അങ്ങനെ 2022 ലോകകപ്പിലെ ആദ്യ റൗണ്ട് പോരാട്ടങ്ങൾ അവസാനിച്ചു. 8 ടീമുകൾ അണിനിരന്ന ആദ്യ റൗണ്ടിൽ നിന്ന് നാല് ടീമുകളാണ് സൂപ്പർ പന്ത്രണ്ടിലേക്ക് യോഗ്യത നേടിയത്. വമ്പൻമാരായ വിൻഡീസ് ആദ്യറൗണ്ടിൽതന്നെ കടപുഴകി വീണതോടെ കണക്കുകൂട്ടലുകൾക്ക് മുകളിലുള്ള ഗ്രുപ്പ് ലിസ്റ്റാണ് പുറത്തുവന്നിരിക്കുന്നത്. ആദ്യ റൗണ്ടിൽ നിന്ന് ശ്രീലങ്ക, നെതർലൻഡ്സ് , അയർലൻഡ്, സിംബാബ്വെ എന്നി ടീമുകളാണ് സൂപ്പർ പന്ത്രണ്ടിലേക്ക് യോഗ്യത നേടിയത്. ഇവരുടെ സൂപ്പർ 12ലെ സ്ഥാനങ്ങൾ പരിശോധിക്കാം.
സൂപ്പർ 12ലെ ഒന്നാം ഗ്രൂപ്പിന്റെ പുതിയ സ്ഥിതി പരിശോധിക്കാം. ഓസ്ട്രേലിയ, ഇംഗ്ലണ്ട്, ന്യൂസിലാൻഡ്, അഫ്ഗാനിസ്ഥാൻ എന്നീ ടീമുകളായിരുന്നു ഗ്രൂപ്പിൽ നേരത്തെ സ്ഥാനം കണ്ടെത്തിയത്. പിന്നീട് ആദ്യ റൗണ്ടിൽ നിന്ന് ശ്രീലങ്കയും ഒന്നാം ഗ്രൂപ്പിലേക്ക് എത്തി. ഇപ്പോൾ വിൻഡീസിനെ പരാജയപ്പെടുത്തിയ അയർലൻഡും ഒന്നാം ഗ്രൂപ്പിൽ എത്തിയിട്ടുണ്ട്. ഇതോടെ ഗ്രൂപ്പ് ശക്തമായിരിക്കുന്നു.
സൂപ്പർ 12ലെ ഇന്ത്യ അടങ്ങുന്ന രണ്ടാം ഗ്രൂപ്പിൽ ഭേദപ്പെട്ട സ്ഥിതിയാണുള്ളത്. പലരും ഗ്രൂപ്പിലേക്ക് വിൻഡീസിനെയോ ശ്രീലങ്കയെയോ ആണ് പ്രതീക്ഷിച്ചതെങ്കിലും അതല്ല സംഭവിച്ചത്. നേരത്തെ ഇന്ത്യ, ബംഗ്ലാദേശ്, പാക്കിസ്ഥാൻ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളാണ് രണ്ടാം ഗ്രൂപ്പിൽ ഉണ്ടായിരുന്നത്. ശേഷം ആദ്യ റൗണ്ടിൽ നിന്ന് നെതർലൻഡ്സും ഗ്രൂപ്പിലെത്തി. ഇപ്പോൾ സ്കോട്ട്ലാണ്ടിനെ പരാജയപ്പെടുത്തിയ സിംബാബ്വെയാണ് ഇവർക്കൊപ്പം ചേരുന്നത്.
എന്നിരുന്നാലും ഒന്നാം ഗ്രൂപ്പുമായി താരതമ്യം ചെയ്യുമ്പോൾ ഭേദപ്പെട്ടത് തന്നെയാണ് രണ്ടാം ഗ്രൂപ്പ്. പക്ഷേ ഏതുനിമിഷവും അട്ടിമറികൾ ഉണ്ടാകാനുള്ള സാധ്യത രണ്ടാം ഗ്രൂപ്പിൽ കാണാം. ഇന്ത്യയും പാകിസ്ഥാനും തന്നെയാണ് രണ്ടാം ഗ്രൂപ്പിൽ നിന്ന് സെമിയിലെത്താൻ ഏറ്റവും സാധ്യതയുള്ള ടീമുകൾ.