ലോകക്രിക്കറ്റ് പ്രേമികളെ തന്നെ ഞെട്ടിച്ച ഒന്നായിരുന്നു ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റിൽ ചേതേശ്വർ പൂജാരയുടെ ബാറ്റിംഗിലുണ്ടായ പരിണാമം. ഇന്ത്യ ടെസ്റ്റ് മത്സരങ്ങൾക്കായി മാത്രം പരിഗണിച്ചിരുന്ന പൂജാരയുടെ മറ്റൊരു മുഖമായിരുന്നു റോയൽ ലണ്ടൻ കപ്പടക്കമുള്ള ടൂർണമെന്റ്കളിൽ കണ്ടത്. എതിർടീമുകളെ തെല്ലും ഭയംകൂടാതെ റൺസടിച്ചുകൂട്ടുന്ന പൂജാരയെ പ്രശംസിച്ച് പല മുൻ ക്രിക്കറ്റർമാരും സംസാരിക്കുകയുണ്ടായി. ഇപ്പോൾ പൂജാരയുടെ ബാറ്റിങ്ങിനെ അഭിനന്ദിച്ചുകൊണ്ട് മുന്നോട്ടുവന്നിരിക്കുന്നത് ഇന്ത്യയുടെ സ്പിന്നർ രവിചന്ദ്രൻ അശ്വിൻ ആണ്.
റോയൽ ഏകദിന പരമ്പരയിൽ പൂജാരയുടെ സ്ട്രൈക്ക് റേറ്റ് ഉയരുന്നതിനെകുറിച്ച് തന്റെ യൂട്യൂബ് ചാനലിലൂടെ സംസാരിക്കുകയായിരുന്നു രവിചന്ദ്രൻ അശ്വിൻ. ഇംഗ്ലീഷ് കൗണ്ടി ടീമുകളെ സംബന്ധിച്ച് പൂജാരയെ പോലെ ഒരു ബാറ്റർ വളരെ പ്രാധാന്യമുള്ളതാണെന്ന് അശ്വിൻ പറയുന്നു. കൂടാതെ ഇംഗ്ലീഷ് കൗണ്ടിയിലെ ഒട്ടുമിക്ക കളിക്കാരും ഇംഗ്ലണ്ടിലെ ഹൺഡ്രഡ്സ് ക്രിക്കറ്റിനായി പോയതിനാൽ പൂജാരയെപ്പോലെ അനുഭവസമ്പത്തുള്ള കളിക്കാരുടെ സാന്നിധ്യം ടീമുകൾക്ക് ഗുണം ചെയ്യുമെന്നും അശ്വിൻ പറഞ്ഞുവയ്ക്കുന്നുണ്ട്.
“പൂജാരയുടെ അനുഭവസമ്പത്തും കഴിവുകളും വെച്ച് അദ്ദേഹം ഒരു മികച്ച ബാറ്ററാണ്. ഇപ്പോൾ അദ്ദേഹം മികച്ച ഫോമിലുമാണ്. ഇപ്പോൾ കൗണ്ടി ക്രിക്കറ്റിൽ പൂജാര ഒരുപാട് റൺസ് നേടുന്നുണ്ട്. അതും വളരെ നല്ല സ്ട്രൈക്ക് റേറ്റിൽ. ഒരു ഇന്ത്യൻ മധ്യനിര ബാറ്റർ ഈ നിരക്കിൽ റൺസ് നേടുന്നത് എല്ലാവർക്കും ഗുണമാണ്. ഐപിഎല്ലിലെ ഇത്തവണത്തെ ലേലം അടുത്തുവരികയാണ്. ടീമുകളിൽ പലരും പൂജാരയുടെ ഈ പരിണാമം ശ്രദ്ധിക്കാൻ സാധ്യതയുണ്ട്.”- അശ്വിൻ പറയുന്നു.
2022ലെ ഐപിഎൽ മെഗാ ലേലത്തിൽ വിറ്റുപോകാത്ത കളിക്കാരനായിരുന്നു പൂജാര. 2021ൽ പൂജാര ചെന്നൈ ടീമിൽ അംഗമായിരുന്നുവെങ്കിലും ടീമിനായി ഒരു മത്സരം പോലും കളിക്കാൻ അവസരം ലഭിച്ചിരുന്നില്ല. നിലവിൽ ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റിൽ 9 മത്സരങ്ങളിൽനിന്ന് 624 റൺസാണ് പൂജാര അടിച്ചുകൂട്ടിയിരിക്കുന്നത്.