ആദ്യം മികച്ച തുടക്കം. പിന്നീട് മധ്യഓവറുകളിലെ മോശം ബാറ്റിംഗ്. അവസാനം രക്ഷകരായി സഞ്ജുവും ശ്രേയസും. ന്യൂസിലാൻഡിനെതിരായ ഇന്ത്യയുടെ ആദ്യ ഏകദിനത്തിൽ കാര്യങ്ങൾ ഞൊടിയിടയിൽ മാറിമറിയുന്നതാണ് കാണാനായത്. എല്ലാത്തരം വിധികളെയും മാറ്റിമറിച്ചാണ് ഇന്ത്യയുടെ ഇന്നിങ്സ് അവസാനിക്കുന്നത്. മത്സരത്തിൽ താരതമ്യേന മികച്ച ബാറ്റിംഗ് പിച്ച് തന്നെയാണ് ഉണ്ടായിരുന്നത്. ടോസ് നേടിയ ന്യൂസിലൻഡ് വിചാരിച്ചത് പോലെ ബോളിംഗ് തിരഞ്ഞെടുത്തു.
മത്സരത്തിന്റെ ആദ്യ 10 ഓവറുകളിൽ ഇന്ത്യൻ ഓപ്പണർമാരായ ശിഖർ ധവാനും ശുഭ്മാൻ ഗില്ലും സൂക്ഷ്മതയോടെ തന്നെയാണ് ബാറ്റുവീശിയത്. പിച്ചിന്റെ ബൗൺസ് കൃത്യമായി മനസ്സിലാക്കിയശേഷം ഇരുവരും അടിച്ചുതകർത്തു. മത്സരത്തിൽ ശിഖർ ധവാൻ 77 പന്തുകളിൽ 72 റൺസ് നേടി. ഗിൽ 65 പന്തുകളിൽ 50 റൺസ്. ആദ്യ വിക്കറ്റിൽ ഇരുവരും ചേർന്ന് 124 റൺസാണ് കൂട്ടിച്ചേർത്തത്. എന്നാൽ ഇവരുടെയും വിക്കറ്റുകൾ നഷ്ടമായതോടെ കാര്യങ്ങൾ തകിടം മറിഞ്ഞു.
മൂന്നാമനായിറങ്ങിയ ശ്രേയസ് അയ്യർ പതിയെ ക്രീസിലുറച്ചെങ്കിലും ഋഷഭ് പന്തും (15) സൂര്യകുമാർ യാദവും (4) ചെറിയ ഇടവേളയിൽ കളമൊഴിഞ്ഞതോടെ ഇന്ത്യ പതറി. എന്നാൽ ആറാമനായിറങ്ങിയ സഞ്ജു ശ്രേയസിന് വലിയ രീതിയിൽ പിന്തുണ നൽകി. അനാവശ്യ ഷോട്ടുകൾക്ക് ശ്രമിക്കാതെ സഞ്ജു ഇന്ത്യയെ കൈപിടിച്ചു കയറ്റി. ഒരു വശത്ത് ശ്രേയസ് അയ്യർ അടിച്ചുതകർത്തപ്പോൾ മറുവശത്ത് സഞ്ജു ഇന്ത്യയുടെ കോട്ട കാത്തു.
മത്സരത്തിൽ 76 പന്തുകളിൽ 80 റൺസാണ് ശ്രേയസ് അയ്യർ നേടിയത്. സഞ്ജു സാംസൺ 38 പന്തുകളിൽ 36 റൺസ് നേടി. ഇരുവരുടെയും രക്ഷാപ്രവർത്തനത്തിനോടുവിൽ ഇന്ത്യയ്ക്കായി വാഷിംഗ്ടൺ സുന്ദറും (37) അടിച്ചുതകർത്തു. ഇന്ത്യ നിശ്ചിത 50 ഓവറുകളിൽ 306 റൺസ് നേടിയിട്ടുണ്ട്. ഒരു സമയത്ത് 250 റൺസ് പോലും ഇന്ത്യയ്ക്ക് വിദൂരത്തായിരുന്നു.