ഇന്ത്യയുടെ ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റിൽ മികച്ച പ്രകടനം തന്നെയാണ് ഓപ്പണർ ശുഭ്മാൻ ഗിൽ കാഴ്ചവച്ചത്. മത്സരത്തിന്റെ രണ്ടാം ഇന്നിങ്സിൽ ഗിൽ സെഞ്ച്വറി നേടുകയുണ്ടായി. ഇന്നിങ്സിൽ 152 പന്തുകൾ നേരിട്ട ഗിൽ 110 റൺസായിരുന്നു നേടിയത്. ഗില്ലിന്റെ ഈന്നിങ്സാണ് മത്സരത്തിൽ ഇന്ത്യയ്ക്ക് മുൻതൂക്കം നൽകിയത്. ഈ തകർപ്പൻ ഇന്നിംഗ്സ് കൊണ്ട് പണി കിട്ടിയിരിക്കുന്നത് ഇന്ത്യയുടെ നിലവിലെ നായകനായ കെഎൽ രാഹുലിനാണ് എന്നാണ് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര പറയുന്നത്.
ആദ്യ ടെസ്റ്റിൽ കെഎൽ രാഹുൽ ചെറിയ സ്കോർ നേടിയത് അയാളെ ബാധിക്കും എന്നും ചോപ്ര പറയുന്നു. “രാഹുൽ രണ്ട് ഇന്നിങ്സിലും ചെറിയ സ്കോർ നേടിയത് അയാളെ ബാധിക്കാൻ സാധ്യതയുണ്ട്. ആദ്യ ഇന്നിങ്സിൽ എഡ്ജിൽ കൊണ്ട് ക്യാച്ച് നൽകി രാഹുൽ പുറത്തായപ്പോൾ, രണ്ടാം ഇന്നിങ്സിൽ ബൗൺസർ ട്രാപ്പിൽ പെടുകയായിരുന്നു. രാഹുൽ ഒരു മാസ്മരിക ക്രിക്കറ്ററാണ്. പക്ഷേ ശുഭ്മാൻ ഗിൽ ഇപ്പോൾ മികച്ച രീതിയിൽ കളിക്കുന്നു. അതിനാൽതന്നെ രോഹിത് തിരികെ വരുമ്പോൾ ആരെയാവും ഇന്ത്യ പുറത്താക്കുക?”- ആകാശ് ചോപ്ര പറയുന്നു.
“ശുഭ്മാൻ ഗിൽ ആദ്യ ഇന്നിങ്സിൽ നേരത്തെ പുറത്തായി. എന്നാൽ രണ്ടാം ഇന്നിങ്സിൽ 110 റൺസ് നേടി. എപ്പോഴൊക്കെ അവന് അവസരം നൽകിയാലും, അവനത് ഇരുകൈകളും നീട്ടി സ്വീകരിക്കും. അങ്ങനെ സെലക്ട്മാർക്ക് മധുരകരമായ തലവേദന നൽകും. ഈ സാഹചര്യത്തിൽ നമ്മൾ എങ്ങനെയാണ് അയാളെ മാറ്റിനിർത്തുന്നത്? “- ചോപ്ര ചോദിക്കുന്നു.
മത്സരത്തിന്റെ രണ്ടാം ഇന്നിങ്സിൽ പത്തു ബൗണ്ടറുകളും മൂന്ന് സിക്സറുകളുമായിരുന്നു ശുഭ്മാൻ ഗിൽ നേടിയത്. ഒപ്പം പൂജാരയുമൊത്ത് രണ്ടാം ഇന്നിങ്സിൽ 113 റൺസിന്റെ കൂട്ടുകെട്ടും ഗിൽ കെട്ടിപ്പടുക്കുകയുണ്ടായി.