രാഹുൽ കളിക്കേണ്ടത് ഈ സമീപനത്തോടെയാണ്!! സൽമാൻ ബട്ട് പറയുന്നു!!

   

ഇന്ത്യയുടെ കഴിഞ്ഞ മത്സരങ്ങളിലൊക്കെയും മോശം ബാറ്റിംഗ് പ്രകടനങ്ങളാണ് കെ എൽ രാഹുൽ കാഴ്ചവയ്ക്കുന്നത്. ലോകകപ്പിൽ സൂപ്പർ 12ലെ ആദ്യ മത്സരം മുതൽ രാഹുൽ ഇത് ആവർത്തിക്കുകയാണ്. പാക്കിസ്ഥാനെതിരായ ഇന്ത്യയുടെ ആദ്യ മത്സരത്തിൽ എട്ടു പന്തുകളിൽ 4 റൺസ് മാത്രമായിരുന്നു രാഹുൽ നേടിയത്. ശേഷം നെതർലണ്ട്സിനും ദക്ഷിണാഫ്രിക്കക്കുമെതിരെ 9 റൺസ് വീതവും രാഹുൽ നേടി. രാഹുലിന്റെ ബാറ്റിംഗ് സമീപനത്തിൽ മാറ്റം വരുത്തേണ്ടതുണ്ട് എന്നാണ് മുൻ പാക്ക് ക്രിക്കറ്റർ സൽമാൻ ബട്ട് ഇപ്പോൾ പറയുന്നത്.

   

രാഹുൽ കുറച്ചു കൂടി ആക്രമണപരമായി കളിക്കണമെന്ന് സൽമാൻ ആവശ്യപ്പെടുന്നു. “രാഹുൽ കുറച്ചുകൂടി അക്രമണപരമായ സമീപനം സ്വീകരിക്കണം. വെസ്റ്റേൺ ഓസ്ട്രേലിയക്കെതിരായ പരിശീലന മത്സരത്തിൽ അയാൾ ഒരുപാട് ഷോട്ടുകൾ കളിച്ചിരുന്നു. അതിനു മൂല്യം ലഭിക്കുകയും ചെയ്തു. എനിക്ക് തോന്നുന്നത് പേർത്തിലെ സാഹചര്യങ്ങൾ വെല്ലുവിളി ഉയർത്തുന്നതിനാലാണ് രാഹുൽ യാഥാസ്ഥിതികമായ സമീപനം നടത്തിയത് എന്നാണ്. എന്നാൽ അത് അഭികാമ്യമായിരുന്നില്ല.”- സൽമാൻ ബട്ട് പറഞ്ഞു.

   

“ഇന്നിംഗ്സിന്റെ തുടക്കത്തിൽ ഒരു സിക്സ് നേടിയെങ്കിലും സ്ലിപ്പിന് ക്യാച്ച് നൽകി കെ എൽ രാഹുൽ പുറത്താവുകയാണുണ്ടായത്. അയാൾ ഷോട്ടുകൾ കളിക്കാൻ ശ്രമിച്ചില്ല. തുടക്കത്തിൽ വമ്പൻഷോട്ടുകൾക്ക് മടി തോന്നുന്നുവെങ്കിൽ രാഹുൽ കുറച്ച് സിംഗിൾ നേടി പിച്ചിന്റെ സ്ഥിതി മനസ്സിലാക്കണം. ലെങ്തും ലൈനും മനസ്സിലാക്കിയശേഷം ആക്രമിക്കണം.”- സൽമാൻ ബട്ട് കൂട്ടിച്ചേർത്തു.

   

മുൻപ് ഓസ്ട്രേലിയക്കും വെസ്റ്റേൺ ഓസ്ട്രേലിയക്കുമെതിരായ പരിശീലന മത്സരങ്ങളിൽ കെഎൽ രാഹുൽ അർത്ഥസെഞ്ച്വറികൾ നേടിയിരുന്നു. എന്നാൽ സൂപ്പർ പന്ത്രണ്ടിലെ മത്സരങ്ങളിൽ ആ ഫോം തുടരാൻ രാഹുലിന് സാധിച്ചില്ല. ഇന്ത്യയുടെ അടുത്ത മത്സരങ്ങൾ വളരെയധികം നിർണായകമായതിനാൽ തന്നെ രാഹുൽ ഫോം കണ്ടെത്താത്ത പക്ഷം പ്ലെയിങ് ഇലവന് പുറത്തിരുത്തേണ്ടി വരും. ബുധനാഴ്ച ബംഗ്ലാദേശിനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം നടക്കുക.

Leave a Reply

Your email address will not be published. Required fields are marked *