ഒരു സമയത്ത് ഇന്ത്യൻ ടീമിലെ സ്ഥിരസാന്നിധ്യമാകാൻ വളരെയധികം ബുദ്ധിമുട്ടിയ ഒരു ക്രിക്കറ്റായിരുന്നു ദിനേശ് കാർത്തിക്. ബാറ്റിംഗിൽ പലപ്പോഴും തന്റെ കഴിവ് തെളിയിച്ചിട്ടും ടീമിൽ ഇടം കണ്ടെത്താൻ കാർത്തിക്ക് നന്നേ വിഷമിച്ചിരുന്നു. എന്നാൽ 2022 ഐപിഎല്ലിൽ ബാംഗ്ലൂർ ടീമിനായി തട്ടുപൊളിപ്പൻ ഫിനിഷിങ്ങുകൾ നടത്തിയതോടെ ദിനേശ് കാർത്തിക് ഇന്ത്യൻ ടീമിലേക്ക് തിരിച്ചെത്തി. നിലവിൽ ഫിനിഷറുടെ റോളിൽ കളിക്കുന്ന കാർത്തിക് ഇന്ത്യയുടെ ഏഷ്യാകപ്പ് സ്ക്വാഡിലെ ഒരംഗമാണ്.
എന്നാൽ ദിനേശ് കാർത്തിക്കിന് കൂടുതൽ അവസരങ്ങൾ നൽകണമെന്നാണ് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം മനീന്ദർ സിംഗ് പറയുന്നത്. ഇന്ത്യൻ ടീമിൽ റിഷഭ് പന്തടക്കമുള്ള വിക്കറ്റ്കീപ്പർ ബാറ്റർമാർ തങ്ങളുടെ ബാറ്റിംഗ് കഴിവ് പുറത്തെടുക്കാൻ തുടങ്ങിയതോടെ ദിനേശ് കാർത്തിക്കിന്റെ സ്ഥാനത്തെപറ്റിയുള്ള സംശയങ്ങൾ ഉയർന്നു. എന്നാൽ എല്ലാറ്റിനും മറുപടി നൽകിയിരിക്കുകയാണ് മനീന്ദർ സിംഗ് ഇപ്പോൾ. ഇന്ത്യയുടെ ടീം മാനേജ്മെന്റിന് എല്ലാ കാര്യത്തിലും ഒരു പ്ലാൻ ഉണ്ടെന്നും അതിനെ പിന്തുണക്കുകയാണ്.
നമ്മൾ ചെയ്യേണ്ടതെന്നും മനീന്ദർ സിംഗ് പറയുന്നു. നിലവിലെ ടീമിൽ കാർത്തിക് പൂർണമായും ഫിനിഷറുടെ റോൾ കളിക്കാൻ പ്രാപ്തനാണെന്നും മനീന്ദർ സിംഗ് പറയുന്നു. “എല്ലാ കോച്ചുകൾക്കും ക്യാപ്റ്റൻമാർക്കും വ്യത്യസ്തമായ കാഴ്ചപ്പാടുണ്ട്. അവരെ നമ്മൾ പിന്തുണക്കണമെന്ന നിലപാടാണ് എനിക്ക്. അവർ പുതിയ പരീക്ഷണങ്ങൾ ചെയ്യട്ടെ. പരാജയപ്പെട്ടാൽ നമുക്ക് പിന്നീട് മാറ്റാം. പക്ഷേ ദിനേഷ് കാർത്തിക്കിനെ സംബന്ധിച്ച് ഇന്ത്യൻ ടീമിന് ഒരു മുതൽക്കൂട്ടാണ് അദ്ദേഹം.
പറഞ്ഞതുപോലെ തന്നെ അദ്ദേഹം കൂടുതൽ ഓവറുകൾ ബാറ്റ് ചെയ്യുന്നത് കാണാനാണ് എനിക്കിഷ്ടം. എന്നിരുന്നാലും രാഹുൽ ദ്രാവിഡും ക്യാപ്റ്റനുമാണ് അത് തീരുമാനിക്കേണ്ടത്. “- മനീന്ദർ സിംഗ് പറയുന്നു. നിലവിലെ ഇന്ത്യയുടെ ഏഷ്യാകപ്പ് സ്‌ക്വാഡിലെ ഒരേയൊരു ഫിനിഷറാണ് ദിനേശ് കാർത്തിക്. കഴിഞ്ഞ വിൻഡിസ് പര്യടനത്തിലും ഭേദപ്പെട്ട പ്രകടനം കാർത്തിക്ക് കാഴ്ചവെച്ചിരുന്നു. എന്നിരുന്നാലും കാർത്തിക്കിന്റെ സ്ഥിരതയെ സംബന്ധിച്ച് ഒരുപാട് ചോദ്യങ്ങൾ ഇപ്പോൾ ഉയരുന്നുണ്ട്.