ഇന്ത്യയുടെ ഏഷ്യകപ്പ് സ്ക്വാഡ് വിവരങ്ങൾ പുറത്തുവന്നതുമുതൽ ഇന്ത്യൻ ടീം സംബന്ധിച്ച് ചോദ്യങ്ങൾ ഉയരുന്നുണ്ട്. ഒരുപാട് ബാറ്റർമാർ ഇന്ത്യക്കായി കഴിഞ്ഞ മത്സരങ്ങളിൽ ഫോമിൽ ആയതിനാൽതന്നെ ഒരുപാട് ആശയക്കുഴപ്പങ്ങൾ ഇന്ത്യയുടെ ലൈനപ്പിലുണ്ട്. ഇക്കാര്യത്തിൽ തന്റേതായ അഭിപ്രായം രേഖപ്പെടുത്തി മുൻപിലേക്ക് വന്നിരിക്കുന്നത് ഇന്ത്യയുടെ മുൻ വിക്കറ്റ് കീപ്പറായ പാർഥിവ് പട്ടേലാണ്.
2022 ഏഷ്യാകപ്പിൽ ഇന്ത്യയ്ക്ക് ദിനേഷ് കാർത്തിക്കിനെയും ഋഷഭ് പന്തിനെയും ടീമിൽ ഉൾപ്പെടുത്തേണ്ടിവന്നാൽ രാഹുലിനെ ടീമിൽനിന്ന് ഒഴിവാക്കേണ്ടി വരുമെന്നാണ് പട്ടേൽ പറഞ്ഞുവയ്ക്കുന്നത്. “ഇന്ത്യയെ സംബന്ധിച്ച് സൂര്യകുമാർ യാദവിനെയും ഹർദിക് പാണ്ഡ്യയെയും ഇപ്പോൾ ടീമിന് പുറത്തിരുത്താൻ സാധിക്കില്ല. അതിനർത്ഥം മധ്യനിരയിൽ ഒരു സ്പോട്ട് മാത്രമേ ബാക്കിയുള്ളൂ എന്നാണ്.
അതിനാൽ റിഷഭ് പന്തിനെയോ ദിനേഷ് കാർത്തിക്കിനെയോ ഒഴിവാക്കേണ്ടി വരും.” പാർഥിവ് പറയുന്നു. എന്നാൽ ഇത് ഉത്തമമായ ഒരു തീരുമാനമല്ല എന്നാണ് പാർഥിവിന്റെ പക്ഷം. “രോഹിത്, വിരാട്, രാഹുൽ എന്നീ മൂന്ന് പേരും ടീമിൽ കളിച്ചാൽ ദിനേശ് കാർത്തിക്കിനോ റിഷഭ് പന്തിനോ പുറത്തിരിക്കേണ്ടി വന്നേക്കും. അതുകൊണ്ട് എനിക്ക് തോന്നുന്നത് രോഹിത്തിനൊപ്പം വിരാട് ഇന്നിംഗ്സ് ഓപ്പൺ ചെയ്യണമെന്നാണ്.
അങ്ങനെയെങ്കിൽ സൂര്യകുമാർ യാദവ് മൂന്നാം നമ്പറിലും റിഷഭ് പന്ത് നാലാം നമ്പറിലും കളിക്കണം. കാരണം റിഷഭ് ഒരു ഇടംകയ്യൻ ആണ്. ” പട്ടേൽ കൂട്ടിച്ചേർത്തു. ഇതോടൊപ്പം സ്ക്വാഡിൽ നിന്ന് മുഹമ്മദ് ഷാമിയെ ഒഴിവാക്കിയതിലും പട്ടേൽ പ്രതിഷേധം അറിയിക്കുന്നുണ്ട്. ഐപിഎല്ലിലെ ഫോം വച്ചാണ് ദിനേശ് കാർത്തിക് സ്ക്വാഡിൽ എത്തിയതെങ്കിൽ മുഹമ്മദ് ഷാമിയ്ക്കും സ്‌ക്വാഡിലെത്താൻ യോഗ്യതയുള്ള ക്രിക്കറ്ററാണെന്ന് പാർഥിവ് പറയുന്നു.