ഇന്ത്യൻ പ്രീമിയർ ലീഗിൽ ചെന്നൈ സൂപ്പർ കിങ്സ് ടീമിന്റെ എക്കാലത്തെയും മികച്ച ക്രിക്കറ്ററാണ് സുരേഷ് റെയ്ന. 2008ൽ ഐപിഎൽ തുടങ്ങിയതുമുതൽ ചെന്നൈ ടീമിന്റെ ബാറ്റിങ് നെടുംതൂണായിരുന്ന റെയ്‌ന കഴിഞ്ഞദിവസമാണ് എല്ലാത്തരം ക്രിക്കറ്റിൽനിന്നു തന്റെ വിരമിക്കൽ പ്രഖ്യാപിച്ചത്. ശേഷം നിലവിൽ റെയ്‌ന റോഡ് സേഫ്റ്റി വേൾഡ് സീരിസിൽ ഇന്ത്യൻ ലെജൻഡ്സ് ടീമിനായി കളിക്കുന്നുണ്ട്. ചെന്നൈ സൂപ്പർ കിങ്സ് ടീം ഉടമകളുടെ ദക്ഷിണാഫ്രിക്കൻ t20 ലീഗ് ടീമായ ജോബർഗ് സൂപ്പർകിംഗ്സിൽ റെയ്ന ഇത്തവണ കളിക്കുമെന്ന അഭ്യൂഹങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. നിലവിൽ ഇന്ത്യൻ ക്രിക്കറ്റ് കരാർ അവസാനിപ്പിച്ച റെയ്നയ്ക്ക് ദക്ഷിണാഫ്രിക്കയുടെ ലീഗിലേക്ക് യോഗ്യത ലഭിക്കും.
എന്നാൽ ഇക്കാര്യം സംബന്ധിച്ച് കൃത്യമായ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. റെയ്നയെ ജോബർഗ് ടീമിൽ എത്തിക്കാൻ പ്രധാനമായും മൂന്ന് കാരണങ്ങളാണ് ഉള്ളത്. അതിൽ ഒന്ന് റെയ്നയുടെ ക്യാപ്റ്റൻസി മികവാണ്. നിലവിൽ ഫാഫ് ഡ്യൂപ്ലിസിസിനെ ജോബർഗ് ക്യാപ്റ്റനായി നിശ്ചയിച്ചിട്ടുണ്ടെങ്കിലും, ധോണിയോടൊപ്പം കുറച്ചധികം നാൾ കളിച്ച ക്രിക്കറ്റർ എന്ന നിലയിൽ റേയ്നയുടെ പാഠവങ്ങൾ ടീമിന് അനുകൂലമായി മാറും.
മാത്രമല്ല ഐപിഎല്ലിൽ ഗുജറാത്ത് ടീമിനെ നയിച്ച പാരമ്പര്യവും റെയ്‌നയ്ക്കുണ്ട്. കൂടാതെ റെയ്നയ്ക്ക് ദക്ഷിണാഫ്രിക്കൻ പിച്ചിലുള്ള റെക്കോർഡുകൾ വളരെ മികച്ചതാണ്. 2009ൽ ദക്ഷിണാഫ്രിക്കയിൽ വച്ച് നടന്ന ഐപിഎല്ലിൽ 14 മത്സരങ്ങളിൽനിന്ന് 434 റൺസ് റെയ്ന നേടിയിട്ടുണ്ട്. മാത്രമല്ല ഇന്ത്യക്കായി അഞ്ചു ട്വന്റി20 മത്സരങ്ങളിൽ നിന്ന് 133 റൺസും റെയ്‌ന ദക്ഷിണാഫ്രിക്കയിൽ നേടിയിട്ടുണ്ട്.
ജോബർഗ് ടീമിൽ റെയ്‌ന കളിക്കാനുള്ള മറ്റൊരു സാധ്യത തെളിയുന്നത് റെയ്നയുടെ ജനപിന്തുണയിൽ കൂടെയാണ്. ലോകത്താകമാനം ആരാധകരുള്ള ക്രിക്കറ്ററാണ് റെയ്ന. പുതുതായി തുടങ്ങുന്ന ട്വന്റി20 ലീഗ് എന്നാ നിലയിൽ ചിന്തിച്ചാൽ റെയ്‌നയുടെ സാന്നിധ്യം ജോബർഗ് ടീമിന് ഒരുപാട് ജനപിന്തുണ നൽകും. ഇക്കാര്യങ്ങൾ കണക്കിലെടുത്താൽ റെയ്‌ന ജോബർഗ് ടീമിൽ കളിക്കാൻ സാധ്യതകളേറെയാണ്.