അങ്ങനെ അവസാനം ആ ദിവസം എത്തിച്ചേർന്നിരിക്കുന്നു. ഇന്ത്യ-ഓസ്ട്രേലിയ ട്വന്റി20 പരമ്പരയിലെ അവസാന മത്സരം ഇന്ന് ഹൈദരാബാദിൽ നടക്കും. ആദ്യമത്സരത്തിൽ ഓസ്ട്രേലിയയും രണ്ടാം മത്സരത്തിൽ ഇന്ത്യയും വിജയിച്ച സാഹചര്യത്തിൽ പരമ്പര സമനിലയിലാണ്. അതിനാൽ തന്നെ ഇരുടീമുകൾക്കും മത്സരം വളരെ പ്രാധാന്യമേറിയതാണ്. അവസാന മത്സരത്തിൽ ഒരു വിജയത്തോടെ പരമ്പര സ്വന്തമാക്കി ലോകകപ്പിനു മുൻപ് ആത്മവിശ്വാസം വർധിപ്പിക്കാനാവും ഇരുടീമുകളുടെയും ശ്രമം.
ഇന്ത്യൻ ഡെത്ത് ബോളിംഗിന്റെ മൂർച്ചക്കുറവായിരുന്നു ഓസ്ട്രേലിയയ്ക്കെതിരായ ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്ക് വിനയായത്. ഭുവനേശ്വർ കുമാറും ഹർഷൽ പട്ടേലും തങ്ങളുടെ താളം കണ്ടെത്താൻ ബുദ്ധിമുട്ടിയത് ഇന്ത്യയെ ബാധിച്ചു. എന്നാൽ രണ്ടാം മത്സരത്തിൽ ബുമ്ര കൂടിയെത്തിയതോടെ ഇന്ത്യയുടെ ബോളിങ് ശക്തിയാർജിച്ചിട്ടുണ്ട്. ഇരു മത്സരങ്ങളിൽ നിന്നായി അഞ്ച് വിക്കറ്റുകൾ വീഴ്ത്തിയ അക്ഷർ പാട്ടേലിന്റെ മികച്ച പ്രകടനവും ഇന്ത്യയ്ക്ക് മൂന്നാം മത്സരത്തിൽ പ്രതീക്ഷ നൽകുന്നുണ്ട്. എന്നിരുന്നാലും സ്പിന്നർ യുസ്‌വേന്ദ്ര ചാഹലിന്റെ മോശം ഫോം ഇന്ത്യയ്ക്ക് ആശങ്കയാണ്.
എന്നാൽ ബാറ്റിംഗിൽ ഇന്ത്യ വലിയ പ്രതിസന്ധിയിലല്ല.കഴിഞ്ഞ മത്സരത്തിൽ ക്യാപ്റ്റൻ രോഹിത് ശർമയുടെ ബാറ്റിംഗായിരുന്നു ഇന്ത്യയെ വിജയത്തിലെത്തിച്ചത്. ഹർദിക് പാണ്ഡ്യയും സൂര്യകുമാർ യാദവുമൊക്കെ വേണ്ടവിധത്തിൽ രോഹിത്തിന് പിന്തുണ നൽകുന്നുണ്ട്. എന്നാൽ മികച്ച തുടക്കം ലഭിച്ചിട്ടും അത് മുതലാക്കാൻ ബാറ്റർ വിരാട് കോഹ്‌ലിക്ക് സാധിക്കാതെ വന്നത് രണ്ടാം മത്സരത്തിലെ കാഴ്ചയായിരുന്നു. അവസാന മത്സരത്തിൽ വിരാട് ഈ പോരായ്മ ഇല്ലാതാക്കും എന്ന് തന്നെയാണ് പ്രതീക്ഷ.
ഓസ്ട്രേലിയൻ ടീമിൽ മാത്യു വെയ്ഡിനെയും ഗ്രീനിനെയും പിടിച്ചു കിട്ടുന്നതിലാവും ഇന്ത്യ കൂടുതൽ ശ്രദ്ധകേന്ദ്രീകരിക്കുക. മത്സരത്തിൽ ടോസ് നേടിയ ടീം ബോളിംഗ് തെരഞ്ഞെടുക്കാനാണ് സാധ്യത. മത്സരത്തിന് ചെറിയ രീതിയിൽ മഴ ഭീഷണിയുണ്ട്. എന്തായാലും അവസാന മത്സരത്തിൽ തീപാറും എന്നതുറപ്പാണ്.