ഇന്ത്യ-പാകിസ്ഥാൻ മത്സരത്തിന് മുൻപ് മുൻ പാക് താരം വസീം അക്രത്തിന്റെ വക പാകിസ്താൻ ടീമിന് ഒരു മുന്നറിയിപ്പ്. ഇന്ത്യയുടെ ഒരു ബാറ്റർ സംഹാരമാടാൻ ശേഷിയുള്ളവനാണെന്നും പാകിസ്ഥാനെ തീർച്ചയായും മുറിവേൽപ്പിക്കാൻ കെല്പുള്ളവനാണെന്നും വസീം അക്രം പറയുന്നു. ഇന്ത്യയുടെ സ്റ്റാർ ബാറ്റർ സൂര്യകുമാർ യാദവിനെപ്പറ്റിയാണ് അക്രം ഇക്കാര്യം പറഞ്ഞിരിക്കുന്നത്. ഓഗസ്റ്റ് 28ന് നടക്കുന്ന ഇന്ത്യ-പാക് മത്സരത്തിൽ പാകിസ്താനെ മുറിവേൽപ്പിക്കാൻ പോകുന്നത് സൂര്യകുമാറായിരിക്കും എന്നാണ് അക്രത്തിന്റെ പക്ഷം.
മൈതാനത്തിന്റെ ഏതു വശത്തേക്കും അടിച്ചുതൂക്കാനുള്ള സൂര്യകുമാർ യാദവിന്റെ കഴിവ് പാകിസ്ഥാന് ബുദ്ധിമുട്ടുകൾ ഉണ്ടാക്കും എന്നാണ് വസീം അക്രം പറയുന്നത്. ” ഇന്ത്യയ്ക്ക് രോഹിതുണ്ട്, രാഹുലുണ്ട്, വിരാടുണ്ട്. പക്ഷേ ട്വന്റി 20 ക്രിക്കറ്റിൽ ഇപ്പോഴത്തെ എന്റെ ഇഷ്ടതാരം സൂര്യകുമാർ യാദവാണ്. ഇന്ത്യയ്ക്കായി മികച്ച പ്രകടനമാണ് സൂര്യകുമാർ കാഴ്ചവയ്ക്കുന്നത്. സ്പിന്നിനെതിരെയായാലും ഫാസ്റ്റ് ബോളിഗിനെതിരെയായാലും 360 ഡിഗ്രിയിൽ ഷോട്ടുകൾ കളിക്കാൻ സൂര്യകുമാർ യാദവിന് സാധിക്കും.
അതിനാൽതന്നെ ഏഷ്യാകപ്പിൽ അയാൾ പാകിസ്താനെയും മറ്റു ടീമുകളെയും വേദനിപ്പിക്കും എന്നതുറപ്പാണ്. ” അക്രം പറയുന്നു. ഇതോടൊപ്പം ഹർദിക് പാണ്ഡ്യയുടെ ഏഷ്യാകപ്പിലെയും ട്വന്റി20 ലോകകപ്പിലെയും സ്ഥാനത്തെ സംബന്ധിച്ചും അക്രം പറയുകയുണ്ടായി. “ഇന്ത്യൻ ടീമിനെ സംബന്ധിച്ച് ഹർദിക് വളരെ പ്രധാനിയാണ്. അയാളെ ടീമിൽ നിന്ന് പുറത്താക്കിയാൽ ടീമിന്റെ ബാലൻസ് നഷ്ടപ്പെടും.
അവസാന ട്വന്റി20 ലോകകപ്പിൽ അയാൾ ബോളിംഗ് ചെയ്യാതിരുന്നത് ഇന്ത്യയെ സാരമായി ബാധിച്ചിട്ടുണ്ട്.” അക്രം കൂട്ടിച്ചേർക്കുന്നു. ഇതോടൊപ്പം ഹർദിക്കിന്റെ ബാറ്റിങ്ങിനെയും അക്രം പ്രശംസിക്കുന്നു. കൂടാതെ ലോകകപ്പിന് മുമ്പ് ബുംറെയും പാണ്ട്യയെയും സൂക്ഷിച്ച് കൈകാര്യം ചെയ്യണമെന്നും അക്രം സൂചിപ്പിക്കുന്നു. എന്തായാലും എല്ലാ കണ്ണുകളും വരാനിരിക്കുന്ന ഇന്ത്യ-പാക് മത്സരത്തിലായതിനാൽ സങ്കീർണതകൾ പല കാര്യങ്ങളിലും ഉണ്ടാവാൻ സാധ്യതയുണ്ട്.