കഴിഞ്ഞ കുറച്ചുവർഷങ്ങളായി ഇന്ത്യൻ ക്രിക്കറ്റിൽ വന്നിരിക്കുന്ന മാറ്റങ്ങൾ ചെറുതൊന്നുമല്ല. ഒരുപാട് പുതിയ ക്രിക്കറ്റർമാർ ടീമിൽ എത്തുന്നതിനൊപ്പം പലർക്കും തങ്ങളുടെ മികവ് തെളിയിക്കാൻ അവസരം ലഭിച്ചുതുടങ്ങി. കളിക്കാരുടെ എണ്ണത്തിലുള്ള വർധന സെലക്ടർമാർക്ക് കല്ലുകടി ഉണ്ടാക്കുന്നുണ്ടെങ്കിലും, ഇന്ത്യയെ സംബന്ധിച്ച് ഏതു സാഹചര്യത്തിലും മത്സരം വിജയിപ്പിക്കാൻ പോന്ന ഒരുപാട് പുതിയ ക്രിക്കറ്റർമാർ ടീമിൽ എത്താൻ ഇത് കാരണമായി. കഴിഞ്ഞ ട്വന്റി20 ലോകകപ്പിൽ ഗ്രൂപ്പ് സ്റ്റേജിൽ പുറത്തായതിനുശേഷമാണ് ഇന്ത്യ പുതിയ റൊട്ടെഷൻ സ്കീം ആരംഭിക്കുന്നത്. ഇതിനെകുറിച്ച് സംസാരിച്ചിരുന്നത് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയാണ്.
“ഞങ്ങൾ ഈ സമയത്ത് ഒരുപാട് മത്സരങ്ങൾ കളിക്കുന്നുണ്ട്. അതിനാൽ തന്നെ പരിക്കുകൾ ഉണ്ടാകാനുള്ള സാധ്യതയുമുണ്ട്. കളിക്കാരുടെ ജോലിഭാരം കൂടുന്നുണ്ട്. ഇക്കാരണങ്ങൾ ഒക്കെ കൊണ്ട് കളിക്കാരെ വേണ്ടവിധം റൊട്ടറ്റ് ചെയ്യേണ്ടത് ആവശ്യമാണ്. ഇതിലൂടെ ടീം കുറച്ചുകൂടി ശക്തമാകും. ഒപ്പം ഏതു സാഹചര്യത്തിലും നമുക്ക് പകരക്കാരനായി മറ്റൊരു കളിക്കാരനെ കണ്ടെത്താൻ അനായാസമായി സാധിക്കും.
കൂടാതെ കളിക്കാർക്ക് അന്താരാഷ്ട്ര മത്സരങ്ങളിൽ കളിച്ച് പരിചയസമ്പന്നതയും ലഭിക്കും”- രോഹിത് പറയുന്നു. “നമുക്കുവേണ്ടത് ശക്തമായ ഒരു ടീം തന്നെയാണ്. അതിനോടൊപ്പം ടീമിന്റെ ഭാവി നമ്മുടെ കൈകളിൽ സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തുകയും ചെയ്യണം. അതിനുള്ള പ്ലാനുകൾ ഉണ്ടാക്കാൻ തന്നെയാണ് ഞങ്ങൾ ശ്രമിക്കുന്നത്. “- രോഹിത് ശർമ കൂട്ടിച്ചേർത്തു.
ഇതിനൊപ്പം നമ്മൾ ജയിച്ചോ പരാജയപ്പെട്ടോ എന്നതിനല്ല പ്രാധാന്യം കൊടുക്കേണ്ടത് എന്ന് രോഹിത് പറയുന്നു. നാം പ്രാധാന്യം കൊടുക്കേണ്ടത് ഒരു ടീം എന്ന നിലയിൽ നമുക്ക് എത്രമാത്രം മികവുണ്ടാക്കാൻ പറ്റി എന്നതാണെന്നാണ് രോഹിത്തിന്റെ വാദം. നിലവിൽ ഇന്ത്യയ്ക്ക് മുൻപിലുള്ളത് ഓഗസ്റ്റ് 28 തുടങ്ങുന്ന ഏഷ്യാകപ്പാണ്. ശേഷം ഹോം സീരിയലുകൾക്ക് കഴിഞ്ഞ് ഇന്ത്യ ട്വന്റി20 ലോകകപ്പിനായി തയ്യാറാവും. രോഹിത് ശർമ തന്നെയാണ് ഇരുടൂർണമെന്റുകളിലും ഇന്ത്യൻ ക്യാപ്റ്റൻ.