അവന് പകരമാവാൻ റിഷഭ് പന്തിന് സാധിക്കില്ല!! ഇന്ത്യയുടെ മധ്യനിര ബാറ്ററെപ്പറ്റി ഹർഭജൻ!!

   

ലോകകപ്പിൽ ഇന്ത്യൻ ടീമിൽ ഫിനിഷറുടെ റോളിൽ കളിക്കുന്ന ക്രിക്കറ്ററാണ് ദിനേശ് കാർത്തിക്ക്. ഇതുവരെയുള്ള മത്സരങ്ങളിൽ മികച്ച ബാറ്റിംഗ് പ്രകടനങ്ങൾ കാഴ്ചവയ്ക്കാൻ സാധിച്ചില്ലെങ്കിലും കാർത്തിക്ക് എല്ലാ മത്സരങ്ങളിലും ഇന്ത്യയുടെ സാന്നിധ്യമായിരുന്നു. ഇനിയും ഇന്ത്യ കാർത്തിക്കിനെ ഇങ്ങനെ പിന്തുണയ്ക്കേണ്ടതുണ്ട് എന്നാണ് മുൻ ഇന്ത്യൻ താരം ഹർഭജൻ സിംഗ് പറയുന്നത്. തുടർന്നുള്ള മത്സരങ്ങളിൽ ഇത് ഇന്ത്യക്ക് ഗുണം ചെയ്യുമെന്നാണ് ഹർഭജൻ കരുതുന്നത്.

   

ഇന്ത്യയുടെ പ്ലെയിങ് നിരയിൽ ദിനേശ് കാർത്തിക്കിന്റെ സ്ഥാനത്തെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു ഹർഭജൻ മറുപടി പറഞ്ഞത്. “ദിനേശ് കാർത്തിക്കിന് ഇന്ത്യയുടെ പ്ലെയിങ് ഇലവനിൽ കൂടുതൽ അവസരങ്ങൾ ലഭിക്കണം. കാരണം അയാൾ നമ്മുടെ ഫിനിഷറാണ്. ആ റോളിൽ ബാംഗ്ലൂർ ടീമിനായി മികച്ച പ്രകടനങ്ങൾ കാർത്തിക്ക് കാഴ്ചവച്ചിരുന്നു. അതിനാൽതന്നെ അയാളെ സൈഡ് ബെഞ്ചിലിരുത്തുന്നത് യുക്തിപൂർവ്വമായ ഒരു തീരുമാനമായി തോന്നുന്നില്ല.”- ഹർഭജൻ പറഞ്ഞു.

   

“കാർത്തിക്ക് പരിക്ക് മൂലം പുറത്തു പോയപ്പോൾ പകരക്കാരനായി ഇന്ത്യ റിഷാഭ് പന്തിനെ ഇറക്കുമെന്ന് ഞാൻ കരുതി. എങ്കിലും കാർത്തിക്ക് ഫിറ്റാണെങ്കിൽ അയാൾ തന്നെയാണ് ടീമിൽ കളിക്കേണ്ടത്. കാരണം ഫിനിഷർ എന്ന പ്രത്യേക റോളിലേക്കായി ഓസ്ട്രേലിയയിലേക്ക് വണ്ടി കയറിയ ആളാണ് കാർത്തിക്ക്. പന്തിന് ഫിനിഷറുടെ റോൾ ചെയ്യാൻ സാധിക്കും എന്ന് തോന്നുന്നില്ല.”-ഹർഭജൻ കൂട്ടിച്ചേർക്കുന്നു.

   

ഇതോടൊപ്പം ഇത്തരം കളിക്കാർ കുറച്ച് മത്സരങ്ങളിൽ പരാജയപ്പെട്ടാലും അവരെ പിന്തുണയ്ക്കണമെന്നാണ് ഹർഭജൻ ആവശ്യപ്പെടുന്നത്. ടോപ് ഓർഡർ ബാറ്റർമാർക്ക് ലഭിക്കുന്ന പിന്തുണ ടീമിൽ ദിനേശ് കാർത്തിക്കിനും ലഭിക്കണമെന്നാണ് ഹർഭജൻ പറയുന്നത്. രണ്ടോ മൂന്നോ പരാജയങ്ങളുടെ പേരിൽ ഇത്തരം കളിക്കാരെ മാറ്റുന്നത് അബദ്ധമാണെന്ന് ഭാജി സൂചിപ്പിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *