ഇത്തവണത്തെ റോഡ് സേഫ്റ്റി ടൂർണമെന്റ് സെപ്റ്റംബർ 10ന് കാൺപൂരിലാണ് ആരംഭിക്കുന്നത്. ലീഗിൽ ഇന്ത്യ, വെസ്റ്റ് ഇൻഡീസ്, ദക്ഷിണാഫ്രിക്ക,ഓസ്ട്രേലിയ, ശ്രീലങ്ക ബംഗ്ലാദേശ്, ഇംഗ്ലണ്ട് ന്യൂസിലാൻഡ് എന്നിങ്ങനെ എട്ട് ടീമുകളാണ് അണിനിരക്കുന്നത്. കഴിഞ്ഞ സീസണിലെ ടൂർണ്ണമെന്റിൽ ഇന്ത്യൻ ലെജൻഡ്സ് ആയിരുന്നു ജേതാക്കൾ. എന്നാൽ ഇത്തവണ ഇന്ത്യയുടെ സ്റ്റാർ ബാറ്റർ വീരേന്ദ്ര സേവാഗ് ഇല്ലാത്തത് ഇന്ത്യയ്ക്ക് തിരിച്ചടിയാണ്. നമുക്ക് റോഡ് സേഫ്റ്റി ടൂർണമെന്റിലെ ടീമുകൾ പരിശോധിക്കാം.
ടൂർണമെന്റ്ലെ ഇന്ത്യൻ ലെജൻഡ്സ് ടീമിനെ ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറാണ് നയിക്കുന്നത്. സച്ചിനൊപ്പം യുവരാജ് സിംഗ്, യൂസഫ് പത്താൻ, ഇർഫാൻ പത്താൻ എന്നിവരും ടീമിന്റെ പ്രധാന സാന്നിധ്യമാണ്. ബോളിംഗ് വിഭാഗത്തിൽ ഹർഭജൻ സിംഗും മുനാഫ് പട്ടേലും പ്രഗ്യാൻ ഓജയുമാണ് ഇന്ത്യയുടെ തെര് തെളിയിക്കുക. മറ്റൊരു ടീമായ ന്യൂസിലാൻഡ് ലെജൻഡ്സിനെ റോസ് ടെയ്‌ലർ നയിക്കും. ജേക്കബ് ഓറം, കൈൽ മിൽസ്, സ്കോട്ട് സ്റ്റൈറിസ്, ഷെയിൻ ബോണ്ട് തുടങ്ങിയവരാണ് ടീമിലെ പ്രധാന കളിക്കാർ.
ഓസ്ട്രേലിയൻ ലജൻസ് ടീമിനെ ഷെയ്ൻ വാട്ട്സനാണ് നയിക്കുക. വാട്സനൊപ്പം ബ്രറ്റ് ലീ, ബ്രാഡ് ഹാഡിൻ, ക്യാമറൺ വൈറ്റ്, ഡെർക് നാനസ് തുടങ്ങിയവരും ഉണ്ടാകും. ബ്രയാൻ ലാറയാണ് വിൻഡിസ് ടീമിന്റെ നായകൻ. ലാറയ്ക്ക് പുറമെ ഡേയ്ൻ സ്മിത്ത്, ജെറോം ടൈലർ, സുലൈമാൻ ബെൻ തുടങ്ങിയവരും സ്‌ക്വാഡിലുണ്ട്. ഇയാൻ ബെൽ ക്യാപ്റ്റനായ ഇംഗ്ലണ്ട് ലെജൻസിൽ നിക്ക് ക്രോംറ്റൻ, ഫിൽ മസ്റ്റാർഡ്, ട്രംലറ്റ് തുടങ്ങിയവരും അണിനിരക്കുന്നു.
ഷഹദത് ഹുസൈൻ നായകനായ ബാംഗ്ലാദേശിൽ അബ്ദുർ റസാഖ്, അലോക് കപാലി, അബുൽ ഹസൻ തുടങ്ങിയവരാണ് ആകർഷണങ്ങൾ. തിലകരത്‌നെ ദിൽഷനാണ് ശ്രീലങ്കൻ ലെജൻഡ്സ് ക്യാപ്റ്റൻ. ഗുണരത്‌നെ, ചമര സിൽവ, കപുഗെദര, ചാമിന്താ വാസ്, തീസാര പെരേര, സനത് ജയസൂര്യ തുടങ്ങിയ സൂപ്പർ താരങ്ങളും അണിനിരക്കും. സ്റ്റാർ ബാറ്റർ ജോന്റി റോഡ്സാണ് ദക്ഷിണാഫ്രിക്കൻ ടീം ക്യാപ്റ്റൻ. കൂടാതെ ലാൻസ് ക്ലൂസ്നർ, ജോഹാൻ ബോത്ത, മക്കായ എന്റിനി തുടങ്ങിയവരും ടീമിന്റെ സാന്നിധ്യമാണ്. സെപ്റ്റംബർ 10 മുതൽ ഒക്ടോബർ 1 വരെയാണ് മത്സരങ്ങൾ നടക്കുക.