തന്റെ കരിയറിൽ ശ്രേയസ് അയ്യരെ ഏറ്റവും കൂടുതൽ അലട്ടിയിരുന്ന ഒന്ന് ബൗൺസറുകൾ ആയിരുന്നു. കഴിഞ്ഞ കുറച്ചധികം മത്സരങ്ങൾ എടുത്തു പരിശോധിച്ചാൽ അയ്യരെ എത്രമാത്രം ബൗൺസർ ബാധിച്ചിട്ടുണ്ട് എന്നത് വ്യക്തമാണ്.ഷോർട്ട് പിച്ച് ഡെലിവറികൾക്കും ബൗൺസറുകൾക്കും മുൻപിൽ അയ്യർ അടിയറവു പറയുന്നത് സ്ഥിരം കാഴ്ചയാണ്. എന്നാൽ ബൗൺസർ മൂലമുണ്ടാകുന്ന പ്രശ്നങ്ങൾ ശ്രേയസിനെ ഇപ്പോഴും ബാധിക്കുന്നുണ്ട് എന്നാണ് മുൻ ഇന്ത്യൻ ബാറ്റർ ആകാശ് ചോപ്ര പറയുന്നത്.
ഇന്ത്യയുടെ ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ട്വന്റി20 മത്സരത്തിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് ആകാശ് ചോപ്ര ഈ അഭിപ്രായം പ്രകടിപ്പിച്ചത്. “മത്സരത്തിൽ ഇന്ത്യക്ക് മികച്ച തുടക്കം നൽകാൻ രോഹിത് ശർമയ്ക്ക് സാധിച്ചില്ല. പന്ത് നന്നായി ബാറ്റ് ചെയ്തിരുന്നെങ്കിലും നിർഭാഗ്യവശാൽ പുറത്തായിരുന്നു ഇതൊരിക്കലും ഒരു മോശം ഷോട്ടിലൂടെ ആയിരുന്നില്ല. എന്നാൽ ശ്രേയസ് അയ്യരെ സംബന്ധിച്ച് ബൗൺസർ മൂലമുണ്ടാകുന്ന പ്രശ്നങ്ങൾ തുടരുകയാണ്.”- ചോപ്ര പറയുന്നു.
“ശ്രേയസ് അയ്യർ ക്രീസിൽ എത്തുമ്പോഴേ ബോളർമാർ ബൗൺസർ എറിയാൻ ശ്രമിക്കുന്ന അവസ്ഥാവിശേഷമാണുള്ളത്. ഇത് അധികമാകുമ്പോൾ അയ്യർ ബാക്ക് ഫുട്ടിൽ കളിക്കാൻ ശ്രമിക്കുന്നു. അങ്ങനെ എൽ ബി ഡ്ബ്ലൂ ആകുന്നു. ഇത് സ്ഥിരം കാഴ്ചയാണ്.”- ചോപ്ര കൂട്ടിച്ചേർക്കുന്നു.
ദക്ഷിണാഫ്രിക്കക്കെതിരായ ഇന്ത്യയുടെ മൂന്നാം ട്വന്റി20യിൽ 4 പന്തുകൾ നേരിട്ട ശ്രേയസ് അയ്യർ ഒരൂ റൺ മാത്രമായിരുന്നു നേടിയത്. ഷോർട്ട് പിച്ച് പന്തുകളിൽ അയ്യർ പതറുന്ന കാഴ്ചയും മത്സരത്തിൽ കാണുകയുണ്ടായി. നിർണായകമായ അയ്യരുടെ വിക്കറ്റാണ് മത്സരത്തിൽ ഇന്ത്യയുടെ ബാറ്റിംഗിനെ ബാധിച്ചത്. 228 പോലെ ഒരു വലിയ സ്കോർ പിന്തുടർന്ന ഇന്ത്യയ്ക്ക് അയ്യരുടെ വിക്കറ്റ് വലിയ തിരിച്ചടിയായി.