രാഹുൽ അവിസ്മരണീയ ക്രിക്കറ്റർ!! മോശം പ്രകടനങ്ങൾക്ക് കാരണം ഇതാണ്!!- ഇന്ത്യൻ മുൻ താരം

   

സൂപ്പർ 12ൽ ഇന്ത്യയുടെ രണ്ടു മത്സരങ്ങളാണ് പൂർത്തിയായിരിക്കുന്നത്. ഇനി ഇന്ത്യക്ക് എതിരാളികളാവാൻ പോകുന്നത് ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ്, സിംബാബ്വെ എന്നീ ടീമുകളാണ്. ആദ്യ രണ്ടു മത്സരങ്ങളിൽ വിജയം കണ്ട ഇന്ത്യയെ സംബന്ധിച്ച് ആശങ്കയുണ്ടാക്കുന്ന ഒരേയൊരു കാര്യം ഓപ്പണർ കെ എൽ രാഹുലിന്റെ മോശം ഫോമാണ്. പാക്കിസ്ഥാനെതിരായ മത്സരത്തിൽ എട്ടു പന്തുകൾ നേരിട്ട രാഹുൽ നാല് റൺസായിരുന്നു നേടിയത്. നെതർലാൻഡ്‌സിനെതിരെ 9 റൺസും. ദക്ഷിണാഫ്രിക്ക പോലെ വലിയ രാജ്യങ്ങളുമായി മത്സരം നടക്കാനിരിക്കുന്ന സാഹചര്യത്തിൽ രാഹുലിന്റെ ഫോം ചർച്ചാവിഷയമാണ്. എന്നാൽ രാഹുലിന് പിന്തുണ നൽകി രംഗത്ത് വന്നിരിക്കുന്നത് മുൻ ഇന്ത്യൻ താരം വസീം ജാഫറാണ്.

   

രാഹുൽ ഒരു മികച്ച കളിക്കാരൻ തന്നെയാണ് എന്നാണ് വസീം ജാഫറുടെ പക്ഷം. “നമ്പരുകൾ സൂചിപ്പിക്കുന്നതിലപ്പുറം രാഹുൽ ഒരു ഭേദപ്പെട്ട കളിക്കാരൻ തന്നെയാണ്. ഓസ്ട്രേലിയയിലേക്കുള്ള ഇന്ത്യയുടെ കഴിഞ്ഞ പര്യടനത്തിൽ മികച്ച ഫോമിലായിരുന്നു രാഹുൽ കളിച്ചത്. ശേഷം പരിക്ക് പറ്റുകയും തിരിച്ചുവരവ് നടത്തുകയും ചെയ്തു. പരിക്ക് രാഹുലിന്റെ ബാറ്റിംഗിന്റെ താളം തെറ്റിക്കുന്ന ഒരു ഘടകമാണ്.”- വസീം ജാഫർ പറയുന്നു.

   

“കഴിഞ്ഞ നാളുകളിൽ പലതവണ രാഹുലിനെ പരിക്ക് പിടികൂടി. ഒരുപക്ഷേ രാഹുലിന്റെ മോശം ഫോമിന് അത് കാരണമായേക്കാം. എന്നിരുന്നാലും അയാൾ തന്റെ നമ്പരുകൾ ഉയർത്തേണ്ടത് ആവശ്യമാണ്. ടെസ്റ്റ് ക്രിക്കറ്റിലും ഏകദിനങ്ങളിലും ട്വന്റി20കളിലും ഒരു അവിസ്മരണീയമായ കളിക്കാരൻ തന്നെയാണ് കെ എൽ രാഹുൽ.”- വസീം ജാഫർ കൂട്ടിച്ചേർക്കുന്നു.

   

ഞായറാഴ്ചയാണ് ഇന്ത്യയുടെ ദക്ഷിണാഫ്രിക്കയ്ക്കെതിരായ സൂപ്പർ 12 മത്സരം നടക്കുക. മത്സരത്തിൽ വിജയം കണ്ടാൽ ഇന്ത്യ തങ്ങളുടെ സെമിഫൈനൽ സാധ്യതകൾ ഏറെക്കുറെ ഉറപ്പാക്കും. എന്നാൽ ഈ മത്സരത്തിൽ രാഹുലടക്കമുള്ളവരുടെ വമ്പൻ പ്രകടനങ്ങൾ ഇന്ത്യയ്ക്ക് ആവശ്യം തന്നെയാണ്.

Leave a Reply

Your email address will not be published. Required fields are marked *