടീമിലെ തന്റെ പുതിയ റോളിനെകുറിച്ച് സംസാരിക്കുകയാണ് സഞ്ജു ഇപ്പോൾ. കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഇന്ത്യക്കായി എന്ത് റോളിലും കളിക്കാൻ താൻ തയ്യാറാണെന്ന് സഞ്ജു മൂന്നാം ഏകദിനത്തിന് മുമ്പ് പറഞ്ഞു.
“കഴിഞ്ഞ രണ്ടുമൂന്നു വർഷങ്ങളായി ഞാൻ വ്യത്യസ്തമായ റോളുകളിൽ കളിക്കാൻ പരിശീലിക്കുന്നുണ്ട്. വ്യത്യസ്തമായ ടീമുകളിൽ വ്യത്യസ്തമായ റോളുകളിൽ കളിക്കേണ്ടത് എന്നെ സംബന്ധിച്ച് പ്രാധാന്യമുള്ളതാണ്. അതിനാൽ തന്നെ റോളുകൾ മനസ്സിലാക്കി കളിക്കാൻ ഞാൻ സമയം കണ്ടെത്താറുണ്ട്. ഇക്കാരണങ്ങൾ കൊണ്ട് തന്നെ ഞാൻ ഈ റോളുകൾ ആസ്വദിക്കുന്നുമുണ്ട്.”- സഞ്ജു പറയുന്നു.
“കഴിഞ്ഞവർഷമാണ് ഫിനിഷർ റോൾ കളിക്കാൻ തയ്യാറാവണമെന്ന നിർദ്ദേശം ടീം അധികൃതരിൽ നിന്ന് ലഭിച്ചത്. ശാരീരികമായി ഞാൻ ടോപ്പ് ഓർഡർ ബാറ്റിംഗാണ് ചെയ്തിരുന്നത്. എന്നാൽ മാനസികപരമായി എനിക്ക് മത്സര സാഹചര്യങ്ങളെക്കുറിച്ച് മനസ്സിലാക്കാനും, ആ സാഹചര്യങ്ങളിൽ എങ്ങനെ പ്രതികരിക്കണമെന്ന് തിരിച്ചറിയാനും സാധിച്ചിട്ടുണ്ട്. മുൻപ് ആളുകൾ എങ്ങനെയാണ് ഈ സാഹചര്യങ്ങൾ കൈകാര്യം ചെയ്തിരുന്നത് എന്നും നമ്മൾ കണ്ടതാണ്. ചരിത്രത്തിൽ നിന്ന് പഠിക്കുമ്പോൾ കാര്യങ്ങൾ എളുപ്പമാണ്.”- സഞ്ജു കൂട്ടിച്ചേർക്കുന്നു.
“ആദ്യ ഏകദിനത്തിനുശേഷം ഒരു ടീം മീറ്റിംഗ് വച്ചിരുന്നു. ഞങ്ങൾക്ക് ഈ പരമ്പര എത്രമാത്രം സ്പെഷ്യലാണെന്നും, ഇതിലേക്ക് പൂർണമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ആവശ്യകതയെകുറിച്ചും സംസാരിക്കുകയുണ്ടായി.”- സഞ്ജു പറഞ്ഞുവെക്കുന്നു.