യുഎഇയിൽ ആരംഭിക്കുന്ന ട്വന്റി20 ലീഗും ദക്ഷിണാഫ്രിക്കയുടെ ട്വന്റി20 ലീഗും ഇതിനോടകംതന്നെ ചർച്ചയായിട്ടുണ്ട്. ഇരുലീഗ്‌കളും അടുത്ത വർഷം ജനുവരിയിൽ ഒരുമിച്ചു നടക്കുന്നതിനാൽതന്നെ ക്രിക്കറ്റ് ലോകം ആവേശത്തിലാണ്. എന്നാൽ ഇതോടൊപ്പം ഓസ്ട്രേലിയയുടെ ട്വന്റി20 ലീഗായ ബിഗ്ബാഷും തങ്ങളുടെ കരുക്കൾ നീക്കുകയാണിപ്പോൾ. ഈ രണ്ട് ടൂർണ്ണമെന്റുകളും നടക്കുന്ന അതേ സമയത്താണ് ബിഗ് ബാഷും നടക്കുന്നത്. ഇപ്പോൾ ബിഗ് ബാഷിലെ പ്ലാറ്റിനം കളിക്കാരുടെ ലിസ്റ്റ് പുറത്തുവിട്ടിരിക്കുകയാണ് അധികൃതർ.
ബിഗ് ബാഷ് ഡ്രാഫ്റ്റിനായുള്ള പ്ലാറ്റിനം ഗ്രൂപ്പിന്റെ ലിസ്റ്റിൽ 12 കളിക്കാരെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. വിൻഡിസ് ഓൾറൗണ്ടർ ആൻഡ്രെ റസ്സൽ,ന്യൂസിലാൻഡ് ബോളർ ട്രെന്റ് ബോൾട്ട്, ഇംഗ്ലണ്ട് ബാറ്റർ ജെസൺ റോയ് എന്നിവരാണ് ലിസ്റ്റിലെ പ്രമുഖർ. ബിഗ് ബാഷ് ഉടമ്പടികളുടെ ആദ്യ റൗണ്ടിൽ തന്നെ ടീമുകൾക്ക് പ്ലാറ്റിനം കളിക്കാരെ സ്വന്തമാക്കാം. ഈ താരങ്ങൾക്കു പുറമെ ഫാഫ് ഡുപ്ലെസിസ്, ലിവിങ്സ്റ്റൺ, സാം ബില്ലിംഗ്സ്, കീറോൺ പൊള്ളാർഡ്, ഡേവിഡ് വില്ലി, ബ്രാവോ, റാഷിദ് ഖാൻ എന്നിവരും ഈ വിഭാഗത്തിൽ പെടുന്നു.
പ്ലാറ്റിനം ലിസ്റ്റിലുള്ള കളിക്കാർക്ക് തങ്ങൾ എത്ര മത്സരത്തിൽ ഉണ്ടാകുമെന്നത് കണക്കിലെടുക്കാതെ 2,33,853 യുഎസ് ഡോളറാണ് പ്രതിഫലമായി നൽകേണ്ടത്. ലിസ്റ്റിലെ കളിക്കാരിൽ റസലിനെയും ബില്ലിങ്‌സിനെയും അടക്കമുള്ളവരെ ടീമുകൾക്ക് നിലനിർത്താനുള്ള അധികാരമുണ്ട്. നിലവിൽ റാഷിദ് ഖാനെയും ആൻഡ്രേ റസലിനെയുമാണ് ഇങ്ങനെ നിലനിർത്താൻ സാധ്യതയുള്ളത്.
ഏകദേശം 280-ഓളം ക്രിക്കറ്റർമാരെയാണ് ഓസ്ട്രേലിയയുടെ ബിഗ് ബാഷ് ലീഗിൽ കളിക്കാൻ ഇത്തവണ തെരഞ്ഞെടുത്തിരിക്കുന്നത്. ഡേവിഡ് വാർണറെപോലുള്ള വമ്പൻ കളിക്കാരും ഇതിൽ ഉൾപ്പെടുന്നു. എന്തായാലും മൂന്ന് ടൂർണ്ണമെന്റുകളും ഒരേസമയം എത്തുമ്പോൾ തീപാറുമെന്ന് ഉറപ്പാണ്.