തന്റെ വിരമിക്കലിന് ശേഷം അബുദാബി ടി10 ലീഗിൽ കളിക്കാൻ സുരേഷ് റെയ്ന. ടൂർണമെന്റിൽ ഡെക്കാൻ ഗ്ലാഡിയേറ്റേഴ്സ് ടീമിനായാണ് റെയ്ന കളിക്കാൻ തയ്യാറായിരിക്കുന്നത്. ടീമിനായി റെയ്‌ന സൈൻ ചെയ്തതായി ഡെക്കാൻ ഗ്ലാഡിയേറ്റേഴ്സ് തങ്ങളുടെ ട്വിറ്ററിൽ അറിയിച്ചു. മുൻപ് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച റൈന താൻ ഫ്രാഞ്ചൈസി ക്രിക്കറ്റിൽ തുടരുമെന്ന് അറിയിച്ചിരുന്നു.
“ലോകകപ്പ് വിന്നർ സുരേഷ് റെയ്‌ന ഗ്ലാഡിയേറ്റർസ് ടീമിനായി കളിക്കും. ഇന്ത്യൻ നിരയിലെ ഏറ്റവും മികച്ച ബാറ്റർമാരിൽ ഒരാളായുള്ള റെയ്ന ആദ്യമായാണ് അബുദാബി ടി10 ലീഗിൽ കളിക്കുന്നത്. കാത്തിരിക്കുന്നു.”- ഇതായിരുന്നു ഡെക്കാൻ ഗ്ലാഡിയേറ്റർസ് തങ്ങളുടെ ട്വിറ്ററിൽ കുറിച്ചത്. റെയ്നയ്ക്കൊപ്പം ആൻഡ്രെ റസൽ, നിക്കോളാസ് പൂറൻ, ജേസൻ റോയ്, ഒഡിയൻ സ്മിത്ത്, ടസ്‌കിൻ അഹമ്മദ് തുടങ്ങിയവരും ഡെക്കാൻ ഗ്ലാഡിയേറ്റേഴ്സ് ടീമിലുണ്ട്.
കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിൽ നിന്നും സുരേഷ് റെയ്‌ന തന്റെ വിരമിക്കൽ പ്രഖ്യാപിച്ചത്. ശേഷം ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, യുഎഇ തുടങ്ങിയ രാജ്യങ്ങളിലെ ട്വന്റി20 ലീഗ്കളിൽ കളിക്കുമെന്നാണ് റെയ്‌ന പറഞ്ഞത്. റോഡ് സേഫ്റ്റി വേൾഡ് സിരിസിൽ ഇന്ത്യ ലജൻസ് ടീമിനായും റെയ്ന കളിച്ചിരുന്നു.
ഇന്ത്യക്കായി 13 വർഷം നീണ്ട റെയ്നയുടെ കരിയറിൽ അദ്ദേഹം 18 ടെസ്റ്റ് മത്സരങ്ങളും 226 ഏകദിനങ്ങളും 78 ട്വന്റി20കളും കളിച്ചിട്ടുണ്ട്. 226 ഏകദിനങ്ങളിൽ നിന്ന് 5615 റൺസും, 78 ട്വന്റി20കളിൽ നിന്ന് 1065 റൺസും റൈന ഇന്ത്യക്കായി നേടിയിട്ടുള്ളത്. ഇന്ത്യക്കായി എല്ലാ ഫോർമാറ്റുകളും സെഞ്ച്വറി നേടിയ ആദ്യ കളിക്കാരനായിരുന്നു സുരേഷ് റെയ്ന.