ഇന്ത്യയുടെ ന്യൂസിലാൻഡിതിരായ ആദ്യ ഏകദിനത്തിൽ മികച്ച പ്രകടനം തന്നെയായിരുന്നു ബാറ്റർമാരായ ശ്രേയസ് അയ്യരും സഞ്ജു സാംസണും കാഴ്ചവച്ചത്. ശ്രേയസ് അയ്യർ 76 പന്തുകളിൽ 80 റൺസ് നേടിയപ്പോൾ, സഞ്ജു 38 പന്തുകളിൽ 38 റൺസാണ് നേടിയത്. ഇരുവരും ചേർന്ന് ഇന്ത്യക്കായി അഞ്ചാം വിക്കറ്റിൽ 94 റൺസിന്റെ കൂട്ടുകെട്ടാണ് സൃഷ്ടിച്ചത്. എന്നാൽ ഇരുവരും മത്സരത്തിൽ ഭയപ്പാടോടെയാണ് ബാറ്റ് ചെയ്തത് എന്നാണ് ഇന്ത്യൻ താരം സാബാ കരീം പറയുന്നത്.
സഞ്ജു സാംസണും ശ്രേയസ് അയ്യരും ടീമിൽ തങ്ങളുടെ സ്ഥാനം ഉറപ്പിക്കാൻ പാകത്തിനുള്ള പ്രകടനമാണ് നടത്തിയതെന്ന് കരീം പറയുന്നു. “സഞ്ജുവും ശ്രേയസും ടീമിൽ തങ്ങളുടെ സ്ഥാനമുറപ്പിക്കാൻ പാകത്തിനാണ് കളിച്ചത്. അതുകൊണ്ടാണ് അവർക്ക് ഭയപ്പാടില്ലാതെ കളിക്കാൻ സാധിക്കാതെ വന്നത്. ഈ സമയത്ത് കളിക്കാരൊക്കെയും ടീമിലെ തങ്ങളുടെ സ്ഥാനത്തെ സംബന്ധിച്ച് അത്ര സുരക്ഷിതരല്ലല്ലോ.”- കരീം പറയുന്നു.
“ഭയമില്ലാതെ കളിക്കുമ്പോൾ കളിക്കാരുടെ സമീപനം തീർത്തും വ്യത്യസ്തമായിരിക്കും. എന്നാൽ ടീമിലെ സ്ഥാനം സംരക്ഷിക്കാനായി കളിക്കുമ്പോൾ കളിക്കാർ പലപ്പോഴും മത്സരം വിജയിക്കാനായിരിക്കില്ല ശ്രമിക്കുന്നത്. അതൊരുതരം സ്വാർത്ഥമായ സമീപനമായിരിക്കും.”- കരീം കൂട്ടിച്ചേർക്കുന്നു.
ഇതിനൊപ്പം ഇന്ത്യയുടെ ഇടവേളയില്ലാത്ത പര്യടനങ്ങളെപറ്റിയും കരീം വിമർശനങ്ങൾ ഉന്നയിക്കുകയുണ്ടായി. “ന്യൂസിലാൻഡിനെതിരായ ഏകദിന പരമ്പര അവസാനിച്ചയുടൻ നമുക്ക് ബംഗ്ലാദേശിനെതിരായ മത്സരങ്ങൾ ആരംഭിക്കും. ന്യൂസിലാൻഡിൽ നിന്ന് നാട്ടിൽ തിരിച്ചെത്തി ഒരു ദിവസത്തിനുശേഷം ബംഗ്ലാദേശിൽ പോയി മറ്റൊരു പരമ്പര കളിക്കാൻ കളിക്കാർ എങ്ങനെ പ്രാപ്തരാകും! ഇത്തരം സമയക്രമം മൂലം ക്രിക്കറ്റിന്റെ നിലവാരമാണ് ഇല്ലാതാവുന്നത്.”- കരീം പറഞ്ഞുവെക്കുന്നു.