ലോകകപ്പ് പോലെ വലിയൊരു ടൂർണമെന്റ്ലേക്കാണ് ഇന്ത്യൻ ടീം കടക്കുന്നത്.അതിനാൽ കൃത്യമായ നിരീക്ഷണബോധമില്ലാത്ത തീരുമാനങ്ങൾ ടീമിന് ദോഷം ചെയ്യുമെന്ന് ഉറപ്പാണ്. ഇന്ത്യൻ നിരയുടെ ബാറ്റിംഗ് സംബന്ധിച്ച ആശയക്കുഴപ്പങ്ങൾ ഏഷ്യാകപ്പിന് ശേഷവും നിലനിൽക്കുന്ന അവസ്ഥയാണ്. ഇന്ത്യയുടെ സൂപ്പർ നാലിലെ അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിൽ ഓപ്പണറായി ഇറങ്ങിയ വിരാട് കോഹ്ലി അടിച്ചുതൂക്കിയതോടെയാണ് ഓർഡർ സംബന്ധിച്ച് ആശയക്കുഴപ്പങ്ങൾ ആരംഭിച്ചത്. പല മുൻ ക്രിക്കറ്റർമാരും ലോകകപ്പിൽ വിരാട് കോഹ്ലി മൂന്നാം നമ്പരിൽ തന്നെ കളിക്കണം എന്ന അഭിപ്രായം പ്രകടിപ്പിക്കുകയുണ്ടായി. എന്നാൽ ഇതിനോട് യോജിക്കാത്ത ഒരു മുൻ ക്രിക്കറ്ററാണ് രോഹൻ ഗവസ്‌കർ.
ഗവാസ്കറുടെ അഭിപ്രായം വിരാട് കോഹ്ലി ഓപ്പണറായിതന്നെ ബാറ്റ് ചെയ്യണം എന്നതാണ്. ഇതിനുള്ള കാരണവും രോഹൻ ഗവാസ്കർ പറയുകയുണ്ടായി. ‘വിരാട് ഓപണിങ്ങിറങ്ങുന്നത് ടീമിന് ഗുണം ചെയ്യും. ട്വന്റി20യിൽ വിരാടിന്റെ ശരാശരി 55 ഉം സ്ട്രൈക്ക് റേറ്റ് 163ഉം ആണ്. അതൊരു മികച്ച നമ്പറാണ്. മാത്രമല്ല അഫ്ഗാനിസ്ഥാനെതിരെ ഓപ്പണറായി ഇറങ്ങിയ പ്രകടനം നമ്മൾ കണ്ടതാണ്. എന്റെ ഓർമ്മ ശരിയാണെങ്കിൽ കഴിഞ്ഞ ഐപിഎല്ലിൽ കോഹ്ലി, തനിക്ക് ഓപ്പണറായി ഇറങ്ങണമെന്ന് ബാംഗ്ലൂർ ടീമിനോട് പറയുകയുണ്ടായി. അതിനാൽ തന്നെ ഇന്ത്യയ്ക്കും കോഹ്ലിയെ ഓപ്പണായിതന്നെ ഇറക്കാവുന്നതാണ്. “- ഗവാസ്‌കർ പറഞ്ഞിരുന്നു.
ഇതോടൊപ്പം സൂര്യകുമാർ യാദവിന്റെ ടീമിലെ സ്ഥാനം സംബന്ധിച്ചും ഗവാസ്കർ വാചാലനായി. “സൂര്യകുമാർ മൂന്നാം നമ്പരിൽ തന്നെ ബാറ്റ് ചെയ്യുന്നതാണ് ഉത്തമം. കോഹ്‌ലിയും രോഹിതും ഓപ്പണിങ്ങിറങ്ങിയാൽ സൂര്യകുമാർ മൂന്നാം നമ്പരിൽ ഇറങ്ങണം. പക്ഷേ അങ്ങനെയെങ്കിൽ രാഹുലിനു പുറത്തിരിക്കേണ്ടി വന്നേക്കും. അദ്ദേഹം ഒരു ക്ലാസ്സ് കളിക്കാരൻ തന്നെയാണ്.”- ഗവാസ്‌കർ കൂട്ടിച്ചേർക്കുന്നു.
മുൻപ് ഗൗതം ഗംഭീറും ഇർഫാൻ പത്താനുമടക്കമുള്ള താരങ്ങൾ കോഹ്ലിയുടെ ബാറ്റിംഗ് പൊസിഷൻ സംബന്ധിച്ച് തങ്ങളുടെ അഭിപ്രായം അറിയിച്ചിരുന്നു. കോഹ്ലി ഫോമിലേക്ക് തിരിച്ചെത്തിയ സാഹചര്യത്തിൽ മൂന്നാം നമ്പർ തന്നെയാണ് അദ്ദേഹത്തിന് ഉത്തമം എന്ന നിലപാടായിരുന്നു പലർക്കും. എന്നാൽ ഇതിൽ നിന്ന് വിഭിന്നമായി അഭിപ്രായം പ്രകടിപ്പിച്ചിരിക്കുകയാണ് രോഹൻ ഗവാസ്‌കർ.