വലിയൊരു സ്കോർ കെട്ടിപ്പടുത്തിട്ടും ഓസ്ട്രേലിയൻ നിര ഇന്ത്യയ്ക്കെതിരെ അനായാസമായി വിജയം നേടിയതായിരുന്നു ആദ്യ ട്വന്റി20 മത്സരത്തിൽ കണ്ടത്. ഇന്ത്യയുടെ ബാറ്റർമാർ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചപ്പോൾ ബോളർമാർക്ക് തങ്ങളുടെ പ്ലാനുകൾ കൃത്യമായി നടത്താൻ സാധിക്കാതെ വന്നു. ഇന്ത്യൻ ബോളിംഗ് നിര ട്വന്റി20 മത്സരങ്ങളിൽ ഇനിയും ഒരുപാട് മുൻപിലേക്ക് പോകേണ്ടതുണ്ട് എന്ന നിലപാടാണ് മുൻ ഇന്ത്യൻ പേസർ ആർ പി സിങ് ഇപ്പോൾ പ്രകടിപ്പിച്ചിരിക്കുന്നത്.
ഓസ്ട്രേലിയയ്ക്കെതിരായ ആദ്യ ട്വന്റി20 മത്സരത്തിൽ തങ്ങളുടെ ബോളിംഗ് ഇന്നിങ്സിന്റെ ഒരു ഭാഗത്ത് പോലും മേൽക്കോയ്മ നേടിയെടുക്കാൻ ഇന്ത്യയ്ക്കായില്ല എന്നാണ് ആർ പി സിങ് പറഞ്ഞുവയ്ക്കുന്നത്. ” ഉമേഷ് യാദവിന്റെ, രണ്ട് വിക്കറ്റുകൾ വീഴ്ത്തിയ ഓവർ ഒഴിച്ചുനിർത്തിയാൽ യാതൊരു തരത്തിലുള്ള ഇമ്പാക്ട് ഉണ്ടാക്കാനും ഇന്ത്യൻ നിരയ്ക്ക് സാധിച്ചിട്ടില്ല. അത് അവരുടെ കഴിവിന്റെ പ്രശ്നമല്ല, കൃത്യമായി അവരുടെ പ്ലാനുകൾ നടപ്പാക്കാൻ സാധിക്കാതെ വന്നതിനുള്ള പ്രശ്നമാണ്”- ആർ പി സിങ് പറയുന്നു.
“വൈഡ് യോർക്കറുകൾ എറിയുമ്പോൾ തേഡ്മാനെ ഇൻസൈഡ് സർക്കിളിനുള്ളിൽ നിർത്തേണ്ട ആവശ്യമേ വരുന്നില്ല. അക്കാര്യത്തിലൊക്കെ ഇന്ത്യ വലിയ മാറ്റങ്ങൾ കൊണ്ടുവരേണ്ടിയിരിക്കുന്നു. അല്ലാത്തപക്ഷം 150 പോലെയുള്ള സ്കോറുകൾ പ്രതിരോധിക്കാൻ ഇന്ത്യക്ക് ഒരിക്കലും സാധിക്കില്ല.”- ആർ പി സിങ് കൂട്ടിച്ചേർക്കുന്നു.
ഇതോടൊപ്പം ആദ്യ ട്വന്റി20യിലെ ഓസ്ട്രേലിയയുടെ ബാറ്റിംഗ് മികവിനെപറ്റിയും ആർ പി സിങ് പറയുകയുണ്ടായി. “തങ്ങളുടെ ഇന്നിംഗ്സിന്റെ ഒരു ഭാഗത്ത് പോലും ഇന്ത്യയെ മുൻപിലെത്താൻ ഓസിസ് സമ്മതിച്ചിരുന്നില്ല. കൃത്യമായ ഇടവേളകളിൽ അവർ ബൗണ്ടറികൾ കണ്ടെത്തി. കൂടാതെ കൃത്യമായി സിംഗിൾ നേടുകയും ചെയ്തു.”- ആർ പി സിംഗ് പറഞ്ഞുവയ്ക്കുന്നു. ആദ്യ മത്സരത്തിൽ പരാജയമറിഞ്ഞതോടെ പരമ്പരയിലെ രണ്ടാം മത്സരം ഇന്ത്യയ്ക്ക് വളരെയേറെ പ്രാധാന്യമുള്ളതായി മാറിയിട്ടുണ്ട്.