ഇന്ത്യൻ ടീമിൽ നടക്കുന്ന അനീതികളെ സംബന്ധിച്ച് ഒരുപാട് വിമർശനങ്ങൾ നിലവിൽ നിലനിൽക്കുന്നുണ്ട്. പല മികച്ച കളിക്കാരെയും പുറത്തിരുത്തി പന്തിനെ പോലെയുള്ളവർക്ക് ഇന്ത്യ വീണ്ടും വീണ്ടും പിന്തുണ നൽകുന്നു. ഈ സാഹചര്യത്തിൽ പല മികച്ച യുവതാരങ്ങൾക്കും അവസരങ്ങൾ നഷ്ടപ്പെടുന്നുണ്ട്. പാക്കിസ്ഥാൻ ക്രിക്കറ്റിലേതുപോലെ തന്നെ ഇന്ത്യൻ ക്രിക്കറ്റിലും പക്ഷപാതം നടക്കുന്നുണ്ട് എന്നാണ് മുൻ പാക്കിസ്ഥാൻ താരം ഡാനിഷ് കനേറിയ ഇപ്പോൾ പറയുന്നത്.
ഇന്ത്യൻ ടീമിന്റെ ട്വന്റി20 നിരയിൽ നിന്ന് സഞ്ജു സാംസണെ പലപ്പോഴും ഒഴിവാക്കുകയും റിഷഭ് പന്തിനെ പരിഗണിക്കുകയും ചെയ്യുന്നതിന്റെ അടിസ്ഥാനത്തിലാണ് കനേറിയ ഇക്കാര്യം വെളിപ്പെടുത്തിയത്. “പന്ത് ഫോം കണ്ടെത്താൻ വിഷമിച്ച സമയത്ത് സഞ്ജു സാംസൺ സ്ഥിരതയുള്ള പ്രകടനങ്ങളോടെ മുൻപിലേക്ക് വന്നിരുന്നു. ദക്ഷിണാഫ്രിക്കയ്ക്കെതിരെ മികച്ച പ്രകടനങ്ങൾ തന്നെ സഞ്ജു കാഴ്ചവെച്ചു. പക്ഷേ ട്വന്റി20 ലോകകപ്പിനുള്ള സ്ക്വാഡിൽ സഞ്ജുവിനെ ഉൾപ്പെടുത്തിയില്ല. ഞാൻ തുടക്കം മുതൽ പറയുന്ന കാര്യം സഞ്ജു ഒരു അവിസ്മരണീയ ബാറ്ററാണ് എന്നാണ്. “- കനേറിയ പറയുന്നു.
“പാക്കിസ്ഥാൻ ടീമിലെ പക്ഷപാതത്തെ പറ്റി നമ്മൾ സംസാരിക്കാറുണ്ട്. ഇന്ത്യൻ ടീമിൽ സംഭവിക്കുന്നതും ഇതേ കാര്യം തന്നെയാണ്. ചിലരുടെ ഇഷ്ടങ്ങളുടെയും അനിഷ്ടങ്ങളുടെയും അടിസ്ഥാനത്തിൽ തന്നെയാണ് ഇന്ത്യയിലും ടീം രൂപീകരിക്കുന്നത്.”- കനേറിയ കൂട്ടിച്ചേർക്കുന്നു.
“ഇത് സഞ്ജു സാംസണെതിരായ അനീതി തന്നെയാണ്. പന്തിന് ഒരുപാട് അവസരങ്ങൾ ഇന്ത്യ നൽകി. ട്വന്റി20യിൽ അയാൾ പ്രകടനങ്ങൾ കാഴ്ചവെച്ചില്ല.”- കനേറിയ പറഞ്ഞുവയ്ക്കുന്നു. തന്റെ അവസാന 4 ട്വന്റി20 ഇന്നിംഗ്സുകളിൽ 3,6,6,11 എന്നിങ്ങനെയിരുന്നു പന്ത് നേടിയത്. ട്വന്റി20 കരിയറിൽ 66 മത്സരങ്ങൾ കളിച്ച പന്തിന്റെ ശരാശരി 23 റൺസ് മാത്രമാണ്.