വിന്‍ഡീസിനെതിരായ മൂന്നാം ട്വന്റി20യില്‍ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയ്ക്കുണ്ടായ ബാക്ക് ഇഞ്ചുറി ഇന്ത്യൻ സ്ക്വാഡിനെയും ആരാധകരെയും ആശങ്കയിലാഴ്ത്തുകയുണ്ടായി. അള്‍സാരി ജോസഫ് എറിഞ്ഞ ബോള്‍ പുള്‍ ചെയ്യാൻ ശ്രമിക്കുന്നതിനിടയിൽ പെട്ടെന്ന് രോഹിത്തിന് പരിക്കേൽക്കുകയായിരുന്നു. എന്നാൽ താന്‍ ഓക്കെ ആണെന്നും അടുത്ത മത്സരത്തിൽ കളിക്കാൻ ആകുമെന്നുമാണ് രോഹിത് പറഞ്ഞത്.
ഇത് സംബന്ധിച്ച് ഇപ്പോൾ പ്രതികരണം അറിയിച്ചിരിക്കുന്നത് മുൻ പാക്കിസ്ഥാൻ താരം ഡാനിഷ് കനേറിയ ആണ്. രോഹിത് ശർമ തന്റെ ഫുൾ ഫിറ്റ്നസ് വീണ്ടെടുക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി തന്റെ യൂട്യൂബ് ചാനലിലൂടെ സംസാരിക്കുകയായിരുന്നു കനേറിയ. നിലവിൽ ഇന്ത്യയ്ക്ക് ആവശ്യത്തിന് ചോയിസുകൾ ഉണ്ടെന്നും രോഹിത് മതിയായ വിശ്രമം എടുത്ത ശേഷം ടീമിലേക്ക് തിരിച്ചു വരുന്നതാണ് ഉത്തമമെന്നും കനേറിയ പറയുന്നു.
”ബോള്‍ പുള്‍ ചെയ്യാന്‍ ശ്രമിയ്ക്കുന്നതിനിടയാണ് രോഹിത്തിന് ബാക്ക് ഇഞ്ചുറി ഉണ്ടായത്. ഒരു ക്രിക്കറ്റർ എന്ന നിലയിൽ അയാൾ ഒരുപാട് വേദന അനുഭവിച്ചു എന്നെനിക്കറിയാം. അതിനാൽ തന്നെ രോഹിത് ഇപ്പോൾ പ്രാധാന്യം കൊടുക്കേണ്ടത് അയാളുടെ ഫിറ്റ്നസ്സിലാണ്. പറഞ്ഞുവരുന്നത് അടുത്ത രണ്ടു മത്സരങ്ങളിലും കളിക്കാതെ രോഹിത് പൂർണമായും വിശ്രമം എടുക്കണം എന്നാണ്. കാരണം, വരാൻ പോകുന്ന ഏഷ്യാകപ്പിലും ട്വന്റ 20 ലോകകപ്പിലും രോഹിത്തിനെ ഇന്ത്യൻ ടീമിന് ആവശ്യമാണ്. ” – കനേറിയ പറഞ്ഞു.
ഇതോടൊപ്പം നിലവിൽ ഇന്ത്യൻ ടീമിൽ ശ്രേയസ് അയ്യരും സഞ്ജു സാംസനും ഋഷഭ് പന്തുമടക്കം ഒരുപാട് മാച്ച് വിന്നര്‍മാര്‍ ഉണ്ടെന്നും, രോഹിതിന് പകരം അവരെ പരീക്ഷിക്കാമെന്നും കനേറിയ പറയുന്നു. ഇത് മറ്റുള്ളവർക്ക് തങ്ങളുടെ കഴിവുകൾ പുറത്തെടുക്കാനുള്ള അവസരവും കൂടെയാണെന്നാണ് കനേറിയയുടെ പക്ഷം.