പൂജാര വൈസ് ക്യാപ്റ്റനായത് എങ്ങനെയെന്നു തനിക്കറിയില്ലെന്ന് രാഹുൽ!! പന്തിനെ ബിസിസിഐ തട്ടിയോ?

   

ഇന്ത്യയുടെ ന്യൂസിലാൻഡിനെതിരായ ഏകദിന-ട്വന്റി20 പരമ്പരകളിൽ പന്ത് ആയിരുന്നു ഇന്ത്യയുടെ വൈസ് ക്യാപ്റ്റൻ. ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിൽ രോഹിത്തിന്റെ അഭാവത്തിൽ രാഹുൽ നായകനാകുമ്പോൾ, പന്തുതന്നെ ഉപനായകനാകുമെന്ന് എല്ലാവരും കരുതി. എന്നാൽ എല്ലാവരെയും അത്ഭുതപ്പെടുത്തി ഇന്ത്യ തങ്ങളുടെ ബാറ്റർ ചെതേശ്വർ പൂജാരയെ ഉപനായകനായി പ്രഖ്യാപിക്കുകയായിരുന്നു. ഇതിനെപ്പറ്റി വാർത്താസമ്മേളനത്തിൽ ക്യാപ്റ്റൻ കെ എൽ രാഹുലിനോട് ചോദ്യം ഉന്നയിക്കുകയുണ്ടായി. എന്നാൽ പൂജാരയെ ഉപനായകനാക്കിയതിന് പിന്നിലെ മാനദണ്ഡം എന്തെന്ന് തനിക്കറിയില്ല എന്നാണ് രാഹുൽ മറുപടി നൽകിയത്.

   

ആര് ഉപനായകനായാലും തങ്ങളുടെ കർത്തവ്യം ഭംഗിയായി ചെയ്യാനാണ് ശ്രമിക്കേണ്ടതെന്നും കെ എൽ രാഹുൽ പറയുകയുണ്ടായി. “ഇതിനു പിന്നിലെ മാനദണ്ഡം എന്താണ് എന്നതിനെപ്പറ്റി എനിക്കറിയില്ല. ആര് ഉപനായകനായാലും നമ്മൾ ആ കർത്തവ്യം ഭംഗിയായി നിർവഹിക്കുകയാണ് ചെയ്യേണ്ടത്. എന്നെ സംബന്ധിച്ച് ഞാൻ ഉപനായകനായപ്പോൾ ടീമിലെ ഉത്തരവാദിത്വം നിറവേറ്റുന്നതിൽ സന്തോഷം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇങ്ങനെ ഒരു ഉത്തരവാദിത്വം ലഭിച്ചതുകൊണ്ട് ഒരുപാട് മാറ്റങ്ങൾ ഒന്നും വരില്ല.

   

ടീമിലുള്ള എല്ലാവർക്കും തങ്ങളുടെ റോളുകളും ഉത്തരവാദിത്വങ്ങളും അറിയാം. എല്ലാവരുടെയും സംഭാവന ടീമിന് ആവശ്യവുമാണ്.”- കെ എൽ രാഹുൽ പറയുന്നു. ഇതോടൊപ്പം പന്തും പൂജാരയും ടീമിന്റെ നിർണായക ഘടകങ്ങളാണെന്നും രാഹുൽ പറയുകയുണ്ടായി. “പന്തും പൂജാരയും ഇന്ത്യക്കായി മികച്ച പ്രകടനങ്ങളാണ് കാഴ്ചവെച്ചിട്ടുള്ളത്. അവർ അവരുടെ ജോലി എല്ലായിപ്പോഴും നന്നായി ചെയ്യാറുണ്ട്. അതിനാൽതന്നെ ഇക്കാര്യത്തിൽ ഞങ്ങൾ അധികം ചിന്തിക്കാറില്ല.”- രാഹുൽ കൂട്ടിച്ചേർക്കുന്നു.

   

“ആര് ഉപനായകനായാലും അയാൾ തന്റെ ഉത്തരവാദിത്വം മനസ്സിലാക്കി ടീമിനെ മുൻപോട്ടു കൊണ്ടുപോകാൻ ശ്രമിക്കണം. ജയിക്കുമ്പോൾ നമ്മൾ 11 പേരുമാണ് ജയിക്കുന്നത്. പരാജയപ്പെടുമ്പോഴും അങ്ങനെതന്നെ.”- രാഹുൽ പറഞ്ഞുവെക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *