ചരിത്ര സെഞ്ച്വറിയുമായി റൂസോ!! നാഗിൻസിനെ ഭസ്മമാക്കി ദക്ഷിണാഫ്രിക്ക

   

2022 ട്വന്റി20 ലോകകപ്പിലെ ആദ്യ സെഞ്ച്വറി നേടി ദക്ഷിണാഫ്രിക്കൻ ബാറ്റർ റൈലി റൂസോ. ദക്ഷിണാഫ്രിക്കയുടെ ബംഗ്ലാദേശിനെതിരായ സൂപ്പർ 12ലെ മത്സരത്തിലാണ് റൂസോ സെഞ്ച്വറി നേടിയത്. മുൻപ് ഇന്ത്യയ്ക്കെതിരായ അവസാന ട്വന്റി20 മത്സരത്തിലും റൂസോ സെഞ്ച്വറി നേടിയിരുന്നു. ട്വന്റി20 ലോകകപ്പിൽ ദക്ഷിണാഫ്രിക്കക്കായി സെഞ്ച്വറി നേടുന്ന ആദ്യ ക്രിക്കറ്ററാണ് റൂസോ. റൂസോയുടെ ട്വന്റി20യിലെ തുടർച്ചയായ രണ്ടാം സെഞ്ചുറിയാണിത്. മത്സരത്തിൽ 56 പന്തുകളിൽ 109 റൺസാണ് റൂസോ നേടിയത്.

   

മത്സരത്തിലേക്ക് കടന്നുചെന്നാൽ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യ സമയങ്ങളിൽ ബാറ്റിഗിനെ പിന്തുണയ്ക്കുന്ന സിഡ്‌നി പിച്ചിൽ ഡികോക് അടിച്ചുതകർത്തു. ക്യാപ്റ്റൻ ബാവുമ രണ്ട് റൺസിന് പുറത്തായെങ്കിലും മൂന്നാം വിക്കറ്റിൽ വെടിക്കെട്ട് കൂട്ടുകെട്ടായിരുന്നു റൂസോയും ഡികോക്കും ചേർന്ന് കെട്ടിപ്പടുത്തത്. ഡികോക്ക് മത്സരത്തിൽ 38 പന്തുകളിൽ 63 റൺസ് നേടുകയുണ്ടായി. റൂസോ തനിക്ക് ലഭിച്ച അവസരങ്ങൾ മികച്ച രീതിയിൽ തന്നെ ഉപയോഗിച്ചു. ബംഗ്ലാദേശിന്റെ ടസ്‌കിൻ അഹമ്മദിനെയും ഷാക്കിബിനെയുമെല്ലാം റൂസോ സിക്സറിന് തൂക്കി. ഇന്നിങ്സിൽ 7 ബൗണ്ടറികളും 8 പടുകൂറ്റൻ സിക്സറുകളും ഉൾപ്പെട്ടു. റൂസോയുടെയും ഡീക്കോക്കിന്റെയും മികവിൽ നിശ്ചിത 20 ഓവറുകളിൽ 205 റൺസായിരുന്നു ദക്ഷിണാഫ്രിക്ക മത്സരത്തിൽ നേടിയത്.

   

മറുപടി ബാറ്റിംഗിൽ അടിച്ചു തുടങ്ങിയെങ്കിലും ബംഗ്ലാദേശിന്റെ ഓപ്പണർമാരെ ആൻറിച്ച് നോർക്യ തുടക്കത്തിലെ എറിഞ്ഞിട്ടു ശേഷം വന്ന ബാറ്റർമാരിൽ ലിറ്റൻ ദാസിനല്ലാതെ മറ്റാർക്കും പിടിച്ചുനിൽക്കാൻ സാധിച്ചില്ല. കൃത്യമായ ഇടവേളകളിൽ ബംഗ്ലാദേശിന്റെ വിക്കറ്റുകൾ പിഴുതെറിയാൻ ദക്ഷിണാഫ്രിക്കയ്ക്ക് സാധിച്ചു. മത്സരത്തിൽ 101 റൺസിന്റെ വമ്പൻ വിജയമാണ് ദക്ഷിണാഫ്രിക്ക നേടിയത്.

   

സിംബാബ്വെയ്ക്കെതിരായ ആദ്യ മത്സരം മഴമൂലം ഉപേക്ഷിക്കപ്പെട്ട ദക്ഷിണാഫ്രിക്കയെ സംബന്ധിച്ച് വളരെയേറെ നിർണായകമായ വിജയമാണ് മത്സരത്തിൽ ലഭിച്ചത്. ഞായറാഴ്ച ഇന്ത്യയ്ക്കെതിരായ മത്സരത്തിനു മുമ്പ് ആത്മവിശ്വാസം വർദ്ധിപ്പിക്കാനും ദക്ഷിണാഫ്രിക്കയ്ക്ക് ഈ വിജയത്തോടെ സാധിക്കും.

Leave a Reply

Your email address will not be published. Required fields are marked *