കഴിഞ്ഞ കുറച്ചുവർഷങ്ങളിലെ ട്വന്റി20 ലോകകപ്പുകൾ പരിശോധിച്ചാൽ ഏറ്റവും മികച്ച ലോകകപ്പ് 2022ലേത് തന്നെയാണ്. കുറച്ചു മത്സരങ്ങൾ മഴമൂലം നഷ്ടപ്പെട്ടുവെങ്കിലും അട്ടിമറികളുടെ ഒരു ഘോഷയാത്ര തന്നെയാണ് ലോകകപ്പിൽ ഉണ്ടായത്. സൂപ്പർ 12 മത്സരങ്ങൾ അവസാനിക്കാൻ മൂന്നുദിവസം മാത്രം ശേഷിക്കെ മരണക്കളിയാണ് ലോകകപ്പിന്റെ ഗ്രൂപ്പ് ഒന്നിൽ നടക്കുന്നത്. നാലു ടീമുകൾ ലോകകപ്പ് സെമിയിലേക്കുള്ള ടിക്കറ്റിനായി നിൽക്കുമ്പോൾ എന്തും സംഭവിക്കാം.
ഇന്ന് ഇംഗ്ലണ്ട് ന്യൂസിലാൻഡിനെ പരാജയപ്പെടുത്തിയതിന് ശേഷമാണ് ഒന്നാം ഗ്രൂപ്പിലെ സമവാക്യങ്ങൾ മാറിമറിഞ്ഞത്. നിലവിൽ ഒന്നാം ഗ്രൂപ്പിൽ ന്യൂസിലാൻഡ്, ഇംഗ്ലണ്ട്, ഓസ്ട്രേലിയ എന്നീ ടീമുകൾ അഞ്ചു പോയിന്റുകളോടെയും, ശ്രീലങ്ക നാലു പോയിന്റുകളുടെയും നിൽക്കുന്നു. ഗ്രൂപ്പിൽ എല്ലാ ടീമുകൾക്കും ഒരു മത്സരം ശേഷിക്കെ ആരൊക്കെ സെമിയിലെത്തും എന്നത് പ്രവചനാതീതമാണ്. നമുക്ക് ടീമുകളുടെ അവസാനമത്സരങ്ങളും സാധ്യതകളും പരിശോധിക്കാം.
ന്യൂസിലാൻഡ് തങ്ങളുടെ അവസാന മത്സരത്തിൽ ഏറ്റുമുട്ടേണ്ടത് അയർലണ്ടിനെതിരെയാണ്. ഈ മത്സരത്തിൽ വിജയിച്ചാൽ ന്യൂസിലാൻഡിന് സെമിഫൈനൽ ഉറപ്പിക്കാം. കാരണം +2.23 ആണ് അവരുടെ നെറ്റ് റണ്‍റേറ്റ്. ഓസ്ട്രേലിയയുടെ അവസാന മത്സരം നടക്കുന്നത് അഫ്ഗാനിസ്ഥാനെതിരെയാണ്. മത്സരത്തിൽ ജയിച്ചാലും ഓസ്ട്രേലിയ സെമിയിലെത്തില്ല. അവർക്ക് വേണ്ടത് ഒരു വലിയ വിജയം തന്നെയാണ്. അങ്ങനെ നെറ്റ് റൺറേറ്റ് ഉയർത്തണം.
ഇംഗ്ലണ്ടിനെ സംബന്ധിച്ചാണ് നിലവിൽ ഏറ്റവുമധികം പ്രശ്നം. ശ്രീലങ്കയാണ് ഇംഗ്ലണ്ടിന്റെ അടുത്ത മത്സരത്തിലെ എതിരാളികൾ. ഓസ്ട്രേലിയയും ന്യൂസിലാൻഡും വലിയ വിജയങ്ങൾ നേടുകയാണെങ്കിൽ ഇംഗ്ലണ്ട് പുറത്താക്കാൻ സാധ്യതകൾ ഏറെയാണ്. കാരണം ശ്രീലങ്ക വളരെ നിലവാരമുള്ള ടീം തന്നെയാണ്. മറുവശത്ത് ശ്രീലങ്കയ്ക്ക് സെമിയിലെത്താൻ അയർലൻഡോ അഫ്ഗാനിസ്ഥാനോ വിജയിക്കേണ്ടിവരും. നിലവിലെ സാഹചര്യത്തിൽ ന്യൂസിലാൻഡ് മാത്രമാണ് ഗ്രൂപ്പ് ഒന്നിൽ നിന്ന് സെമിയിലെത്താൻ വളരെ സാധ്യതയുള്ള ടീം.