നിർണായക മത്സരം ആയിരുന്നിട്ടുകൂടി ശ്രീലങ്കയ്ക്കെതിരായ ആദ്യ ട്വന്റി20യിൽ മികവാർന്ന പ്രകടനം കാഴ്ചവയ്ക്കാൻ സഞ്ജു സാംസണ് സാധിക്കാതെ വന്നു. ബാറ്റിങ്ങിലും ഫീൽഡിങ്ങിലും സഞ്ജു നിറമാകുന്ന കാഴ്ചയായിരുന്നു മത്സരത്തിലുടനീളം കണ്ടത്. മത്സരത്തിൽ നാലാമനായിയാണ് സഞ്ജു ബാറ്റിംഗിനിറങ്ങിയത്.14 ഓവറുകൾ മത്സരത്തിൽ ബാക്കിയുണ്ടായിട്ടും അനാവശ്യ ഷോട്ട് കളിച്ച് സഞ്ജു പുറത്താവുകയാണ് ഉണ്ടായത്. ഒരു ഇമ്പാക്ട് ഉണ്ടാക്കിയെടുക്കാൻ സഞ്ജു സാംസണ് സാധിക്കാതെ പോയി. ഇതേപ്പറ്റി കമന്ററി ബോക്സിലിരുന്ന മുൻ ഇന്ത്യൻ നായകൻ സുനിൽ ഗവാസ്കർ സംസാരിക്കുകയുണ്ടായി.
സഞ്ജുവിന്റെ ചില സമയങ്ങളിലെ ഷോട്ട് സെലക്ഷനുകൾ അയാളെ വല്ലാതെ പിന്നിലേക്കടുപ്പിക്കുന്നു എന്നായിരുന്നു സുനിൽ ഗവാസ്കർ പറഞ്ഞത്. “ഈ മത്സരത്തിൽ എഡ്ജിൽ തട്ടി തേർഡ് മാനിൽ ക്യാച്ച് നൽകിയാണ് സഞ്ജു മടങ്ങിയത്. സഞ്ജു ഒരു മികച്ച ക്രിക്കറ്ററാണ്. അയാൾക്ക് നല്ലവണ്ണം കഴിവുകളുമുണ്ട്. എന്നാൽ ചില സമയങ്ങളിലെ മോശം ഷോട്ട് സെലക്ഷനുകൾ സഞ്ജുവിനെ പിന്നിലേക്കടുപ്പിക്കുന്നു. അതിന് മറ്റൊരു ഉദാഹരണം തന്നെയാണ് ശ്രീലങ്കക്കെതിരായ മത്സരത്തിൽ കണ്ടത്. വളരെ നിരാശാജനകം.”- സുനിൽ ഗവാസ്കർ പറഞ്ഞു.
ഇതോടൊപ്പം അവസരങ്ങൾ മുതലാക്കുന്നതിൽ സഞ്ജു കുറച്ചുകൂടി ശ്രദ്ധ കേന്ദ്രീകരിക്കണം എന്നായിരുന്നു മുൻ ഇന്ത്യൻ തരം ഗൗതം ഗംഭീർ പറഞ്ഞത്. “സഞ്ജു എത്രമാത്രം കഴിവുള്ള ക്രിക്കറ്ററാണെന്ന് നമ്മൾ പലപ്പോഴും സംസാരിക്കാറുണ്ട്. എന്നാൽ ലഭിക്കുന്ന അവസരങ്ങൾ കൃത്യമായി വിനിയോഗിക്കാൻ സഞ്ജു ശ്രമിക്കേണ്ടതുണ്ട്.”- ഗൗതം ഗംഭീർ പറയുന്നു.
എന്തായാലും പരമ്പരയിൽ രണ്ടു മത്സരങ്ങൾ അവശേഷിക്കുന്നതിനാൽ തന്നെ വലിയൊരു തിരിച്ചുവരവ് നടത്താനുള്ള തയ്യാറെടുപ്പിലാണ് സഞ്ജു സാംസൺ. വ്യാഴാഴ്ചയാണ് പരമ്പരയിലെ രണ്ടാം മത്സരം നടക്കുന്നത്. പൂനയിലെ എംസിഎ സ്റ്റേഡിയമാണ് രണ്ടാം മത്സരത്തിന് വേദിയാകുന്നത്.