നിലവിൽ ഇന്ത്യൻ ടീമിൽ ഓപ്പണിങ് ബാറ്റർമാരുടെ ഒരു ഒഴുക്ക് തന്നെയാണുള്ളത്. രോഹിത് ശർമയും കെ എൽ രാഹുലുമായിരുന്നു കഴിഞ്ഞ ലോകകപ്പിൽ ഇന്ത്യയ്ക്കായി ഇന്നിങ്സ് ഓപ്പൺ ചെയ്തത്. അതിനുശേഷം ഇഷാൻ കിഷൻ,സഞ്ജു സാംസൺ, സൂര്യകുമാർ യാദവ്, ശ്രേയസ് അയ്യർ തുടങ്ങി ഒരുപാട് ഓപ്പണർമാരെ ഇന്ത്യ പരീക്ഷിക്കുകയുണ്ടായി. ഇവരാരുമല്ല വിരാട് കോഹ്ലിയാണ് രോഹിത് ശർമയ്ക്കൊപ്പം ഇന്ത്യൻ ഇന്നിങ്സ് ഓപ്പൺ ചെയ്യേണ്ടത് എന്ന അഭിപ്രായമാണ് മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പർ പാർഥിവ് പട്ടേലിന്റെത്.
വിരാട് കോഹ്‌ലിക്ക് ഏറ്റവും അനുയോജ്യമായ പൊസിഷൻ ഓപ്പണിങ് തന്നെയാണെന്നാണ് പാർഥിവ് പട്ടേലിന്റെ പക്ഷം. അതിനാൽ, വരുന്ന ട്വന്റി20കളിൽ രോഹിത്തിനൊപ്പം കോഹ്ലി ഓപ്പണിങ് ഇറങ്ങണം. ഇതുവരെ ഓപ്പണിങ് പൊസിഷനിൽ വിരാട് കോഹ്ലിയുടെ നമ്പറുകൾ വിജയകരമാണെന്നും കോഹ്ലിയെ ആ പൊസിഷനിൽ ബാറ്റ് ചെയ്യാനിറക്കിയാൽ അതയാളുടെ ആത്മവിശ്വാസം വർധിപ്പിക്കുമെന്നും പട്ടേൽ പറയുന്നു.
“എനിക്ക് വിരാട് കോഹ്ലിയും രോഹിത് ശർമയും ഇന്ത്യയുടെ ഇന്നിംഗ്സ് ഓപ്പൺ ചെയ്യുന്നതിനോടാണ് താല്പര്യം. ഓപ്പണറായി ഇറങ്ങിയാൽ കോഹ്ലിയ്ക്ക് തനിക്ക് ഇഷ്ടമുള്ളതുപോലെ കളിക്കാനാവും. ഇപ്പോൾ അദ്ദേഹം ഒരു ഇടവേള എടുത്തിട്ടുണ്ടെങ്കിലും അയാളുടെ ബാറ്റിംഗ് കഴിവുകളിൽ കുറവുകൾ വന്നിട്ടില്ല.” – പട്ടേൽ പറയുന്നു. “ഓപ്പണറായി ഇറങ്ങിയാൽ കോഹ്ലിയ്ക്ക് 0-0 എന്ന നിലയിൽ കളിച്ചുതുടങ്ങാനാകും. എന്നാൽ മൂന്നാം നമ്പറിൽ ഇറങ്ങിയാൽ സാഹചര്യം അനുസരിച്ച് സ്റ്റൈൽ മാറ്റേണ്ടിവരും. ” പാർഥിവ് കൂട്ടിച്ചേർത്തു.
കൂടാതെ ഓപ്പണിങ്ങിറങ്ങിയാൽ കോഹ്ലിയ്ക്ക് 170 വരെ സ്ട്രൈക്ക് റേറ്റ് നേടി കളിക്കാനാവുമെന്നും വിക്കറ്റ് പോകുന്ന സാഹചര്യങ്ങളിൽ അതിനനുസൃതമായി ഇന്നിംഗ്സ് ഹോൾഡ് ചെയ്യാനാകുമെന്നും പാർഥിവ് അഭിപ്രായപ്പെടുന്നു. എന്തായാലും ഏഷ്യാകപ്പിലടക്കം വിരാട് ഏതു പൊസിഷനിൽ കളിക്കുമെന്നത് കണ്ടറിയേണ്ടത് തന്നെയാണ്..