ഇന്ത്യയുടെ ന്യൂസിലാൻഡിനെതിരായ രണ്ടാം ട്വന്റി20 യിൽ ഒരു പ്രധാന സംസാര വിഷയമായിരുന്നു മലയാളി താരം സഞ്ജു സാംസൺ. തന്റെ കരിയറിലൂടനീളം ടീമിൽനിന്ന് ഒഴിവാക്കലുകൾ സഹിച്ച സഞ്ജുവിനെ വീണ്ടും ഇന്ത്യ അവഗണിക്കുന്നത് രണ്ടാം ട്വന്റി20യിൽ കാണാൻ സാധിച്ചു. സഞ്ജു സാംസൺ ന്യൂസിലാൻഡിനെതിരെ കളിക്കേണ്ട ബാറ്റർ തന്നെയായിരുന്നു എന്നാണ് മുൻ പാക് താരം ഡാനിഷ് കനേറിയ പറയുന്നത്. ഇന്ത്യൻ ടീം സഞ്ജുവിന്റെ കഴിവ് പാഴാക്കി കളയുകയാണ് എന്നും കനേറിയ പറയുന്നു.
“സഞ്ജുവിന്റെ കഴിവ്, ഇല്ലായ്മ ചെയ്യുകയാണ് ഇന്ത്യൻ ടീം. ന്യൂസിലാൻഡിനെതിരെയും സഞ്ജുവിന് സൈഡ് ബെഞ്ചിൽ ഇരിക്കേണ്ടിവന്നു. തന്റെ ടീമിനെ തോളിൽ വെച്ചു കൊണ്ടുപോകാൻ കെൽപ്പുള്ള ബാറ്ററാണ് സഞ്ജു. ടീം മാനേജ്മെന്റ് തങ്ങളുടെ ഭാവിയിൽ കുറച്ചുകൂടി ശ്രദ്ധിക്കാൻ തയ്യാറാവണം. കുറച്ചുവർഷങ്ങൾ കഴിയുമ്പോൾ സഞ്ജുവിന് ഇന്ത്യൻ ടീമിനെ നയിക്കാൻ ശ്രദ്ധിച്ചേക്കും. അതിനാൽ അയാൾക്ക് കൃത്യമായ അവസരങ്ങൾ നൽകുക തന്നെ വേണം.”- കനേറിയ പറഞ്ഞു.
ഇതോടൊപ്പം ഋഷഭ് പന്തിനെ ഇന്ത്യ അമിതമായി പിന്തുണയ്ക്കുന്നതിനേയും ഡാനിഷ് കനേറിയ വിമർശിച്ചു. പന്തിനെക്കാൾ 100 മടങ്ങ് മെച്ചമാണ് സഞ്ജു എന്ന് കനേറിയ പറയുന്നു. “ട്വന്റി20യിൽ പന്തിനെക്കാളും 100 മടങ്ങ് മെച്ചമാണ് സഞ്ജു. അവന് ആവശ്യമായ അവസരങ്ങൾ നൽകിയാൽ അടുത്ത ലോകകപ്പിലെ ഇന്ത്യയുടെ പ്രധാന കളിക്കാരനായി സഞ്ജു മാറും. ഇതോടൊപ്പം സഞ്ജുവിനെ ട്വന്റി20യിൽ ഓപ്പൺ ചെയ്യിക്കാനും ഇന്ത്യ തയ്യാറാകണം. സഞ്ജു ഇഷാൻ കിഷനൊപ്പം വരുന്ന മത്സരങ്ങളിൽ ഓപ്പൺ ചെയ്യണം.”- കനേറിയ കൂട്ടിച്ചേർക്കുന്നു.
ന്യൂസിലാൻഡിനെതിരായ രണ്ടാം ട്വന്റി20യിൽ 13 പന്തുകളിൽ 6 റൺസായിരുന്നു പന്ത് നേടിയത്. ലോകകപ്പിലും ഏഷ്യകപ്പിലുമടക്കം മോശം പ്രകടനങ്ങൾ ആവർത്തിച്ചിട്ടും പന്തിന് ഇന്ത്യ വീണ്ടും അവസരങ്ങൾ നൽകുന്നുണ്ട്. മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ചിട്ടും സഞ്ജു പുറത്തും.