മുൻ ക്രിക്കറ്റ് ഇതിഹാസങ്ങൾ അണിനിരക്കുന്ന റോഡ് സേഫ്റ്റി വേൾഡ് സീരീസ് 2022 ഇന്ന് ആരംഭിക്കുകയാണ്. മുൻ സീസണിലെ ജേതാക്കളായ ഇന്ത്യൻ ലെജൻഡ്സും ദക്ഷിണാഫ്രിക്കൻ ലെജന്ഡ്സും തമ്മിലാണ് ലീഗിലെ ആദ്യ മത്സരം. കാൺപൂരിൽ വച്ചാണ് മത്സരം നടക്കുക. എട്ട് ടീമുകളാണ് ടൂർണമെന്റിന്റെ രണ്ടാം സീസണിൽ പങ്കെടുക്കുന്നത്. ഇന്ത്യ, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, ന്യൂസിലാൻഡ്, ഇംഗ്ലണ്ട്, ബംഗ്ലാദേശ്, ഓസ്ട്രേലിയ, വിൻഡീസ് എന്നിവയാണ് ടൂർണമെന്റിലെ മറ്റുടീമുകൾ.
ഗ്രൂപ്പ് സ്റ്റേജിൽ എല്ലാ ടീമുകളും അഞ്ചു മത്സരങ്ങളാണ് കളിക്കുക. ഇതിൽ ഏറ്റവും കൂടുതൽ പോയ്ന്റ്സ് നേടുന്ന നാല് ടീമുകൾ സെമി ഫൈനലിലെത്തും. സെമി ഫൈനലിലെ വിജയികൾ ഒക്ടോബർ ഒന്നിന് നടക്കുന്ന ഫൈനലിൽ ഏറ്റുമുട്ടും. ഇങ്ങനെയാണ് ടൂർണ്ണമെന്റിന്റെ മത്സരക്രമം നിശ്ചയിച്ചിരിക്കുന്നത്. സച്ചിൻ ടെണ്ടുൽക്കർ, യുവരാജ് സിംഗ്, സുരേഷ് റെയ്ന, ഇർഫാൻ പത്താൻ, യൂസഫ് പത്താൻ, ഹർഭജൻ സിംഗ്, സ്റ്റുവർട്ട് ബിന്നി, പ്രഗ്യാൻ ഓജ, മൻപ്രീറ്റ് ഗോണി എന്നിവരാണ് ഇന്ത്യൻ ലെജൻഡ്സ് നിരയിലെ പ്രധാന കളിക്കാർ.
ഇവരെ കൂടാതെ റോസ് ടെയ്‌ലർ, സ്കോട്ട് സ്റ്റൈറീസ്, ഷെയിൻ വാട്സൺ, ബ്രാഡ് ഹോഡ്ജ്, ബ്രറ്റ് ലീ, ബ്രയാൻ ലാറ, ഇയാൻ ബെൽ തുടങ്ങിയവരും റോഡ് സേഫ്റ്റി ടൂർണമെന്റിൽ അണിനിരക്കും. ഇന്നു വൈകിട്ട് 7.30നാണ് ഇന്ത്യയുടെ ദക്ഷിണാഫ്രിക്കക്കെതിരായ മത്സരം കാൺപൂരിൽ വച്ച് നടക്കുന്നത്. നാളെ ബംഗ്ലാദേശ് വിൻഡീസിനെയും ശ്രീലങ്ക ഓസ്ട്രേലിയയെയും നേരിടും.
മത്സരങ്ങളെല്ലാം തന്നെ ഇന്ത്യൻ സമയം 3.30നും 7.30നുമാണ് നടക്കുക. വമ്പൻ താരങ്ങളുടെ തിരിച്ചുവരവാണ് ടൂർണമെന്റിലൂടെ കാണാനാവുന്നത്. അതിനാൽതന്നെ വലിയ ആവേശത്തിലാണ് ആരാധകർ. ഇന്ത്യൻ ക്രിക്കറ്റർ സുരേഷ് റെയ്‌ന എല്ലാത്തരം ക്രിക്കറ്റിൽ നിന്ന് വിരമിച്ച് റോഡ് സേഫ്റ്റി ടൂർണമെന്റിൽ കളിക്കാൻ തീരുമാനിച്ചത് കഴിഞ്ഞ ദിവസമായിരുന്നു.