ഇന്ത്യയുടെ ശ്രീലങ്കയ്ക്കെതിരായ ആദ്യ ട്വന്റി20യിൽ കാണാനായത് ഇന്ത്യൻ മുൻനിരയുടെ തകർച്ച തന്നെയായിരുന്നു. വളരെ മികച്ച രീതിയിൽ ഇന്നിംഗ്സ് ആരംഭിച്ച ഇന്ത്യയ്ക്ക് ഞൊടിയിടയിൽ തന്നെ മുൻനിരയെ നഷ്ടമായി. ഓപ്പണർ ശുഭമാൻ ഗില്ലും സൂര്യകുമാർ യാദവും സഞ്ജു സാംസനുമാണ് തുടക്കത്തിൽ തന്നെ കൂടാരം കയറിയത്. ഇതോടെ ഇന്ത്യ 46ന് 3 എന്ന നിലയിൽ തകർന്നു. മികച്ച അവസരമായിരുന്നിട്ടും സഞ്ജു സാംസണ് മത്സരത്തിൽ നല്ല ഇന്നിംഗ്സ് കാഴ്ചവയ്ക്കാൻ സാധിച്ചില്ല. ഇതേപ്പറ്റിയാണ് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര പറയുന്നത്.
മത്സരത്തിൽ ആറു പന്തുകൾ നേരിട്ട സഞ്ജു 5 റൺസ് മാത്രമായിരുന്നു നേടിയത്. അനാവശ്യ ഷോട്ടിന് ശ്രമിച്ചായിരുന്നു സഞ്ജു കൂടാരം കയറിയത്. ഇതേപ്പറ്റി ആകാശ് ചോപ്ര സംസാരിക്കുകയുണ്ടായി. “ബാറ്റിംഗിൽ ഇന്ത്യ കുറച്ചധികം പിഴവുകൾ ചെയ്തു. സഞ്ജു പുറത്താകാൻ കാരണം മോശം ഷോട്ട് കളിച്ചത് തന്നെയായിരുന്നു. സഞ്ജുവിന്റെ ആരാധകർ എന്താണ് ചിന്തിക്കുന്നത് എന്നെനിക്കറിയില്ല. പക്ഷേ അതൊരു മോശം ഷോട്ട് തന്നെയായിരുന്നു. ആ സാഹചര്യത്തിൽ അത്തരമൊരു ഷോട്ടിന്റെ ആവശ്യമേ ഉണ്ടായിരുന്നില്ല.
ധനഞ്ജയ ഡി സിൽവ ഓഫ് സ്പിന്‍ എറിയുകയും, വമ്പൻഷോട്ടിന് ശ്രമിക്കവേ ബോൾ സഞ്ജുവിന്റെ ബാറ്റിൽ നിന്ന് ഉയരുകയുമാണ് ചെയ്തത്.”- ആകാശ് ചോപ്ര പറയുന്നു. “ശുഭമാൻ ഗിൽ തുടക്കത്തിൽ തന്നെ മഹേഷ് തീക്ഷണയുടെ പന്തിൽ കൂടാരം കയറി. ഇഷാൻ കിഷൻ മത്സരത്തിന്റെ ആദ്യ ഓവറിൽ 16 റൺസ് നേടി. ധാക്കയിലെ ഇരട്ട സെഞ്ച്വറി നേടിയ ഇന്നിങ്സിന്റെ തുടർച്ചയെന്നോളമായിരുന്നു ഇഷാൻ കിഷൻ കളിച്ചത്. ഇവിടെയും കിഷൻ റൺസ് കണ്ടെത്തി.”- ചോപ്ര കൂട്ടിച്ചേർക്കുന്നു.
“മൂന്നാം നമ്പറിലിറങ്ങിയ സൂര്യകുമാർ സ്കൂപ് ഷോട്ടിന് ശ്രമിക്കുകയും പുറത്താവുകയുമാണ് ചെയ്തത്. സൂര്യ പുറത്തായപ്പോൾ നമ്മുടെ ചങ്കിടിപ്പിന്റെ വേഗത കൂടി. കാരണം വാങ്കഡേ ചേസിങ് പിച്ചാണല്ലോ”- ചോപ്ര പറഞ്ഞുവയ്ക്കുന്നു.