ബോളർമാരെയല്ല രോഹിത് പഴി ചാരേണ്ടത്!! ഇന്ത്യയുടെ ബാറ്റിംഗ് മനോഭാവത്തിലാണ് പിഴവ് – സാബാ കരീം

   

ലോകകപ്പിന്റെ സെമിഫൈനലിൽ പരാജയപ്പെട്ടതിനുശേഷം രോഹിത് ശർമ പറഞ്ഞ വാക്കുകൾ ശ്രദ്ധേയമായിരുന്നു. ബോളർമാർക്ക് അവസരത്തിനൊത്ത് ഉയരാൻ സാധിക്കാതെ വന്നത് മത്സരത്തിൽ പരാജയമുണ്ടാകാൻ പ്രധാന കാരണമായി എന്ന് രോഹിത് പറഞ്ഞു. എന്നാൽ മത്സരത്തിന്റെ ആദ്യ ഓവറുകളിൽ ഇന്ത്യയുടെ പതിയെയുള്ള ബാറ്റിംഗിനെ കുറിച്ച് രോഹിത് സംസാരിച്ചതുമില്ല. ഇതിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് മുൻ ഇന്ത്യൻ താരം സാബാ കരീം.

   

രോഹിത് ശർമ ബോളർമാരുടെ മേൽ പഴിചാരുന്നത് ശരിയായ മനോഭാവമല്ല എന്നാണ് കരീം പറയുന്നത്. “മത്സരശേഷം രോഹിത് ശർമ എന്ത് ആലോചിച്ചാണ് അത് പറഞ്ഞത്? എന്ത് അടിസ്ഥാനത്തിലാണ് ബോളർമാരുടെ മേൽ പഴിചാരുന്നത്? പറയാൻ പ്രയാസമുണ്ട്. എന്നിരുന്നാലും ഒരു ടീം 16 ഓവറിൽ ഇങ്ങനെയൊരു ലക്ഷ്യം മറികടക്കണമെങ്കിൽ അത് പൂർണമായും ബാറ്റിംഗിന് അനുകൂലമായ പിച്ചായിരുന്നതിനാൽ തന്നെയാണ്. പിന്നെ നമ്മുടെ ആക്രമണോത്സുക ബാറ്റിംഗ് രീതിക്ക് എന്ത് സംഭവിച്ചു എന്നും ശ്രദ്ധിക്കേണ്ടതുണ്ട്.”- സാബാ കരീം പറയുന്നു.

   

മുൻപ് ഇന്ത്യൻ താരം റീത്തീന്ദർ സോധിയും ഇന്ത്യയുടെ പ്രതിരോതാത്മകമായ ബാറ്റിംഗ് രീതിയെ ചോദ്യംചെയ്ത് മുൻപിലേക്ക് വരികയുണ്ടായി. ഇന്ത്യ പുറത്തെടുത്ത ബാറ്റിംഗ് സമീപനം തനിക്ക് മനസ്സിലാവുന്നില്ല എന്നായിരുന്നു സോദി പറഞ്ഞത്. “ഇന്ത്യൻ ടീമിന്റെ സമീപനം മനസ്സിലാക്കാൻ പറ്റുന്നില്ല. ഒരു റിസ്കും എടുക്കാതെയാണ് അവർ 62 റൺസ് ആദ്യം നേടിയത്. അവസാനം വരെ വിക്കറ്റുകൾ കാത്തുസൂക്ഷിക്കാൻ ശ്രമിച്ചു. അത് ഒരു പരാജയകാരണമാണ്.”- സോദി പറയുന്നു.

   

മത്സരത്തിൽ ഇന്ത്യ പവർപ്ലേയിൽ നേടിയത് 38 റൺസായിരുന്നു. പത്ത് ഓവറിൽ 62 റൺസ്. ശേഷം 15ആം ഓവറിലായിരുന്നു ഇന്ത്യ 100 റൺസ് കടന്നത്. ഹർദിക് പാണ്ഡ്യയുടെ വെടിക്കെട്ട് മാത്രമാണ് ഇന്ത്യ 168 എന്ന സ്കോറിലെത്താൻ കാരണമായത്. മത്സരത്തിൽ പരാജയപ്പെട്ടതോടെ ഇന്ത്യ ടൂർണമെന്റിനു പുറത്തായി.

Leave a Reply

Your email address will not be published. Required fields are marked *