ഇന്ത്യയുടെ പാകിസ്ഥാനെതിരായ ലോകകപ്പ് മത്സരം നാളെയാണ് നടക്കുന്നത്. മത്സരത്തിനു മുമ്പ് തന്നെ മുൻ ക്രിക്കറ്റർമാർ പല പ്രവചനങ്ങളും നടത്തുകയുണ്ടായി. പ്രധാനമായും പാക്കിസ്ഥാനെതിരെ ഇന്ത്യ അണിനിരത്താൻ പോകുന്ന ടീമിനെയാണ് പലരും ഉറ്റുനോക്കുന്നത്. ജഡേജയുടെ അഭാവത്തിൽ, മറ്റ് ഇടങ്കയ്യൻ ബാറ്റർമാരില്ലാത്ത സാഹചര്യത്തിൽ റിഷഭ് പന്തിനെ ഇന്ത്യ ടീമിൽ ഉൾപ്പെടുത്തുമോ എന്നതാണ് പ്രധാന ചോദ്യം. ഇതിനുള്ള സാധ്യതകളെക്കുറിച്ച് സംസാരിക്കുകയാണ് മുൻ ഇന്ത്യൻ താരം സുനിൽ ഗവാസ്കർ.
ഇന്ത്യയ്ക്ക് മുൻപിലുള്ള രണ്ടുതരം ടീം സെലക്ഷനുകളെ പറ്റിയാണ് സുനിൽ ഗവാസ്കർ ഇപ്പോൾ പറയുന്നത്. “ഇന്ത്യ ആറു ബോളർമാരെ ടീമിൽ ഉൾപ്പെടുത്താൻ ശ്രമിച്ചാൽ, ഹർദിക് പാണ്ട്യയെ ആറാം ബോളറായി പരിഗണിച്ചാൽ പന്തിന് ടീമിലുള്ള സ്ഥാനം നഷ്ടമാകും. എന്നാൽ ഹർദിക് പാണ്ഡ്യയെ ഇന്ത്യ അഞ്ചാം ബോളറായി ഇറക്കിയാൽ പന്തിന് ആറാം നമ്പരിൽ കളിക്കാൻ സാധിക്കും. അങ്ങനെയെങ്കിൽ കാർത്തിക്ക് ഏഴാമതായും തുടർന്ന് നാല് ബോളർമാരും ഇന്ത്യക്കായി ഇറങ്ങും. അത് സംഭവിക്കാനാണ് സാധ്യത കൂടുതൽ. എന്തായാലും കാത്തിരുന്നേ പറ്റൂ.”- സുനിൽ ഗവാസ്കർ പറയുന്നു.
“എന്തായാലും ഇന്ത്യയെ സംബന്ധിച്ച് ബാറ്റിംഗ് നിരയിൽ ഒരു ഇടങ്കയ്യൻ ബാറ്ററുടെ ആവശ്യമുണ്ട്. എന്നാൽ മുൻനിരയുടെ ഫോം ശ്രദ്ധിച്ചാൽ ഈ മധ്യനിരയെ സംബന്ധിച്ച് കുറച്ചു ചോദ്യങ്ങൾ ഉണ്ടാവും. ‘പന്തിനെ ടീമിൽ ഉൾപ്പെടുത്തിയാലും അയാൾക്ക് എത്ര ഓവറുകൾ ലഭിക്കും? മൂന്നു-നാല് ഓവറുകൾ ലഭിക്കുമോ? ആ മൂന്നു-നാല് ഓവറുകളിൽ കാർത്തിക്കാണോ പന്താണോ മെച്ചം. ഈ ചോദ്യങ്ങൾക്കൊക്കെ ആ സാഹചര്യത്തിൽ ഒരുപാട് പ്രസക്തിയുണ്ട്.”- സുനിൽ ഗവാസ്കർ പറയുന്നു.
നാളെ മെൽബണിനാണ് ഇന്ത്യയുടെ പാക്കിസ്ഥാനെതിരായ സൂപ്പർ 12ലെ മത്സരം നടക്കുന്നത്. കഴിഞ്ഞ ലോകകപ്പിൽ പാകിസ്ഥാനോട് ദയനീയ പരാജയം ഏറ്റുവാങ്ങിയ ഇന്ത്യയെ സംബന്ധിച്ച് പ്രതികാരത്തിനുള്ള സമയമാണിത്. മത്സരത്തിന് വലിയ രീതിയിൽ മഴ ഭീഷണിയുണ്ട്.