ഇന്ത്യയെ സംബന്ധിച്ച് ലോകകപ്പിലേക്ക് പോകുമ്പോൾ ഏറ്റവുമധികം പ്രശ്നങ്ങൾ തോന്നുന്ന മേഖല ബോളിംഗാണ്. കഴിഞ്ഞ മത്സരങ്ങളിലൊക്കെയും ഇന്ത്യയുടെ സീം ബോളർമാർ പൊതിരെ തല്ലുവാങ്ങിയത് നാം കണ്ടതാണ്. ഇതിൽ പ്രധാനിയായിരുന്നു ഭുവനേശ്വർ കുമാർ. ഇന്നിങ്സിന്റെ 19ആം ഓവറിൽ ഭുവനേശ്വറിന് തന്റെ താളം നഷ്ടപ്പെട്ടത് ഇന്ത്യയുടെ പല പരാജയങ്ങളിലും പ്രധാന കാരണമായി. എന്നിരുന്നാലും ലോകകപ്പിലേക്ക് വരുമ്പോൾ രോഹിത് ശർമയെ സംബന്ധിച്ച് ഏത് അടിയന്തരസമയത്തും സമീപിക്കാവുന്ന ബോളർ തന്നെയാണ് ഭുവനേശ് കുമാർ എന്ന് മുൻ താരം സുരേഷ് റെയ്ന പറയുന്നു.
ഭുവനേശ്വറിന്റെ പരിചയസമ്പന്നതയും മറ്റും ഇന്ത്യയ്ക്ക് ലോകകപ്പിൽ ഗുണകരമായി മാറും എന്ന അഭിപ്രായവും റെയ്‌നയ്ക്കുണ്ട്. “ഭുവനേശ്വർ വളരെയധികം അനുഭവസമ്പത്തുള്ള ബോളർ തന്നെയാണ്. അയാൾ നന്നായി ബോൾ എറിഞ്ഞിട്ടുമുണ്ട്. എന്നാൽ ചില സമയങ്ങളിൽ അയാൾ റൺസ് വഴങ്ങാറുണ്ട്. എന്നിരുന്നാലും രോഹിത് ശർമയെ സംബന്ധിച്ച് നിർണായ സമയത്ത് ബോൾ ഏൽപ്പിക്കാനാവുന്ന സീമർ തന്നെയാണ് ഭുവനേശ്വർ.”- റെയ്ന പറഞ്ഞു.
“അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിൽ വിരാട് കോഹ്ലി സെഞ്ച്വറി നേടിയിരുന്നു. ആ മത്സരത്തിൽ ഭുവനേശ്വർ കുമാർ നന്നായി ബോൾ ചെയ്യുകയും, അഞ്ചു വിക്കറ്റുകൾ വീഴ്ത്തുകയും ചെയ്തു. അയാൾക്ക് വ്യത്യസ്തതരം വേരിയേഷനുകളുണ്ട്. മാത്രമല്ല കൃത്യമായ ഏരിയയിൽ ബോളറിയാനും സാധിക്കും.”- റെയ്ന കൂട്ടിച്ചേർക്കുന്നു.
ഇന്ത്യക്കായി ഇതുവരെ 79 ട്വന്റി20 മത്സരങ്ങളാണ് ഭുവനേശ്വർ കുമാർ കളിച്ചിട്ടുള്ളത്. ഇതിൽനിന്ന് 85 വിക്കറ്റുകളും ഭൂവി നേടി. രണ്ടുതവണ ഇന്ത്യക്കായി ഭുവനേശ്വർ അഞ്ച് വിക്കറ്റ് നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. എന്തായാലും ഇന്ത്യയെ സംബന്ധിച്ച് ഭുവനേശ്വർ കുമാറിന്റെ ഈ ലോകകപ്പിലെ പ്രകടനം വളരെ നിർണായകം തന്നെയാണ്. നാളെയാണ് ഇന്ത്യയുടെ ഓസ്ട്രേലിയക്കെതിരായ ആദ്യ പരിശീലന മത്സരം നടക്കുക.