ഡെത്ത് ഓവറിൽ തല്ലുവാങ്ങിയവന് വീണ്ടും ഡെത്ത് ഓവർ കൊടുക്കുന്നു ഇതെന്ത് തന്ത്രമെന്ന് ആർ പി സിംഗ്

   

ഇന്ത്യയുടെ ഡെത്ത് ബോളിംഗ് സംബന്ധിച്ച് ഒരുപാട് ആശങ്കകൾ നിലനിൽക്കുന്നുണ്ട്. പല ബോളർമാരെയും മാറ്റി പരീക്ഷിച്ചിട്ടും അവസാന ഓവറുകളിൽ കൃത്യമായ പ്രകടനം കാഴ്ചവയ്ക്കാൻ ഇന്ത്യയ്ക്ക് സാധിക്കുന്നില്ല. പരിക്കിന് ശേഷം തിരികെ ഇന്ത്യയുടെ തുറപ്പുചീട്ട് ജസ്പ്രീത് ബുംറയ്ക്ക് പോലും ഈ ഒഴുക്കിന് തടയിടാൻ സാധിക്കുന്നില്ല എന്നതാണ് വസ്തുത. മൂന്നാം മത്സരത്തിലും അവസാന അഞ്ച് ഓവറുകളിൽ 63 റൺസ് ഇന്ത്യ വഴങ്ങുകയുണ്ടായി. ഇത്തരം മോശം പ്രകടനങ്ങൾ ബോളർമാർ ആവർത്തിക്കുമ്പോൾ തനിക്ക് മുമ്പിലുള്ള മറ്റു ഓപ്ഷനുകളിലേക്ക് ക്യാപ്റ്റൻ രോഹിത് ശർമ കടക്കണമെന്ന നിലപാടാണ് മുൻ ഇന്ത്യൻ പേസർ ആർ പി സിങ്ങിന് ഉള്ളത്.

   

ഒരു ബോളർ അമിതമായി റൺസ് വഴങ്ങിയാൽ, അയാളെ ആത്മവിശ്വാസം തിരിച്ചെത്തുന്നതിനുമുമ്പ് വീണ്ടും ബോൾ ഏൽപ്പിക്കരുത് എന്നും ആർ പി സിങ് പറയുന്നു. “ഒരു ബോളർ ഡെത്ത് ഓവറുകളിൽ നിരന്തരമായി 18-19 റൺസ് വഴങ്ങുന്നുവെങ്കിൽ അയാൾക്ക് പിന്നീട് ആ സമയത്ത് ബോൾ നൽകാതിരിക്കുകയാണ് ഉത്തമം. ബോളർമാരുടെ ഏറ്റവും വലിയ ആശ്വാസം വിക്കറ്റുകൾ നേടുക എന്നതാണ്. ഇന്നിംഗ്സിന്റെ ആദ്യ ഓവറുകളിൽ അവർക്ക് വിക്കറ്റുകൾ നേടാൻ സാധിച്ചാൽ അവസാന ഓവറുകളിൽ അവർ നന്നായി ബോൾ ചെയ്യും.”- ആർ പി സിങ് പറയുന്നു.

   

“എന്നാൽ അവസാന ഓവറുകളിൽ കാര്യങ്ങൾ കൃത്യമായി നടക്കുന്നില്ലെങ്കിൽ ആ ബോളറെ ആ റോളിൽ നിന്നും മാറ്റേണ്ടതുണ്ട്. കുറച്ചു നേരത്തേക്കെങ്കിലും മാറ്റിനിർത്തണം. കാരണം ഇത് അയാളുടെ ആത്മവിശ്വാസത്തെ പോലും ബാധിച്ചേക്കാം.”- ആർ പി സിംഗ് കൂട്ടിച്ചേർക്കുന്നു.

   

ഇന്ത്യയെ സംബന്ധിച്ച് വ്യത്യസ്തമായ ഒരു ബോളിംഗ് കോമ്പിനേഷനാവും ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20 മത്സരത്തിൽ കളിക്കുക. ഭുവനേശ്വർ കുമാറും ഹർദിക് പാണ്ഡ്യയും എൻ സി എയിലേക്ക് പോകുന്ന സാഹചര്യത്തിൽ അർഷദീപ് സിങ്ങും മുഹമ്മദ് ഷാമിയും ടീമിലേക്ക് തിരിച്ചെത്തും. എന്തായാലും ലോകകപ്പിനു മുൻപ് ഉത്തമമായ ഒരു ബോളിംഗ് കോമ്പിനേഷൻ കണ്ടെത്തേണ്ടത് അത്യാവശ്യം തന്നെയാണ്.

Leave a Reply

Your email address will not be published. Required fields are marked *