ഇന്ത്യയുടെ ബംഗ്ലാദേശിനെതിരായ ചിറ്റഗ്രാം ടെസ്റ്റിൽ അത്ര മികച്ച ബാറ്റിംഗ് പ്രകടനമായിരുന്നില്ല ഇന്ത്യയുടെ നായകൻ കെഎൽ രാഹുൽ കാഴ്ചവെച്ചത്. മത്സരത്തിന്റെ ആദ്യ ഇന്നിങ്സിൽ 22 റൺസും, രണ്ടാം ഇന്നിങ്സിൽ 23 റൺസുമാണ് രാഹുൽ നേടിയത്. രോഹിത്തിന് പരിക്കേറ്റ സാഹചര്യത്തിലായിരുന്നു രാഹുലിനെ ഇന്ത്യ നായകനാക്കിയത്. രാഹുലിന്റെ ഈ മോശം പ്രകടനങ്ങൾ വരാനിരിക്കുന്ന മത്സരങ്ങളിൽ അയാളെ ബാധിക്കും എന്നാണ് മുൻ ഇന്ത്യൻ താരം വസീം ജാഫർ പറയുന്നത്.
ഒരു ബാറ്റർ എന്ന നിലയ്ക്ക് കെ എൽ രാഹുൽ തന്റെ പ്രകടനങ്ങൾ മെച്ചപ്പെടുത്തേണ്ട സമയമായി എന്ന് ജാഫർ പറയുന്നു. “ഒരു ബാറ്റർ എന്ന നിലയിൽ രാഹുൽ ഒരുപാട് കാര്യങ്ങളിൽ കൃത്യത കൈവരിക്കേണ്ടതുണ്ട്. അയാൾ ബാറ്റ് ചെയ്യുന്ന രീതി വച്ച് നോക്കുമ്പോൾ തന്റെ ഗെയിമിൽ കുറച്ചുകൂടി ശ്രദ്ധിക്കുകയും മുന്നോട്ടു വരികയും ചെയ്യണം. പഴയ കെഎൽ രാഹുലിനെയല്ല നമ്മൾ ഇപ്പോൾ കാണുന്നത്. ഒരു ബാറ്റർ എന്ന നിലയിൽ അയാൾ മുൻപിലോട്ട് തന്നെ വരണം.”- വസീം ജാഫർ പറയുന്നു.
“അടുത്ത മത്സരത്തിലെ രാഹുലിന്റെ സ്ഥാനം അല്പം പ്രശ്നത്തിലാണ്. ഇന്ത്യ മത്സരത്തിൽ അഞ്ചു ബോളർമാരുമായി ഇറങ്ങാൻ തീരുമാനിച്ചാൽ പുറത്തിരിക്കേണ്ടി വരുന്ന നിർഭാഗ്യവാൻ രാഹുൽ ആയിരിക്കും. അല്ലാത്തപക്ഷം ഇന്ത്യ നാല് ബോളർമാരുമായി ഇറങ്ങേണ്ടി വന്നേക്കും. ഇക്കാരണങ്ങൾ കൊണ്ടുതന്നെ അവസാന ടെസ്റ്റിൽ ഇന്ത്യ ആരെയാവും ഒഴിവാക്കുക എന്നത് ചോദ്യം തന്നെയാണ്.”- ജാഫർ കൂട്ടിച്ചേർക്കുന്നു.
കഴിഞ്ഞ 13 ടെസ്റ്റ് ഇന്നിംഗ്സുകളിൽ നിന്ന് കേവലം ഒരു അർത്ഥസെഞ്ച്വറി മാത്രമാണ് രാഹുലിന് നേടാൻ സാധിച്ചത്. ഇടയ്ക്ക് വന്നു പോകുന്ന പരിക്കും രാഹുലിനെ ഒരു പരിധിവരെ പിന്നോട്ടടുപ്പിച്ചിട്ടുണ്ട്. എന്തായാലും തിരികെ ഫോമിലെത്തേണ്ടത് രാഹുലിന്റെ ആവശ്യം തന്നെയാണ്.