വിൻഡിസ് പര്യടനത്തിലും സിംബാബ്വെക്കെതിരായ പര്യടനത്തിലും മികച്ച ബാറ്റിംഗ് പ്രകടനമാണ് സഞ്ജു കാഴ്ചവെച്ചത്. അതിനാൽതന്നെ ഒരുപാട് മുൻക്രിക്കറ്റർമാർ സഞ്ജുവിനെ പ്രശംസിച്ച് രംഗത്ത് വന്നിട്ടുമുണ്ട്. എന്നിരുന്നാലും മികച്ച പ്രകടനങ്ങൾക്കിടയിലും സഞ്ജുവിന് കൃത്യമായി ടീമിൽ ഇടംകണ്ടെത്താൻ സാധിക്കാത്തതിൽ പലരും ഖേദം പ്രകടിപ്പിക്കുകയുണ്ടായി. ഇപ്പോൾ വ്യത്യസ്തമായ ഒരു അഭിപ്രായം സഞ്ജുവിന്റെ മുൻപിലേക്ക് വയ്ക്കുകയാണ് മുഹമ്മദ് കൈഫ്.
ഇന്ത്യൻ ടീമിൽ സഞ്ജു 5ഓ 6ഓ ബാറ്റിംഗ് പൊസിഷൻ കളിക്കണമെന്നാണ് കൈഫ് പറയുന്നത്. ഇന്ത്യൻ ടീമിലെ ആദ്യ 4 സ്പോട്ടുകളിൽ ഒഴിവില്ലാത്തതിനാലാണ് കൈഫിന്റെ ഈ ആവശ്യം. ” സഞ്ജു പരമ്പരയിലുടനീളം നന്നായി തന്നെ കളിച്ചു. ആദ്യമത്സരത്തിൽ അയാൾക്ക് ബാറ്റിംഗ് ചെയ്യാൻ അവസരം ലഭിച്ചിരുന്നില്ല. എന്നാൽ അടുത്ത രണ്ട് മത്സരങ്ങളിൽ ആറു സിക്സറുകളാണ് നേടിയത്. പക്ഷേ ഇന്ത്യയുടെ മുൻനിരയിൽ സഞ്ജുവിന് സ്ഥാനം കണ്ടെത്തുക.
ബുദ്ധിമുട്ടാവും. കെ എൽ രാഹുൽ, വിരാട് കോഹ്ലി, രോഹിത് ശർമ, സൂര്യകുമാർ യാദവ് എന്നിവർ ആദ്യ 4 സ്ഥാനങ്ങളിലുണ്ടല്ലോ” കൈഫ് പറയുന്നു. “എന്തായാലും ഈ സിക്സ് ഹിറ്റിംഗ് കഴിവുകൊണ്ട് സഞ്ജുവിന്റെ ഭാവി മോശമാകില്ല. കാരണം ഇന്ത്യൻ ടീമിലെ അഞ്ച്, ആറ് നമ്പറുകൾ അയാൾക്ക് ആവശ്യപ്പെടാവുന്നതാണ്. ഇനിയും നന്നായി വമ്പൻ ഷോട്ടുകൾ കളിച്ചാൽ ആ സ്ഥാനത്ത് സഞ്ജുവിന് കളിക്കാൻ സാധിക്കും.
നിലവിൽ ഹാർദിക് പാണ്ട്യയും ദിനേശ് കാർത്തിക്കും റിഷാഭ് പന്തുമാണ് ആ സ്ഥാനത്ത് കളിക്കുന്നത്. അവിടെ സഞ്ജുവിന് സ്ഥാനം ലഭിച്ചേക്കാം.”- കൈഫ് കൂട്ടിച്ചേർക്കുന്നു. സിംബാബ്‌വെക്കെതിരെ മികച്ച ബാറ്റിംഗ് പ്രകടനം കാഴ്ചവച്ചതോടെ സഞ്ജുവിനെ ഇന്ത്യൻ ടീമിൽ പരിഗണിക്കുന്നതിനെക്കുറിച്ച് ഒരുപാട് ചർച്ചകൾ ഉയർന്നിട്ടുണ്ട്. എന്തായാലും ഏഷ്യാകപ്പിനുശേഷം ഇന്ത്യൻ ബാറ്റിംഗ് നിരയിൽ ചില മാറ്റങ്ങൾ എല്ലാവരും പ്രതീക്ഷിക്കുന്നു.