ഇന്ത്യ ട്വന്റി 20 ലോകകപ്പിലേക്ക് കടക്കുമ്പോൾ ലോകത്തുള്ള മുഴുവൻ മലയാളികളുടെയും സ്വപ്നമാണ് ഇന്ത്യൻ ടീമിൽ സഞ്ജു സാംസന്റെ സ്ഥാനം. ടീമിൽ വലിയ രീതിയിൽ അവസരങ്ങൾ ലഭിച്ചിരുന്നില്ലെങ്കിൽകൂടി കിട്ടിയ അവസരങ്ങളിൽ ശ്രദ്ധേയമായ പ്രകടനങ്ങൾ സഞ്ജു സാംസൺ കാഴ്ചവെച്ചിരുന്നു. എന്നാൽ ഇന്ത്യൻ ടീമിൽ കളിക്കാരുടെ എണ്ണം വർധിച്ചുവരുന്നത് ഏഷ്യാകപ്പിൽ സഞ്ജുവിന് വിനയാവുകയും ടീമിൽ സ്ഥാനം കണ്ടെത്താൻ വിഷമിക്കുകയും ചെയ്തു.
നിലവിൽ ട്വന്റി20 ലോകകപ്പിൽ സഞ്ജു ഇന്ത്യയെ പ്രതിനിധീകരിക്കുന്ന കാര്യം ആശങ്കയിൽ തന്നെയാണ്. എന്നാൽ മധ്യനിരയിൽ കളിക്കാനുള്ള മത്സരത്തിൽ സഞ്ജു അല്പം പിന്നിലാണ് എന്നാണ് മുൻ ഇന്ത്യൻ ക്രിക്കറ്റർ ആകാശ് ചോപ്രയുടെ അഭിപ്രായം. “സഞ്ജുവിന് ഒരുപാട് ഫോളോവേഴ്സ് ഉണ്ട്. വിദേശരാജ്യങ്ങളിൽ പോലുമുണ്ട്. എന്നാൽ എനിക്ക് തോന്നുന്നത് സഞ്ജു ഇപ്പോൾ അല്പം പിന്നിലാണ് എന്നാണ്. ലോകകപ്പിനുശേഷം ആറു മത്സരങ്ങൾ സഞ്ജു കളിച്ചിരുന്നു.
44 റൺസ് ആവറേജും 158 സ്ട്രൈക്ക് റേറ്റും ഉണ്ട്. കുറച്ചു ചാൻസുകളെ കിട്ടിയുള്ളുവെങ്കിലും നന്നായി കളിച്ചിട്ടുണ്ട്.”- ചോപ്ര പറയുന്നു. എന്നാൽ ഇത്തരം മികച്ച പ്രകടനങ്ങൾ ഉണ്ടായിട്ടും സഞ്ജുവിന് ലോകകപ്പിൽ പങ്കെടുക്കാനുള്ള അവസരം വിരളമാണെന്നാണ് ചോപ്രയുടെ അഭിപ്രായം. “സഞ്ജുവിന്റെ ഐപിഎൽ കരിയർ മോശമല്ല. 17 മത്സരങ്ങളിൽ 458 റൺസായിരുന്നു സഞ്ജു ഇത്തവണ നേടിയത്. പക്ഷേ ശരാശരി 28 ആണ്. ടോപ് ഓർഡർ ബാറ്റർ എന്ന നിലയിൽ ഇത് കുറവ് തന്നെയാണ്.
ഇത്തരം മികച്ച നമ്പറുകളുണ്ടെങ്കിലും അതെല്ലാം ടോപ് ഓർഡറിൽ കളിച്ചപ്പോൾ നേടിയതാണ് എന്നതാണ് പ്രശ്നം.” – ചോപ്ര കൂട്ടിച്ചേർക്കുന്നു. നിലവിൽ ഇന്ത്യൻ ടീമിന്റെ ടോപ്പ് ഓർഡറിൽ ഒരുപാട് ബാറ്റർമാർ നിലകൊള്ളുന്നുണ്ട്. വിരാട് കോഹ്ലിയും രോഹിത് ശർമയും കെ എൽ രാഹുലും സൂര്യകുമാർ യാദവുമൊക്കെ ടോപ് ഓർഡറിൽ സ്ഥാനമുറപ്പിച്ചാൽ സഞ്ജുവിന്റെ സാഹചര്യങ്ങൾ കൂടുതൽ മോശമാകും എന്നാണ് ചോപ്രയുടെ അഭിപ്രായം.